കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മോയ്ന മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാനാർഥിയുമായ അശോക് ദിൻഡക്ക് വൈ പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ദിൻഡക്കുള്ള സുരക്ഷ വർധിപ്പിച്ചത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന റോഡ്ഷോക്ക് ശേഷം മടങ്ങുന്നതിനിടെയാണ് ദിൻഡക്ക് നേരെ ആക്രമണമുണ്ടായത്. താരത്തിന്‍റെ വാഹനം നശിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 4.30 നൂറുകണക്കിന് വരുന്ന ആക്രമികൾ ലാത്തികളും ദണ്ഡുകളും കൊണ്ട് വാഹനം ആക്രമിക്കുകയായിരുന്നുവെന്ന് ദിൻഡയുടെ മാനേജർ പറഞ്ഞു.
വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയും ദിൻഡയുടെ തോളിന് പരിക്കേൽക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവായ ഷാജഹാൻ അലിയാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തോട് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് ദിൻഡ ബി.ജെ.പിയിൽ ചേർന്നത്.
കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അർജുൻ സിങ്ങിന്‍റെയും സാന്നിധ്യത്തിലായിരുന്നു ദിൻഡ പാർട്ടിയിൽ ചേർന്നത്. ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
സമീപകാലത്ത് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം 13 ഏകദിനങ്ങളിലും ഒമ്പത് ട്വന്‍റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. യഥാക്രമം 12, 17 വിക്കറ്റുകളാണ് സമ്പാദ്യം.
ദിൻഡ ബി.ജെ.പിയിൽ ചേർന്ന അതേദിവസം തന്നെ സഹതാരമായിരുന്ന മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു.
2016ൽ കോൺഗ്രസിലെ മണിക് ഭൗമികിനെ 12000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്‍റെ സംക്രംകുമാർ ദോലയാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ സംക്രംകുമാറിനെ തന്നെയാണ് സ്ഥാനാർഥിയായി നിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.