അന്തരിച്ച വിഖ്യാത അർജൻ്റീനിയൻ ചലച്ചിത്രകാരൻ ഫെർണാണ്ടോ സൊളാനസും ഭാര്യ അംഗലെ കൊറിയയും 2019 ഐ.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് എത്തിയപ്പോൾ

സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തുകയല്ല, സിനിമ തന്നെ രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു വിഖ്യാത അർജൻറീനിയൻ ചലച്ചിത്രകാരൻ ഫെർണാണ്ടോ സൊളാനസ്. ചലച്ചിത്ര പ്രവർത്തകരിലെ വിപ്ലവകാരിയെന്നും വിപ്ലവ പ്രവർത്തകരിലെ ചലച്ചിത്രകാരനെന്നും ഒരു പോലെ വിശേഷിപ്പിക്കപ്പെടുന്നു ഈ 84 കാരൻ.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കാമറയെ സമരായുധമാക്കിയാണ് ഈ സംവിധായക പ്രതിഭ ലോകസിനിമയെ പിടിച്ചുലച്ചത്. രാഷ്ട്രീയ സിനിമകൾക്ക് പുതിയൊരു പ്രത്യയശാസ്ത്രവും സൈദ്ധാന്തിക ഭാഷയും ദൃശ്യാടിത്തറയും നൽകി സൊളാനസും ഒക്ടേവിയോ ഗെറ്റിനോയും ചേർന്നൊരുക്കിയ ഗറില്ലാ സിനിമയെന്ന മൂന്നാം സിനിമ സങ്കൽപം, ഐസൻസ്റ്റീനിന്‍റെ 'മൊണ്ടാഷ്' എന്ന ആഖ്യായനത്തിനു ശേഷം ലോകസിനിമ കണ്ട കൊടുങ്കാറ്റായിരുന്നു.

ഈ കൊടുങ്കാറ്റിന് തുടക്കമിട്ട് ഇരുവരും ചേർന്നൊരുക്കിയ 'ദി അവർ ഓഫ് ദി ഫർണസസ്' (1968) സൊളാനസിനെ ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെയും ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെയും മുൻനിരയിലെത്തിച്ചു. വാണിജ്യ താൽപര്യങ്ങൾ മാത്രമുള്ള ഹോളിവുഡിനെയും അതിനോടുള്ള ചെറുത്ത് നിൽപ്പെന്ന് കരുതപ്പെട്ട യൂറോപ്യൻ കലാസിനിമകളെയും ഒരേ സമയം വെല്ലുവിളിച്ചും സിനിമാനോവോ എന്ന ബ്രസീലിയൻ നവ സിനിമാധാരയെ മറികടന്നുമാണ് ജനകീയ രാഷ്ട്രീയത്തിലൂന്നിയ മൂന്നാം സിനിമയെന്ന സങ്കൽപത്തിലൂടെ വിമോചന പോരാട്ടത്തിന് അർജന്‍റീനിയൻ ജനതയെ സജ്ജരാക്കാൻ സൊളാനസിന് കഴിഞ്ഞത്.

നാടിന്‍റെ മോചനത്തിന് ജനകീയ പോരാട്ടം അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ സൊളാനസും ഒക്ടോവിയോയും അതിസാഹസികമായി സ്വീകരിച്ച രഹസ്യ ചലച്ചിത്ര നിർമ്മാണ - പ്രദർശന ശ്രമങ്ങളെ ഒളിപ്പോരായി പരിഗണിച്ചാണ് മൂന്നാം സിനിമയെ ഗറില്ലാ സിനിമയെന്ന വിശേഷണത്തോടെ ലോകം ഏറ്റെടുത്തത്.1970കളിൽ അർജന്‍റീനിയൻ സിനിമയെ ഇളക്കിമറിച്ച ഗ്രൂപോ സിനി ലിബറേഷ്യൻ കൂട്ടായ്മയുടെ മുൻനിരക്കാരനും സോളാനസ് ആയിരുന്നു.

മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിരോധവും മുതലാളിത്ത ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന വ്യക്തമായ രാഷ്ട്രീയം സൊളാനസ്സിന്‍റെ സിനിമകളിൽ കാണാം. ഇടതുപക്ഷ അനുഭാവം കാണിക്കുന്ന സൊളാനസ് ചിത്രങ്ങൾ നവ ലിബറൽ, നിയോ കൊളോണിയൽ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

'ദി അവർ ഓഫ് ദി ഫർണസസ്' പോലുള്ളവ ലാറ്റിനമേരിക്കൻ അധികാര കേന്ദ്രങ്ങളുടെ ചൂഷണ സാധ്യതകളെയാണ് തുറന്നു കാട്ടിയത്. ആക്ടിവിസ്റ്റ് സ്വഭാവം ഉള്ളതിനാൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ പലതും ആസ്വാദനോപാധി എന്നതിലപ്പുറം രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണക്കുന്ന മാധ്യമമായി സ്വീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലെ അർജന്‍റീനിയൻ ചരിത്രത്തെയാണ് സൊളാനസ് സിനിമകൾ പുനരവലോകനം ചെയ്തത്.

ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും ചലച്ചിത്ര രചനകളിൽ ചേർത്തുനിർത്തിയത് തൊഴിലാളിവർഗത്തിനിടയിലെ അദ്ദേഹത്തിന്‍റെ ജനപ്രീതി വർധിപ്പിച്ചു.കാൽ നൂറ്റാണ്ടായി അർജന്‍റീനിയൻ രാഷ്ട്രീയത്തിൽ തന്‍റേതായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്‍റെ കാരണവും മറ്റൊന്നല്ല.20 വർഷമായി അദ്ദേഹം ബ്യൂണസ് അയേഴ്സിനെ പ്രതിനിധീകരിക്കുന്ന ദേശീയ സെനറ്ററാണ്.

