വാർണർ-കുൽദീപ് 'ഷോ'; കൊൽക്കത്തയെ തകർത്ത് ഡൽഹി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പേഴ്സായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 44 റൺസ് വിജയം. ഡേവിഡ് വാർണർ (45 പന്തിൽ 61), പൃഥ്വി ഷാ (29 പന്തിൽ 51), ശർദുൽ ഠാക്കൂർ (11 പന്തിൽ 29 നോട്ടൗട്ട്), ഋഷഭ് പന്ത് (14 പന്തിൽ 27), അക്സർ പട്ടേൽ (14 പന്തിൽ 22 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിൽ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 19.4 ഓവറിൽ 171 റൺസിന് പുറത്തായി.

ശ്രേയസ് അയ്യർ (54), നിതീഷ് റാണ (30), വെങ്കിടേഷ് അയ്യർ (18), ആ​ന്ദ്രേ റസൽ (24) എന്നിവർക്ക് മാത്രമാണ് കെ.കെ.ആർ നിരയിൽ പിടിച്ചുനിൽക്കാനായത്. നാലോവറിൽ 35 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കൊൽക്കത്തയെ മെരുക്കിയത്. 16ാമത്തെ ഓവറിൽ പാറ്റ് കമ്മിൻസ് (4), സുനിൽ നരെയ്ൻ (4), ഉമേഷ് യാദവ് (0) എന്നിവരെ വീഴ്ത്തിയാണ് കുൽദീപ് കെ.കെ.ആറിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. വെങ്കിടേഷ് അയ്യർ (18), അജിൻക്യ രഹാനെ (8), സാം ബില്ലിങ്സ് (15), റാസിക് സലാം (7), വരുൺ ചക്രവർത്തി (1 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ഡൽഹിക്കായി ഖലീൽ അഹ്മദ് മൂന്നും ശർദുൽ ഠാക്കൂർ രണ്ട് വിക്കറ്റും നേടി. ലലിത് യാദവ് ഒരുവിക്കറ്റ് വീഴ്ത്തി. 


ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പവർ​പ്ലേ ഓവറുകളിൽ ആഞ്ഞടിച്ച വാർണറും ഷായും 68 റൺസ് ചേർത്തു. സ്കോർ 93ൽ എത്തി നി​ൽക്കേ ഷായെ വീഴ്ത്തി വരുൺ ചക്രവർത്തിയാണ് കൊൽക്കത്തക്ക് ബ്രേക്ക്ത്രൂ നൽകിയത്. 27 പന്തിൽ രണ്ട് സിക്സും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിങ്സ്.


പത്താം ഓവറിന്റെ അവസാന പന്തിൽ ഡൽഹി 100 കടന്നു. ഇതിനിടെ 35 പന്തിൽ നിന്ന് വാർണർ അർധസെഞ്ച്വറി നേടി. രണ്ടാം വിക്കറ്റിൽ പന്തും വാർണറും ചേർന്ന് 52 റൺസ് ചേർത്തു. പിന്നാലെ പന്തിനെ ഉമേഷിന്റെ കൈകളിലെത്തിച്ച് ആ​ന്ദ്രേ റസൽ കൂട്ടുകെട്ട് പൊളിച്ചു. മൂന്ന് റൺസ് കൂടി ചേർക്കുന്നതിനിടെ ലളിത് യാദവിനെ (1) സുനിൽ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കി. റോവ്മാൻ പവൽ (8) നരെയ്ൻ മുന്നിൽ കീഴടങ്ങി. സ്കോർ 166ൽ എത്തി നിൽക്കേ വാർണറിനെ രഹാനെയുടെ കൈളിലെത്തിച്ച് ഉമേഷ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ അവസാന 20 പന്തുകളിൽ നിന്ന് 49 റൺസ് ചേർത്ത് അക്സറും ശർദുലും ഡൽഹിയെ 200 കടത്തി.

Tags:    
News Summary - Delhi Capitals beat Kolkata Knight Riders by 44 runs in IPL 202

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.