ചിത്രീകരണം: സൂര്യജ എം.

മരോട്ടി ഉപമയെ വെല്ലും പ്രകാരം

തീണ്ടാരിപ്പെണ്ണുങ്ങള്‍

തുണിയലക്കി

നടുനിവര്‍ത്തിക്കുഴയാറില്ല.

ലോലമേനി തഴുകി

പായല്‍ ജലം

ഇക്കിളിപൂണ്ടില്ല.



ആമ്പല്‍ വള്ളികള്‍ക്കാശ്വസിപ്പിക്കാന്‍

ഇല്ലായിരുന്നു

വെള്ളത്തെക്കീറിയ

കെെതോലമുള്ളില്‍ കുരുങ്ങിയ

നീള്‍മുടി നാരുകള്‍.

ആണുങ്ങള്‍ മാത്രമിറങ്ങുന്ന

ഒരൊറ്റക്കടവിന്‍റെ വിയര്‍പ്പില്‍

ദേവശുദ്ധിയില്‍

നാണമില്ലാതെ

ഏകാന്തതയോട് മല്ലിട്ടു

കളരിക്കുളം.



തന്നിലേക്ക് ചാഞ്ഞ

മരോട്ടിച്ചില്ലയിലെ കായ് വടിവ് കണ്ട്

നെടുവീര്‍പ്പിട്ടു എന്നും കടവ്.

ഒന്ന് കാണാനോ തൊടാനോ ആവാത്ത

വഷളന്‍ തോന്നലില്‍

കെെതരിച്ച് നിന്നു..



നേരിട്ടു,

ഒറ്റ മുനപ്പുമായ്

തീ പടര്‍ത്തും

ഉള്‍വേവൊതുക്കി

കുളത്തെ, വിശുദ്ധിയെ

പരുക്കന്‍ നേരുമായ്;

ഉപമയെ വെന്നു

മരോട്ടിക്കായ്.

Tags:    
News Summary - parasad kakkassery poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.