നാടകവും സംഗീതവും നിയമവും പഠിച്ച സൊളാനസ് 1962 ൽ സംവിധാനം ചെയ്ത 'കീപ്പ് വാക്കിങ്' എന്ന 20 മിനിട്ട് ഹൃസ്വ ചിത്രത്തിലുടെയാണ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തുന്ന 'ദ അവർ ഒഫ് ദ ഫർണസസ്', അർജന്‍റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകർത്തുവെന്ന് അന്വേഷിക്കുന്ന 'സോഷ്യൽ ജെനോസൈഡ്' തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ സൊളാനസ് ലോകസിനിമയിലെ അതികായനായി മാറാൻ ഏറെ നാൾ വേണ്ടി വന്നില്ല.

നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തിൽ ഉൾപ്പെട്ട 'ദി അവർ ഓഫ് ഫർണസസി'ന് 1974 ൽ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ടാംഗോസ്: എൽ എക്സിലിയോ ഡി ഗാർഡൽ (1985), സർ (1988), ദി ജേർണി (1992), ലാ ന്യൂബ് (1998), മെമ്മോറിയ ഡെൽ സാക്വിയോ ( 2004), തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെപ്രധാന ചലച്ചിത്രങ്ങൾ. തന്‍റെ നീണ്ട കരിയറിൽ സൊളാനസ് വ്യത്യസ്തമായ രണ്ട് ചലച്ചിത്രനിർമാണ രീതികൾ അവലംബിച്ചിട്ടുണ്ട്. തീവ്രവാദവും മിതവാദവും ഒരുപോലെ ഇഴ ചേർന്നിരിക്കുന്ന അവ പാരമ്പര്യത്തെ വെല്ലുവിളിക്കുക, ചൂഷകന്മാരെ പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്തു.

വെനീസ് ചലച്ചിത്രമേളയിൽ ഗ്രാൻഡ് ജൂറി സമ്മാനവും ക്രിട്ടിക്സ് അവാർഡും കാൻസ് ചലച്ചിത്രമേളയിൽ പ്രിക്സ് ഡി ലാ മൈസ് എൻ സ്കീനും സോളാനസ് നേടിയിട്ടുണ്ട് . 2004 ലെ ബെർലിൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തിന് പ്രത്യേക ഓണററി ഗോൾഡൻ ബിയർ ലഭിച്ചു.1976 ൽ സോളനാസ് പാരീസിൽ അഭയം തേടി. 1983 ൽ ജനാധിപത്യത്തിന്‍റെ വരവോടെയാണ് അർജന്‍റീനയിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്‍റെ തുടർന്നുള്ള സിനിമകളിൽ പലതിലും പ്രവാസത്തിന്‍റെ ദുരിതങ്ങളും വേദനകളും നിറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.

രാജ്യത്തിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിൽ പ്രവാസത്തിന്‍റെ നോവുകളെ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ അനുഭവവേദ്യമാക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു. ടാംഗോ സംഗീതവും നൃത്തവും പോലുള്ള തദ്ദേയശീയ കലകളിലെ ആഴത്തിലുള്ള അറിവും ഇതിന് ബലമേകി.അർജന്‍റീന പ്രസിഡന്‍റ് കാർലോസ് മെനമിനെ പരസ്യമായി വിമർശിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല അത്തരമൊരു പരസ്യ വിമർശനത്തിന് മൂന്ന് ദിവസത്തിന് ശേഷം 1991 മെയ് 21 ന് സോളാനസിന്‍റെ കാലിൽ ആറ് തവണ വെടിയേറ്റു.

ആക്രമണത്തിൽ തളരാതെ സോളാനസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നതാണ് പിന്നീട് കണ്ടത്. 2007 ലെ അർജന്‍റീന പൊതുതെരഞ്ഞെടുപ്പിൽ സോളാനസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരുന്നെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. എങ്കിലും ബ്യൂണസ് അയേഴ്സിന്‍റെ സെനറ്റർ എന്ന പദവിയിലേക്ക് അദ്ദേഹമെത്തിയിട്ട് കാൽ നൂറ്റാണ്ടിനോട് അടുക്കുന്നു. മൂന്നാം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ സിനിമകളുടെ സാമൂഹിക-സാംസ്കാരിക ദൗത്യത്തെ കുറിച്ച്

ഒക്ടാവിയോ ഗെറ്റിനോയ്‌ക്കൊപ്പം സൊളാനസ് 1969ൽ രചിച്ച 'ഒരു മൂന്നാം സിനിമയിലേക്ക്' എന്ന മാനിഫെസ്റ്റോ അരനൂറ്റാണ്ടിനിപ്പുറവും വികസ്വര രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനമാണ്.

24ാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ സൊളാനസുമായി നടത്തിയ ഹ്രസ്വ സംഭാഷണത്തിൽ നിന്ന്

? ആർക്കും സിനിമയെടുക്കാമെന്ന അവസ്ഥയിലേക്കാണ് സാേങ്കതിക വളർച്ച. ഇൗ സാഹചര്യത്തിൽ സിനിമ പുനർ നിർവചിക്കപ്പെടേണ്ടതുേണ്ടാ

= ഏത് സാഹചര്യത്തിലും ദൃശ്യകലകളിലെ തമ്പുരാൻ എന്നത് തന്നെയാണ് സിനിമയുടെ നിർവചനം. അഭിനയം, സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി സകല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയിൽ കാണുന്നത്. അതുകൊണ്ടാണ് കലകളിലെ ഒൗന്നിത്യം സിനിമക്ക് സ്വന്തമാകുന്നത്.

