ഇംഫാൽ: ഫെബ്രുവരി 28ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണിപ്പൂരിൽ ബി.ജെ.പിക്ക് തൊട്ടതെല്ലാം പിഴച്ചോ എന്ന ആശങ്കയിൽ സംസ്ഥാനത്തെ അണികൾ. സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യത്തിലൂന്നി മറ്റു പാർട്ടികൾ പ്രചാരണം കൊഴുപ്പിക്കുമ്പോൾ ബി.ജെ.പി നേതാക്കൾ നിയമത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.
പ്രകടനപത്രികയിൽ പോലും അഫ്സ്പ നിയമത്തെ കുറിച്ച് ഒരക്ഷരം കുറിക്കാതെ പോയപ്പോൾ പ്രാദേശിക പാർട്ടികളായ നാഗാ പീപ്ൾസ് ഫ്രണ്ടും (എൻ.പി.എഫ്) നാഷനൽ പീപ്ൾസ് പാർട്ടിയും (എൻ.പി.പി) കോൺഗ്രസും നിയമം റദ്ദാക്കാൻ മുന്നിട്ടിറങ്ങുമെന്ന വാഗ്ദാനം ജനത്തിന് മുന്നിൽ വെച്ചുകഴിഞ്ഞു.
അതേസമയം, പാർട്ടിക്കകത്തെ ചേരിപ്പോരിലും അണികൾ നിരാശയിലാണ്. സീറ്റുതർക്കവും അണികൾക്കിടയിലെ ചേരിപ്പോരും പാർട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നേരത്തെ സഖ്യകക്ഷികളായിരുന്ന എൻ.പി.എഫിനെയും എൻ.പി.പിയെയും കൈയൊഴിഞ്ഞ് 60 സീറ്റിലും തനിച്ച് മത്സരിക്കാനുള്ള മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ തന്ത്രം പാളിയോ എന്ന ആശങ്ക അണികൾക്കൊപ്പം നേതാക്കളും ഉയർത്തുന്നു.
വിശേഷിച്ചും, ബിരേൻ സിങ് വിരുദ്ധ ക്യാമ്പ്. സംസ്ഥാനത്ത് പ്രതീക്ഷിച്ചതുപോലെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിയുടെ തന്നെ 'തലയുരുളു'മെന്ന സൂചന ബിരേൻ സിങ് വിരുദ്ധ ക്യാമ്പ് നൽകിക്കഴിഞ്ഞു. മലയോര മേഖലകളിൽ എൻ.പി.പിക്ക് വൻ മുന്നേറ്റ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
പാർട്ടിക്ക് വൻ മുന്നേറ്റത്തിന് സാധിച്ചില്ലെങ്കിൽ അസമിലെ സർബാനന്ദ സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രിയാക്കിയതുപോലെ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് വിരുദ്ധ ക്യാമ്പ് ആവശ്യമുന്നയിക്കും. തോംഗം ബിശ്വജിത് സിങ്, ഗോവിന്ദാസ് കോന്തൗജം എന്നിവരെ ബിരേന്റെ പിൻഗാമികളായി ഇവർ ഉയർത്തിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.