കാഞ്ഞങ്ങാട്: ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സാധ്യതാപട്ടികയായി. ഉദുമയിൽ രണ്ടു പേരുടെയും തൃക്കരിപ്പൂരിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെയും പേരാണ് ജില്ല സെക്രട്ടറിയേറ്റ് അംഗീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറിയത്.
സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമുണ്ടാകും. ഉദുമ മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ സി.എച്ച്. കുഞ്ഞമ്പു, മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ഇ. പത്മാവതി എന്നീ പേരുകളാണ് ജില്ല സെക്രട്ടറിയേറ്റിൽ പരിഗണനക്ക് വന്നത്. ഈ രണ്ട് പേരുകളും സംസ്ഥാനസമിതിക്ക് അന്തിമ തീരുമാനത്തിനായി കൈമാറി.
ജില്ലയിൽ ഒരു വനിതാ സ്ഥാനാർഥിയെ പരിഗണിക്കുകയാണെങ്കിൽ ഇ. പത്മാവതിക്ക് സാധ്യതയുണ്ട്. സംസ്ഥാന സമിതി അംഗവും മുൻ മഞ്ചേശ്വരം എം.എൽ.എ കൂടിയായ സി.എച്ച്. കുഞ്ഞമ്പു മത്സരരംഗത്തെത്തിയാൽ ഉദുമയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങും. തൃക്കരിപ്പൂർ മണ്ഡലത്തിൽ നിലവിൽ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ എം. രാജഗോപാലെൻറ പേരും ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്കാണ് സാധ്യത കൂടുതൽ. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന് പേരുകേട്ട എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് വിജയസാധ്യതകൂടി കണക്കിെലടുത്ത് ഒരുതവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന ആവശ്യമാണ് തൃക്കരിപ്പൂരിൽ സ്ഥിതി നിശ്ചയിച്ചത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥിനിർണയത്തിന് ശേഷം മാത്രം വിജയസാധ്യതയുള്ള സ്ഥാനാർഥിയെ അവതരിപ്പിക്കുകയെന്ന തന്ത്രമാണ് സി.പി.എം ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.