കലകളുടെയും ഭാഷകളുെടയുമെല്ലാം അതിശക്തമായ സമ്പൂർണത സിനിമയിൽ ദൃശ്യമാണ്. കണ്ണിന് വേണ്ടിയുള്ള കലകളിൽ അനശ്വരമായി നിൽക്കുന്നതും സിനിമയാണ്. ഇന്ന് നമ്മൾ ചിത്രീകരിച്ച ദൃശ്യങ്ങൾ 100 കൊല്ലം കഴിഞ്ഞാലും പ്രദർശിപ്പിക്കാനുമാകും, ഇതേ ഭാവതീവ്രത അന്ന് അനുഭവിപ്പിക്കാനുമാകും.

വിജ്ഞാനപരമായ, നാടകീയമായ, സാഹിത്യ സമ്പുഷ്ടമായ ഏത് 'മാതൃകകളെയും' ചലച്ചിത്ര രൂപത്തിലേക്ക് (ഡോക്യുമെൻററിയോ ഫിക്ഷനോ എന്തും) മാറ്റാം.

ഒരു ശാസ്ത്രരേഖയെയോ കവിതയെയോ നോവലിനെയോ നാടകത്തെയോ ഒക്കെ. സിനിമ യാഥാർഥ്യമാക്കാൻ കഴിയുന്ന സാഹചര്യങ്ങളാണ് പുനർനിർവചിക്കപ്പെടേണ്ടത്. ഭരണകൂടങ്ങളുടെ നിയന്ത്രണത്തിൻ കീഴിലല്ലാെത, നിബന്ധനകൾക്ക് വിധേയമായല്ലാതെ, ഭരണകൂട സെൻസറിങ് ഇല്ലാതെ സിനിമയെടുക്കാൻ കഴിയണം. സിനിമയെടുക്കുക മാത്രമല്ല. ഇതൊന്നിെൻറയും നിയന്ത്രണമില്ലാതെ പുസ്തകമെഴുതാൻ കഴിയണം, ചിത്രം വരക്കാൻ കഴിയണം, സ്വതന്ത്രമായി ചിന്തിക്കാനെങ്കിലും കഴിയണം. ഞാൻ സിനിമയെടുക്കാൻ തുടങ്ങിയ കാലത്തുണ്ടായിരുന്ന പ്രതിബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ. ഇതാണ് പുനർ നിർവചിക്കപ്പെടേണ്ടത്.

? താങ്കൾ ഒളിവിലിരുന്ന് സിനിമയെടുത്തിട്ടുണ്ട്, നിർമാതാക്കളെ ലഭിക്കാതിരുന്നിട്ടുണ്ട്. ഇപ്പോൾ മൊബൈൽ ഫോണിൽ പോലും സിനിമയെടുക്കാൻ കഴിയുന്ന കാലത്തെ കുറിച്ച് എന്തുതോന്നുന്നു

= ഡിജിറ്റൽ സാേങ്കതികതയുടെ വളർച്ച സിനിമയെ ഏറെ ജനകീയവത്കരിച്ചിട്ടുണ്ട്. സിനിമ നിർമിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും ചലച്ചിത്ര പ്രവർത്തകർക്ക് ലഭിച്ച അനായാസത പ്രേക്ഷകർക്കും ലഭ്യമായി, സാേങ്കതികതയിലൂടെ.

ഇഷ്ടമുള്ള ദൃശ്യസൃഷ്ടി അവർക്ക് നിഷ്പ്രയാസം ലഭിക്കുന്നു. മൊബൈലിൽ സിനിമ നിർമിച്ച് ലാപ്ടോപ്പിൽ പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട് ഇന്ന്. സൗണ്ട് സിങ്ക്റണൈസ് ചെയ്യുന്ന നാഗ്ര പോലുള്ള സംവിധാനം പോലുമില്ലാതെ സിനിമയെടുത്ത ആളുകളാണ് ഞങ്ങൾ.

'ദി അവർ ഒാഫ് ദി ഫർണാസസ്' ഒക്കെ വീടുകളിലും പാർട്ടി ഒാഫിസുകളിലും രഹസ്യമായിട്ടാണ് പ്രദർശിപ്പിച്ചത്. നിർമാതാക്കൾ മുന്നോട്ട് വരാതെയതായപ്പോളാണ് എനിക്ക് സ്വയം സിനിമകൾ നിർമിക്കേണ്ടി വന്നത്. ഇന്നത്തെ ചലച്ചിത്രകാരന്മാർ സിനിമ സ്വയം നിർമിക്കുന്നത് നിർമാതാക്കളെ ലഭിക്കാഞ്ഞിട്ടല്ല. അവരുടെ ഇഷ്ടത്തിന് ചെലവ് കുറച്ച് സിനിമയെടുക്കാൻ സാേങ്കതികത സഹായിക്കുന്നത് കൊണ്ടാണ്.

