ബാലുശ്ശേരി: 'സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന് പാട്ടുപാടിയ നടി തെസ്നിഖാൻ കോൺഗ്രസിന് വോട്ട് തേടി പ്രചാരണത്തിനിറങ്ങി. ഇടതുപക്ഷത്തിന് വോട്ടുതേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വിഡിയോയിലെ നായികയായ പ്രശസ്ത സിനിമ നടി തെസ്നിഖാനാണ് യു.ഡി.എഫ് സ്ഥാനാർഥി ധർമജനുവേണ്ടി വോട്ടഭ്യർഥിച്ച് കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തിയത്. ഇതാണ് പി.ആർ വർക്കും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നു.
തെസ്നി ഖാനെ നായികയാക്കി പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഇറക്കിയ ഹ്രസ്വ വീഡിയോ ഉള്ളടക്കത്തിന്‍റെ പേരിൽ വൻ വിവാദമായിരുന്നു. വിഡിയോയിലൂടെ പ്രചരിപ്പിക്കുന്ന 'പിന്തിരിപ്പൻ' സ്വഭാവവും മുസ്ലിംകളെ തീവ്രവാദ മുദ്രകുത്തിയതും വ്യാപകമായ വിമർശനങ്ങൾക്കിടയാക്കി. തുടർന്ന് വീഡിയോകൾ പിൻവലിക്കാൻ സംഘടന നിർബന്ധിതമാവുകയായിരുന്നു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ വീഡിയോകൾ പിൻവലിച്ചതെന്ന് പുകസ സംസ്ഥാന പ്രസിഡന്‍റ് ഷാജി എൻ കരുൺ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരി, കണ്ണങ്കോട്, പറമ്പിൻമുകൾ, താനിക്കുഴി, പുളിക്കൂൽ താഴെ എന്നിവിടങ്ങളിൽ നടന്ന യു.ഡി.എഫ് കുടുംബയോഗങ്ങളിലാണ് തെസ്നിഖാൻ പങ്കെടുത്തത്.
അതിനിടെ, ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമ-സീരിയൽ രംഗത്തെ താരങ്ങളാണ് ഇപ്പോൾ ബാലുശ്ശേരി മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
കഴിഞ്ഞദിവസം നടന്മാരായ കലാഭവൻ ഷാജോണും ഹരീഷ് കണാരനും ചാനൽ മിമിക്രി താരങ്ങളായ അജിത്, ജിേൻറാ, അജീഷ്, എബി എന്നിവരും മണ്ഡലത്തിലെ വിവിധസ്ഥലങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. അഹമ്മദ്കുട്ടി ഉണ്ണികുളം, കെ. ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദൻ മാസ്റ്റർ, ഫൈസൽ അത്തോളി, വി.സി. വിജയൻ, എ.കെ. അബ്ദുസ്സമദ്, വരുൺകുമാർ എന്നിവരും യോഗങ്ങളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.