കൊൽക്കത്ത: മറ്റു പാർട്ടികളിൽനിന്ന് ചേക്കേറിയവർക്ക് സീറ്റ് നൽകുന്നതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ പുറത്തുവിട്ട ബി.ജെ.പി അന്തിമ സ്ഥാനാർഥിപ്പട്ടികയിലും കാലുമാറ്റക്കാർക്ക് മുന്തിയ പരിഗണന. വ്യാഴാഴ്ച പുറത്തുവിട്ട 148 സ്ഥാനാർഥികളുടെ ലിസ്റ്റിൽ മറ്റു പാർട്ടികളിൽനിന്ന് എത്തിയ 20 പേർ ഇടംപിടിച്ചപ്പോൾ സീറ്റിനായി ആറ്റുനോറ്റിരുന്ന പരമ്പരാഗത ബി.ജെ.പിക്കാരിൽ പലർക്കും നിരാശയും രോഷവും സഹിക്കാനാവാതെ പാർട്ടി വിട്ടു. ചിലയിടങ്ങളിൽ പരസ്യ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയ്, മകനും ഇക്കഴിഞ്ഞ നിയമസഭയിലെ തൃണമൂൽ പ്രതിനിധിയുമായ സുഭ്രാംഗ്ശു റോയ്, മഹിള മോർച്ച അധ്യക്ഷ അഗ്നിമിത്ര പോൾ, സിനിമ താരങ്ങളായ രുദ്രാനിൽ ഘോഷ്, ശ്രാബന്ധി ചട്ടോപാധ്യായ, പാർണോ മിത്ര തുടങ്ങിയവർ പട്ടികയിലുണ്ട്.
മമതയുടെ തട്ടകമായിരുന്ന ഭവാനിപൂരിലാണ് മുൻ തൃണമൂലുകാരനായ ഘോഷ് മത്സരിക്കുക. വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ പാർഥ ചാറ്റർജിക്കെതിരെയാണ് ശ്രാബന്ധിയെ നിയോഗിച്ചിരിക്കുന്നത്. അഞ്ച് സിറ്റിങ് എം.പിമാരെയും കളത്തിലിറക്കിയിട്ടുണ്ട്.
പ്രമുഖ യുവമോർച്ച നേതാവും അന്തരിച്ച ബി.ജെ.പി നേതാവ് തപൻ സിക്ദറുടെ അനന്തരവനുമായ സൗരവ് സിക്ദർ പാർട്ടി പദവികളെല്ലാം രാജിവെച്ചു. തൃണമൂൽ വിട്ടുപോയ വഞ്ചകർക്കെല്ലാം സീറ്റ് കിട്ടുേമ്പാൾ പഴയകാല ബി.ജെ.പിക്കാർ വീട്ടിലിരുന്ന് പൊട്ടിക്കരയേണ്ട ഗതികേടിലാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചു.
കൊൽക്കത്ത: മോഹിച്ചു നടക്കുന്ന സ്വന്തം പാർട്ടിക്കാർക്ക് നിഷേധിച്ച സീറ്റുകൾ മറ്റു പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കൾക്ക് സമ്മാനിച്ച് ബി.ജെ.പി. ബംഗാളിലെ മുൻ പി.സി.സി അധ്യക്ഷൻ സോമൻ മിത്രയുടെ ഭാര്യ ശിഖ ചൗധരി, തൃണമൂൽ എം.എൽ.എ മാല സാഹയുടെ ഭർത്താവ് തരുൺ സാഹ എന്നിവർക്കാണ് ആവശ്യപ്പെടാതെതന്നെ സ്ഥാനാർഥിത്വം നൽകിയത്. ഇരുവരും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടിക്ക് കടുത്ത ക്ഷീണവുമായി.
ചൗരിംഗി സീറ്റിലാണ് ശിഖ ചൗധരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബി.ജെ.പിക്കുവേണ്ടി മത്സരിക്കാനില്ലെന്ന് അവർ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2014ൽ എം.എൽ.എ പദവി രാജിവെച്ച ശിഖയെ ഈയിടെ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയിരുന്നില്ല. അനുമതി വാങ്ങിയല്ല സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്ന് മകനും പി.സി.സി സെക്രട്ടറിയുമായ രോഹൻ മിത്രയും പറഞ്ഞു.
താൻ ഇപ്പോഴും തൃണമൂലിലാണെന്നാണ് തരുൺ സാഹ മാധ്യമങ്ങളെ അറിയിച്ചത്. രണ്ടു തവണ എം.എൽ.എ ആയ മാല സാഹക്ക് ഇക്കുറി തൃണമൂൽ ടിക്കറ്റ് നൽകിയിരുന്നില്ല. ഈ അവസരം മുതലെടുക്കാനുള്ള ബി.ജെ.പി ശ്രമമാണ് പാളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.