2002 മുതൽ ഞാനും മാറിമാറി വരുന്ന ചെലവ് കുറഞ്ഞ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ച് 10 ദീർഘ ഡോക്യുമെൻററികൾ നിർമിച്ചിട്ടുണ്ട്. വിവിധ ഫെസ്റ്റിവലുകളിൽ വൻ ബജറ്റിൽ, വിലകൂടിയ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കൊപ്പം അവ പ്രദർശിപ്പിച്ചിട്ടുമുണ്ട്. പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, 'സോഷ്യൽ ജെനോസൈഡ്', 'മെമ്മോറിയ ഡെൽ സക്വീയോ' എന്നിവ അങ്ങിനെ നിർമിച്ച് വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവാർഡിനർഹമായവയാണ്.

'എ ജേർണി ടു ദി ഫ്യൂമിഗേറ്റഡ് ടൗൺസ്‌' കഴിഞ്ഞ വർഷം ബെർലിൻ മേളയിൽ മികച്ച ഡോക്യൂമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ മേളയിലും അത് പ്രദർശിപ്പിച്ചിരുന്നു. കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അർജൻറീനയിൽ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെൻറിയാണത്.

രഹസ്യമായി ചിത്രീകരിക്കേണ്ട സാഹചര്യങ്ങളിലൊക്കെ ആധുനിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്ത് നേരിട്ടിരുന്ന വലിയ വെല്ലുവിളിയായിരുന്നു അത്.

?കൂടുതൽ പേർക്ക് സിനിമയിലെത്താൻ സാങ്കേതികത അവസരമൊരുക്കിയെന്ന് പറയുേമ്പാഴും കലാപരമായ പൂർണത നഷ്ടപ്പെടുന്നതായി ആരോപണങ്ങളുണ്ട്

= ചില സൃഷ്ടികൾ കാണുേമ്പാൾ അതും സമ്മതിക്കേണ്ടി വരും. കലാപരമായ പൂർണത കൈവരണമെങ്കിൽ സാങ്കേതിക അറിവും സംവിധാനങ്ങളും മാത്രം പോര. അതിനുപുറമേ നിരന്തര പരിശീലനവും ആവശ്യമാണ്. ഒരു ചിത്രകാരൻ ദിവസവും പടം വരക്കുന്നതുപോലെ, ഒരു നർത്തകൻ ദിവസവും നൃത്തം ചെയ്യുന്നപോലെ ഒരു ചലച്ചിത്രകാരനും ദിവസവും പരിശീലിക്കണം.

സംഗീതം കാതിനു വേണ്ടിയാണെങ്കിൽ സിനിമ കണ്ണിനുവേണ്ടിയുള്ള കലയാണ്. അപ്പോൾ അതിൻെറ ഓരോ ഫ്രെയിമും പുതുമയുള്ളതായിരിക്കണം. നല്ല മുന്നൊരുക്കവും വേണം. സ്വയം വിശകലനം ചെയ്യണം. സ്വയം വിമർശിക്കണം.

എൻെറ വാക്കുകളെ ചലച്ചിത്ര നിർമാണം സംബന്ധിച്ച ബൈബിൾ വചനങ്ങളായി കാണേണ്ടതില്ല. എന്നാൽ, ഒരു ദൃശ്യസൃഷ്ടിയെ സമീപിക്കുേമ്പാൾ ഞാൻ സ്വയം ചോദിക്കുന്ന നാല് ചോദ്യങ്ങളുണ്ട്.

അവക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാലേ അതുമായി മുന്നോട്ട് പോകുകയുള്ളൂ. എന്തുകൊണ്ട്, ആർക്കുവേണ്ടി, എന്തിനുവേണ്ടി, എങ്ങിനെ അത് ചെയ്യുന്നു എന്നാണ് ഞാൻ സ്വയം ചോദിക്കുക. സ്വയം വിശകലനം ചെയ്തും വിമർശിച്ചുമാണ് ഇവക്കെല്ലാം ഉത്തരം കണ്ടെത്തുക.

ഇതെല്ലാം പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് സ്വയം ചോദിക്കുന്നവയായതിനാൽ ഇവയുടെ തൃപ്തികരമായ ഉത്തരത്തിന് എൻെറ ചലച്ചിത്ര നിർമാണത്തിൽ ഏറെ പ്രാധാന്യമുണ്ട്. യാഥാർഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ് സിനിമയെന്ന ബോധ്യം ചലച്ചിത്ര പ്രവർത്തകർക്ക് ഉണ്ടാകണം. കാമറയെ സമരായുധമാക്കാൻ തീരുമാനിച്ചാൽ പിന്നെ അതിന്‍റെ മുഴുവൻ സാധ്യതകളെയും വിനിയോഗിക്കാൻ കഴിയണം.

? സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള അർജൻറീനയുടെ വളർച്ച കണ്ടയാളാണ്. ഈ വളർച്ചക്ക് താങ്കളുടെ സിനിമകൾ എത്ര കണ്ട് സ്വാധീനിച്ചിട്ടുണ്ട്

= സാധാരണ ജനതക്ക് വേണ്ടി നിലകൊള്ളുകയെന്നതാണ് ഒരു ചലച്ചിത്രകാരൻെറ പ്രഥമ ദൗത്യം. എൻെറ സിനിമകൾ പാവപ്പെട്ടവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി നിർമിക്കപ്പെട്ടവയാണ്. അവ ജനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നതിനുള്ള തെളിവാണ് എനിക്കെതിരെയുണ്ടായ വധശ്രമം.

