മണിപ്പൂർ തെരഞ്ഞെടുപ്പ്​: ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ 10 മുൻ കോൺഗ്രസ്​ നേതാക്കളും

ഇംഫാൽ: ഞായറാഴ്ചയാണ്​ മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. 60 സീറ്റിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയാണ്​ ​ ബി.ജെ.പി ഭരണം നിലനിർത്താൻ ഒരുങ്ങുന്നത്​​. അതേസമയം, ബി.ജെ.പി പട്ടികയിലെ 10 പേർ ഈയിടെ കോൺഗ്രസിൽനിന്ന്​ രാജിവെച്ച്​ എത്തിയ നേതാക്കളാണ്​​. 16 എം.എൽ.എമാരാണ്​ ബി.ജെ.പിയിൽ ചേർന്നിട്ടുള്ളത്​.

ബി.ജെ.പി പട്ടികയിൽ മൂന്ന് വനിതകളും ഒരു മുസ്​ലിം സ്ഥാനാർത്ഥിയും ഇടംപിടിച്ചിട്ടുണ്ട്​. ബി.ജെ.പിയിൽ ചേർന്ന മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്തിനും മത്സരിക്കാൻ സീറ്റ്​ ലഭിച്ചു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ വിശ്വസ്തരായ മിക്കവർക്കും പാർട്ടി ടിക്കറ്റ് ലഭിച്ചതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞയാഴ്ച കോൺഗ്രസ്​ 40 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെ വലിയ തർക്കങ്ങളാണ്​ പാർട്ടിയിൽ രൂപപ്പെട്ടിട്ടുള്ളത്​. സീറ്റ്​ കിട്ടാത്ത പലരും നേതൃസ്ഥാനങ്ങളിൽനിന്ന്​ രാജിവെച്ചിട്ടുണ്ട്​.

മുഖ്യമന്ത്രി എൻ. ബിരേൻ സിങ്​ തന്‍റെ പരമ്പരാഗത സീറ്റായ ഹീൻഗാങ്ങിൽ നിന്നാണ് മത്സരിക്കുക. മന്ത്രിയും ​പ്രധാന ബി.​ജെ.പി നേതാവുമായ ബിശ്വജിത് സിങ്​ തോങ്ജുവിൽനിന്ന്​ മത്സരിക്കും. മുൻ ദേശീയ ഫുട്​ബാൾ താരം സൊട്ടതായ് സൈസക്ക്​ ലഭിച്ചത്​ ഉഖ്രുളി സീറ്റാണ്​.

'60 സീറ്റുകളിലും ബി.ജെ.പി മത്സരിക്കുകയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ചെയ്യും. മണിപ്പൂരിന് സുസ്ഥിരമായ ഒരു സർക്കാർ ലഭിക്കുമെന്ന് മോദി സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്​. പ്രദേശത്തിന്‍റെ വികസനവും സമാധാനവും ഉറപ്പാക്കുന്നത് തുടരും' -ബി.ജെ.പിയുടെ മണിപ്പൂർ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു.

മണിപ്പൂരിൽ നിലവിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ആണ്​ ഭരിക്കുന്നത്​. ബി.ജെ.പിക്ക്​ 30, നാഷണൽ പീപ്പിൾസ് പാർട്ടിക്ക്​ മൂന്ന്, നാഗാ പീപ്പിൾസ് ഫ്രണ്ട്​ നാല് എന്നിങ്ങനെയാണ്​ സീറ്റ്​ നില. മൂന്ന് സ്വതന്ത്രരും സർക്കാറിനൊപ്പമുണ്ട്​.

മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി കോൺഗ്രസിന്‍റെ പോരാട്ടം. സി.പി.ഐ, സി.പി.എം, ജനതാദൾ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ രൂപീകരിക്കാനുള്ള എല്ലാ നടപടികളും പൂർത്തികരിച്ചുവെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് ആദ്യഘട്ടം. മാർച്ച് മൂന്നിന് രണ്ടാം ഘട്ടവും നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Manipur election: 10 former Congress leaders on BJP candidate list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.