കൊൽക്കത്ത: രാജ്യത്ത് മറ്റു പല സംസ്ഥാനങ്ങളെയും പോലെ അതിവേഗമാണ് പശ്ചിമ ബംഗാളിലും കോവിഡ് പടർന്നുപിടിക്കുന്നത്. തെരഞ്ഞെടുപ്പ് പാതിയിലേറെ പിന്നിട്ട പശ്ചിമ ബംഗാളിൽ ഇനിയും മൂന്നു ഘട്ടം ബാക്കിനിൽക്കെ കോവിഡ് വ്യാപനം ബി.ജെ.പിക്കെതിരെ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി.
പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് രാജ്യം മുഴുക്കെയും വിശേഷിച്ച് ബംഗാളിലും രോഗവ്യാപനത്തിനിടയാക്കിയതെന്ന് മമത പറയുന്നു. കേന്ദ്രത്തിന്‍റെ നിസ്സഹകരണം അതിവേഗം വൈറസ് പടർത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി.
കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ പശ്ചിമ ബംഗാളിൽ മാത്രം എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എങ്ങനെയും സംസ്ഥാനം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം തെരഞ്ഞെടുപ്പ് കമീഷനിൽ സ്വാധീനം ചെലുത്തി ഈ തീരുമാനമെടുപ്പിച്ചതെന്ന് തൃണമൂൽ ആരോപണം. രാജ്യം മുഴൂക്കെ കോവിഡ് രണ്ടാം തരംഗം അതിതീവ്ര വ്യാപനവുമായി വൻഭീഷണിയാകുന്ന സാഹചര്യത്തിൽ ഇനിയുള്ള മൂന്നു ഘട്ടങ്ങളെങ്കിലും ഒന്നാക്കണമെന്ന് മമത ആവശ്യപ്പെട്ടിട്ടും കമീഷനും കേന്ദ്രവും വഴങ്ങിയിട്ടില്ല. ഈ ആവശ്യമുന്നയിക്കുന്ന മമത പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ആദ്യം പങ്കെടുക്കേണ്ടതെന്നാണ് ബി.ജെ.പിയുടെ മറുപടി.
ആയിരങ്ങളെ പങ്കെടുപ്പിച്ച് മോദി നടത്തുന്ന റാലികൾ കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുന്നതായി മമത ആരോപിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ആളുകൾ അതിവേഗം ഇത് പടർത്തുകയാണെന്നാണ് ആരോപണം. പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി നദ്ദയും മുതൽ ബി.ജെ.പിയുടെ ഒട്ടുമിക്ക നേതാക്കളും ബംഗാളിൽ തമ്പടിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇവരെ പേരെടുത്തു പറയുന്നില്ലെങ്കിലും 'പുറമെനിന്നുള്ളവർ' കോവിഡ് പടർത്തുന്നുവെന്ന് മമത കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തിന് നൽകിയ കോവിഡ് വാക്സിനുകളുടെ എണ്ണം ശുഷ്കമാണെന്ന ആരോപണവും മമത ഉന്നയിക്കുന്നു. കോവിഡിനെതിരെ പൊരുതാൻ പണം അനുവദിക്കാതെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.