കാർലോസ് മെനം പ്രസിഡൻറായിരിക്കുേമ്പാൾ 1991ൽ ഒരു സിനിമയുടെ എഡിറ്റിങ് ജോലികൾക്ക് ശേഷം സ്റ്റുഡിയോക്ക് പുറത്തിറങ്ങിയപ്പോളാണ് അജ്ഞാതർ ആറുതവണ വെടിയുതിർത്തത്. കാലിൽ വെടിവെച്ച ശേഷം അവർ ഭീഷണിപ്പെടുത്തിയത് 'ഇത്തവണ കാലിൽ കൊണ്ട വെടിയുണ്ട അടുത്ത തവണ കൃത്യമായി തലയിൽ കൊള്ളും' എന്നാണ്.

എന്നിട്ടും ഭയന്നിട്ടില്ല. ഭരണകൂടത്തെ വിമർശിക്കാനായി കാമറയെ ആയുധമാക്കണമെന്ന് ഞാനെടുത്ത നിലപാട് ശരിയാണെന്നതിെൻറ തെളിവായിട്ടാണ് വധശ്രമത്തെ കണ്ടത്. ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ പകുതിയിലെ അർജൻറീനിയൻ ചരിത്രത്തിൻെറ പുനരവലോകനമായാണ് ഞാൻ സിനിമകൾ ചെയ്തത്.

ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും പരാമർശിക്കുകയും അവരുടെ പ്രാധാന്യം അടയാളപ്പെടുത്തുകയും ചെയ്തത് എൻെറ ജനപ്രീതി വർധിപ്പിച്ചതാണ് ഭരണകൂടങ്ങളെ ചൊടിപ്പിച്ചത്. പ്രതികരിക്കുന്നവർക്ക് എല്ലാ രാജ്യങ്ങളിലും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരാറുണ്ട്. അവയെ ചെറുക്കണമോ അവക്ക് വഴങ്ങണമോ എന്നത് സാമൂഹിക പ്രതിബദ്ധതയാണ് തീരുമാനിക്കുക.സത്യം പറയുന്നവരെ ഭയക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയെന്നത് ഭരണകൂടങ്ങൾ എല്ലാക്കാലത്തും തുടർന്നു വരുന്ന കാര്യമാണ്.

? അന്ന് കൈകാര്യം ചെയ്ത വിഷയങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും ലോകത്ത് നിലനിൽക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്താനായി ' മൂന്നാം ലോക സിനിമ മാനിഫെസ്റ്റോ'യുടെ തുടർച്ച കാലഘട്ടം ആവശ്യപ്പെടുന്നുണ്ടോ

= തീർച്ചയായും ഉണ്ട്. പക്ഷേ ഇതിന് മറുപടി പറയേണ്ടത് അതത് രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകരാണ്. ഞങ്ങളുടെ മാനിഫെസ്‌റ്റോ ഓരോ രാജ്യങ്ങളിലെയും സാഹചര്യമനുസരിച്ച് നിർവചിക്കപ്പെടണം. എങ്കിലേ തനത് അഭിപ്രായപ്രകടനങ്ങൾ പുറത്തുവരൂ.

ഒരു രാജ്യത്തെ മുന്നേറ്റങ്ങളെ മറ്റൊരു രാജ്യത്തിേൻറതുമായി താരതമ്യപ്പെടുത്താനാകില്ല. സിനിമയുടെ കാര്യവും അങ്ങിനെ തന്നെ. അഭിപ്രായ പ്രകാശനം, അഭിരുചി, ശരീര ചലനം തുടങ്ങി ഭാഷ വരെ വ്യത്യാസപ്പെടുേമ്പാൾ ഒരു മുന്നേറ്റത്തെ അതേപടി പകർത്താൻ കഴിയില്ല.

സ്വാധീനമുൾക്കൊള്ളാനേ കഴിയൂ. 'മൂന്നാം ലോക സിനിമ' എന്ന സങ്കൽപം തന്നെ ദേശീയതയെ സംരക്ഷിക്കാനായി സൃഷ്ടിക്കപ്പെട്ടതാണ്. ഓരോ രാജ്യങ്ങളിലും ഈ മാതൃക പിൻപറ്റുന്നവർ അതത് രാജ്യത്തിന്റെ ദേശീയതയിൽ അധിഷ്ഠിതമായി വേണം അത് ചെയ്യാൻ.

കോളനിവത്കരണത്തിന്‍റെ ഭീകരതയും സാമ്രാജ്യത്വത്തിന്‍റെ ചൂഷണവുമൊക്കെ ഒരു ജനതക്ക് മനസിലാകാനാണ് അന്ന് നിലനിന്നിരുന്ന വ്യവസ്ഥക്ക് ബദൽ സംവിധാനം ഞാനും ഒക്ടോവിയോയും ചിന്തിച്ചത്. ഇന്ന് സാങ്കേതികത ഇത്രയധികം വളർന്നിട്ടും നിലവിലെ ബോധവത്കരണ മാർഗങ്ങൾ വിജയകരമല്ലെങ്കിൽ അതിനൊരു ബദൽ നിർമിക്കേണ്ടത് കലാകാരൻമാരുടെ ബാധ്യതയാണ്.

ഞങ്ങൾ കൈകാര്യം ചെയ്ത കാലത്തെ വിഷയങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നത് അസമത്വം തുടച്ചുനീക്കപ്പെടാൻ കഴിയാത്തത് കൊണ്ടാണ്. അസമത്വമാണ് കലാപങ്ങൾക്ക് വഴിവെക്കുന്നത്. സമ്പത്ത് മുഴുവൻ കൈയടക്കി 10 ശതമാനം ധനികർ ധനികരായും ബാക്കി 90 ശതമാനം നിർധനർ നിർധനരായും തന്നെ തുടരുേമ്പാൾ ഇതൊന്നും പരിഹരിക്കപ്പെടില്ല.

അപ്പോൾ ഇത് പരിഹരിക്കപ്പെടാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം പകരാനുള്ള നീക്കം നിരന്തരം ചലച്ചിത്ര പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാകണം. രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമല്ല ആഗോള താപനം, കാലവസ്ഥാ വ്യതിയാനം, കീടനാശിനികളുടെ വിപത്ത് തുടങ്ങി ജനങ്ങളെ ബാധിക്കുന്നവയെല്ലാം സിനിമക്ക് വിഷയമാകണം.

?അരനൂറ്റാണ്ട് കഴിഞ്ഞിട്ടും നിങ്ങളുടെ 'മാനിഫെസറ്റോ' ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് സ്വയം വിലയിരുത്തുന്നത്

= അതിന്‍റെ വ്യാഖ്യാനങ്ങളുടെ വൈവിധ്യം കൊണ്ട് തന്നെയാണ് മാനിഫെസ്റ്റോ ഇന്നും ചർച്ച ചെയ്യപ്പെടുന്നത്. ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ എല്ലാക്കാലത്തും അത് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. 'ദി അവർ ഓഫ് ദി ഫർണസസി'നെ മുൻനിർത്തി മൂന്നാം സിനിമയെന്നത് ഫിക്ഷനെ പാടേ നിരാകരിക്കുന്ന സമ്പ്രദായമാണെന്ന ആരോപണങ്ങൾ അന്നേ ഉയർന്നിരുന്നു.

തിരക്കഥയിലധിഷ്ഠിതമായ സാമ്പ്രദായിക നിർമാണ രീതികളെ ഞങ്ങൾ നിരാകരിക്കുന്നതായി നിരൂപകർ വിലയിരുത്തി. നിരാകരിക്കുകയല്ല, ഞങ്ങൾ അവയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഒരു രാഷ്ട്രീയ ദൗത്യമെന്ന നിലയിൽ 'ദി അവർ ഓഫ് ദി ഫർണസസി'ന് ആ ദൃശ്യഭാഷ സ്വീകരിച്ചെന്നേയുള്ളു.

അതിന്‍റെ രണ്ടും മൂന്നും ഭാഗങ്ങളിലും തുടർന്ന് ചെയ്ത സിനിമകളിലും 'സിനിമാറ്റിക്' ഘടകങ്ങൾ മാനിഫെസ്റ്റൊയുടെ മൂല്യം ചോരാതെ ചേർത്തിട്ടുണ്ട്. മൂന്നാം സിനിമ അത് തെരഞ്ഞെടുക്കുന്ന പ്രമേയങ്ങൾ കൊണ്ട് മാത്രമല്ല നിലനിൽക്കുന്നത്.

ഹോളിവുഡ് മാതൃകകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഘടനക്കും രൂപത്തിനും വേണ്ടിയുള്ള അന്വേഷണം കൊണ്ടും നമ്മുടെ സംഘർഷങ്ങളും നാടകീയതയുമൊക്കെ നമ്മുടേതായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നത് കൊണ്ടുമാണ്. നേരത്തേ പറഞ്ഞതുപോലെ തനത് ഭാഷയും ഭാവവുമൊക്കെ സംരക്ഷിക്കപ്പെടുന്നത് കൊണ്ടാണ്.

ഒരു അർജന്റീനക്കാരന്‍റെത് പോലെയാകില്ല അത് ഒരു നോർവേക്കാരന്. റഷ്യക്കാരന്, ചൈനക്കാരന്, അമേരിക്കക്കാരന് ഒക്കെ അത് വ്യത്യസ്തമാണ്. ശരീരചലനം, ഭാവം, അഭിനയ താളം ഒക്കെ വ്യത്യസ്തമാണ്. അത് നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതിനാൽ അത് എങ്ങിനെ കണ്ടെത്തും എന്ന് നമ്മൾ അറിയണം. ഇത്തരം ദേശീയ തിരിച്ചറിയലുകളെ സംരക്ഷിക്കുന്നതാണ് മൂന്നാം സിനിമയുടെ പ്രസക്തി വർധിപ്പിക്കുന്നത്.

മൂന്നാം സിനിമയെ അതിന്‍റെ ഭാഷയിൽ നിന്ന് വേർതിരിക്കാനാകില്ല. നമ്മുടെ കഥകളും നായകൻമാരുമൊക്കെ വിദേശ സിനിമയിൽ നിന്ന് കടമെടുത്തവയാണെങ്കിൽ നമുക്ക് എങ്ങിനെയാണ് നമ്മുടെ സിനിമ എന്ന നിലക്ക് അതിനെ കുറിച്ച് ചർച്ച ചെയ്യാൻ കഴിയുക? തനത് വ്യക്തിത്വം നിലനിർത്താൻ കഴിയുന്നത് കൊണ്ടാണ് മാനിഫെസ്റ്റോ ഇന്നും ചർച്ച ചെയ്യപ്പെടുന്നത്.

?പാരീസിൽ നിന്ന് തിരികെ എത്തിയ ശേഷമാണല്ലോ കൂടുതൽ ഫിക്ഷൻ സിനിമകൾ താങ്കളിൽ നിന്നുണ്ടായത്. അവയിലെല്ലാം തന്നെ പ്രവാസത്തിന്‍റെ നോവുമുണ്ട്

= എട്ട് വർഷത്തെ വിദേശ ഒളിവാസത്തിലാണ് സ്വയമേയോ നിർബന്ധിതമായോ ഉള്ള നാടുകടത്തലിന്റെ വ്യഥ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്ന ഫിക്ഷൻ സിനിമകളുടെ ആശയം മനസിലുദിച്ചത്. എന്റെ തന്നെ അനുഭവങ്ങളും ചിന്തകളും ചരിത്രാന്വേഷണവുമൊക്കെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു അത്. 'ടാംഗോ, ദി എക്സൈൽ ഓഫ് ഗാർഡൽ', 'സൗത്ത് ' എന്നിവ പിറന്നത് അങ്ങിനെയാണ്. രണ്ടും 'നാട് കടത്തൽ' പ്രമേയമായ ചിത്രങ്ങളാണ്. 'ടാംഗോ ' വിദേശ പ്രവാസവും 'സൗത്ത് ' രാജ്യത്തിനുള്ളിലെ തന്നെ പ്രവാസവും.

പാരീസിൽ കഴിയുന്ന അർജന്റീനൻ പ്രവാസികൾ തങ്ങളുടെ പാരമ്പര്യത്തെ തിരികെ പിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 'ടാംഗോ'. ടാംഗോ നൃത്തവും പ്രമുഖ അർജന്‍റീനിയൻ സംഗീതജ്ഞൻ ഓസ്റ്റർ പിയാസൊല്ലയുടെ സംഗീതവും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ജൻമനാട്ടിൽ തന്നെ 'പ്രവാസി' ആകേണ്ടി വരുന്ന ജയിൽ മോചിതനാണ് 'സൗത്തി'ലെ നായകൻ.

ഏതൊരാൾക്കും ഉണ്ടാകുന്ന മൂന്ന് അവസ്ഥ ഇതിലുണ്ട് -വർത്തമാനം, ഭൂതകാല ഓർമ്മകൾ, ഭാവിയെ കുറിച്ചുള്ള ഭീതി. 'ജേർണി 'യിൽ ഒരു സൈക്കിൾ യാത്രയുടെ ചട്ടക്കൂടിലൂടെ ലാറ്റിനമേരിക്കയുടെ ചരിത്രത്തെ അപഗ്രഥിക്കുകയായിരുന്നു. സ്വന്തം സ്വത്വവും വേരുകളും തേടിയുള്ള എന്റെ തന്നെ വിചാരയാത്രയാണത്.

? ചരിത്രത്തിന്‍റെ മറവികളെ മറികടക്കാൻ ഓർമകളെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പണ്ട് പറഞ്ഞതായി വായിച്ചിട്ടുണ്ട്. ചരിത്രത്തിൽ നിന്ന് മായ്ക്കപ്പെടുന്നവയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ് ഓർമ്മ എന്ന നിലക്കാണോ സിനിമകളെ ആവിഷ്കരിച്ചിരിക്കുന്നത്

= അർജന്‍റീനയിലെ മാധ്യമങ്ങൾ നിരവധി കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചരിത്രത്തിൽ നുണകൾ കലർത്തുകയും ചെയ്തിട്ടുണ്ട്. കോർപറേറ്റുകൾ സ്പോൺസർ ചെയ്യുമ്പോൾ മാധ്യമങ്ങൾക്ക് അതു ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിലാണ് എന്താണ് നടന്നത്, എന്തുകൊണ്ടാണ് നടന്നത് എന്നൊക്കെ വിശകലനം ചെയ്യുന്ന സിനിമകൾ അനിവാര്യമായതും ഞങ്ങൾ അത് ചെയ്തതും.

സിനിമകളിലൂടെ ചരിത്രത്തെ പുനരാഖ്യാനം ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. ശരിയായ സാക്ഷ്യപ്രത്രങ്ങൾ ആയത് കൊണ്ടാണ് അവ നിലനിൽക്കുന്നതും. എനിക്ക് അങ്ങിനെയേ ചെയ്യാൻ കഴിയുമായിരുന്നുള്ളു. എഴുതുമ്പോൾ, ചിത്രീകരിക്കുമ്പോൾ മികവും കൃത്യതയും പുലർത്താതെ നിവൃത്തിയില്ല. കാരണം, ഒരു ചരിത്ര അധ്യാപകനോ സോഷ്യോളജി അധ്യാപകനോ ഇതേ വിവരങ്ങൾ പഠിപ്പിക്കാൻ കഴിയും.

എന്നാൽ, അത്തരം പഠിപ്പിക്കലുകളിൽ കഴിയാത്ത ഒരു ഘടകം സിനിമയിൽ ചേർക്കാം. വൈകാരികത. എന്‍റെ സിനിമകളായ 'എ സോഷ്യൽ ജിനോ സൈഡ്', 'ദി ഡിഗ്നിറ്റി ഓഫ് ദി നോബഡീസ്' എന്നിവ അർജന്‍റീനയിൽ വിദ്യാർഥികൾക്കായി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരുന്നു.40000ത്തിലേറെ ഹൈസ്കൂൾ വിദ്യാർഥികളാണ് അവ കണ്ടതും ചർച്ച ചെയ്തതും. വസ്തുനിഷ്ഠമായ ചരിത്ര സിനിമകളെ ഇത്തരത്തിൽ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയും. വായിക്കാൻ മടിയുള്ള കുട്ടികൾക്കും പഠനത്തിൽ താൽപര്യമുണ്ടാക്കാനും കഴിയും.

എന്നാൽ, വായനയും എഴുത്തും മാത്രമല്ല, ഏറെ നേരം ഒരു ദൃശ്യ സൃഷ്ടി കണ്ടിരിക്കാനും പുതിയ തലമുറ തയാറാകുന്നില്ല. എന്‍റെ 18 കാരിയായ പേരക്കുട്ടി ഡയറി എഴുതുന്നതിന് പകരം ഒരു ദിവസത്തെ കാര്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് ഒരു മിനിറ്റുള്ള വീഡിയോ ആയി എഡിറ്റ് ചെയ്ത് സൂക്ഷിക്കുകയാണിപ്പോൾ. ദൈർഘ്യം കൂട്ടാത്തതെന്താണെന്ന് ചോദിച്ചപ്പോൾ 'അതിൽ കൂടുതൽ നേരം എങ്ങിനെയിത് കണ്ടിരിക്കും' എന്നാകും മറുപടി.

? ബഹുജന മാധ്യമങ്ങൾ നാപാം ബോംബിനെക്കാൾ ശക്തം എന്ന് 'ദി അവർ ഓഫ് ദി ഫർണസസി'ൽ പറയുന്നുണ്ട്. ഇപ്പോഴും അതേ അഭിപ്രായമാണോ

= എക്കാലത്തും മാധ്യമങ്ങൾ അങ്ങിനെ തന്നെയാണ്. ഇപ്പോൾ ആ പ്രഹര ശേഷി കൂടിയെങ്കിലേയുള്ളു. സമൂഹത്തിൽ അത്ര മാത്രം സ്വാധീനം ചെലുത്താൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. അമേരിക്കൻ കോർപറേറ്റുകളുടെ വരുതിയിലായി അർജന്‍റീനയുടെ സാംസ്കാരിക സ്വത്വത്തെ ഇല്ലാതാക്കാൻ അവിടുത്തെ മാധ്യമങ്ങൾ ശ്രമിച്ച കാലത്താണ് ഞങ്ങളത് പറഞ്ഞത്.

അന്നത്തേതിനേക്കാൾ നൂറിരട്ടി മാധ്യമങ്ങൾ ഇന്നുണ്ട്. സോഷ്യൽ മീഡിയ ശക്തമായതോടെ വാർത്തകൾ അല്ലെങ്കിൽ സത്യം അറിയാനുള്ള സ്രോതസ്സുകൾ കൂടിയെന്നു പറയാമെങ്കിലും അസത്യം അറിയാനുള്ള മാർഗങ്ങളും അത്ര തന്നെ കൂടി. ഇവക്കെല്ലാം ബോംബിനെക്കാൾ പ്രഹര ശേഷി ഇന്നുമുണ്ട്. ഒരേ സംഭവത്തിന്റെ നിരവധി വിവരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്ന് ജനങ്ങളിലെത്തുന്നത്.

ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെ പ്രവർത്തനം ഒട്ടും നിഷ്കളങ്കമല്ല. അവരുടേത് മറ്റൊരു 'മാനിഫെസ്‌റ്റോ' ആണ്. ജനങ്ങളെ യാഥാർഥ്യത്തിൽ നിന്ന് അകറ്റുകയെന്നതാണത്.

? ഒരു ചലച്ചിത്രകാരൻ തന്‍റെ സമൂഹത്തോടുള്ള ബാധ്യത എങ്ങിനെ നിറവേറ്റണമെന്നതിന്റെ ഉദാഹരണമാണ് താങ്കളുടെ ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ ഡോക്യുമെൻററി വരെ. പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിൽ പുതിയ തലമുറ ശ്രദ്ധിക്കേണ്ടതെന്താണ്

= എന്‍റെ വാക്കുകൾ ബൈബിൾ വചനങ്ങളല്ലയെന്ന് ആവർത്തിച്ച് പറയട്ടെ. താൻ പറയാൻ പോകുന്നത് എന്താണെന്നും അതിന് ഈ കാലഘട്ടത്തിൽ എന്താണ് പ്രസക്തിയെന്നും അത് ആർജവത്തോടെ പറയാൻ തനിക്കാകുമോയെന്നും വിലയിരുത്തിയേ ഒരു പ്രമേയത്തെ സമീപിക്കാവൂ. കാലാകാലങ്ങളിൽ അത് മാറി മാറി വരും. സ്വേച്ഛാദിപത്യത്തിനെതിരായ പോരാട്ടമായിരുന്നു തുടക്കത്തിൽ ഞങ്ങളുടെ ദൗത്യം. ജനാധിപത്യം വന്നപ്പോൾ അത് പുത്തൻ സാമാജ്യത്വത്തിന്‍റെ കരിനിഴലായതിന്‍റെന്‍റെയും പാശ്ചാത്യവത്കരണത്തിന്‍റെയും ഭീഷണികളെ നേരിടുന്നതിലേക്ക് ദൗത്യം മാറി.

നിലവിൽ അർജന്‍റീന നേരിടുന്നത് രാസവസ്തുക്കളും വിഷവസ്തുക്കളും ഉപയോഗിച്ചുള്ള വ്യാവസായിക കൃഷിരീതിയുടെ ഭീഷണിയാണ്. വനനശീകരണവും വെള്ളപ്പൊക്കവും പ്രകൃതിനാശവുമടക്കമുള്ള ഇതിന്റെ ആഘാതങ്ങൾ അന്വേഷിക്കുകയായിരുന്നു 'എ ജേർണി ടു ദി ഫ്യുമിഗേറ്റഡ് ടൗൺസി'ന്‍റെ ലക്ഷ്യം. നിശബ്ദരാക്കപ്പെടുന്ന ജനതയുടെ ശബ്ദമാകണമെന്നതാണ് സിനിമയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രം. സിനിമയുടെ മാത്രമല്ല, എല്ലാ കലകളുടെയും...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.