കൊൽക്കത്ത: ബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷത്തിനും നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനും വഴിവെച്ചത് ജനങ്ങൾക്കും കേന്ദ്ര സേനാംഗങ്ങൾക്കുമിടയിലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും. അക്രമം നടന്ന കൂച്ച്ബിഹാറിലെ സിതാൽകുച്ചിയിൽ രാവിലെ ഒമ്പതേ മുക്കാൽ വരെ വോട്ടിങ് പ്രക്രിയ സമാധാനപൂർണമായിരുന്നു.
മതബ്ഹംഗയിലെ 126ാം നമ്പർ ബൂത്തിനടുത്തു കൂടെ പ്രദേശവാസികളായ മൂന്ന് സ്ത്രീകൾ അസുഖ ബാധിതനായ ഒരു ബാലനെ കൊണ്ടുപോകുന്നതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഇവരെ തടഞ്ഞു നിർത്തി സി.ഐ.എസ്.എഫ് അംഗങ്ങൾ കാര്യങ്ങൾ തിരക്കി. കുട്ടിയെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടോ എന്നാണ് തങ്ങൾ അന്വേഷിച്ചതെന്നാണ് അവരുടെ അവകാശ വാദം. എന്നാൽ, ബാലനെ പൊലീസ് മർദിച്ചതായാണ് നാട്ടുകാരിൽ ചിലർ തെറ്റിദ്ധരിച്ചത്.
ഇതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടുകയും ഒച്ചവെക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവെച്ചെങ്കിലും അവർ പിരിഞ്ഞുപോയില്ലെന്നും തുടർന്ന് പ്രാണരക്ഷാർഥം വെടിവെക്കാൻ നിർബന്ധിതരായി എന്നും കേന്ദ്രസേന അവകാശപ്പെടുന്നു. 20നും 28നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാലു പേരും.
തെരഞ്ഞെടുപ്പ് ദിവസത്തിെൻറ പവിത്രതപോലും മാനിക്കാതെ കൊല്ലണമെന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. എന്നാൽ, ജനക്കൂട്ടം അക്രമാസക്തരായിരുന്നുവെന്നും സ്വജീവനും വോട്ടിങ് യന്ത്രം ഉൾപ്പെടെ പോളിങ് സാമഗ്രികളും സംരക്ഷിക്കാൻ വേറെ വഴിയില്ലായിരുന്നുവെന്നുമാണ് സേനാംഗങ്ങളുടെ പ്രതികരണം. ഇതിനിടെ, ബംഗാളിലേക്ക് കൂടുതൽ കേന്ദ്ര സായുധ സേനയെത്തും.
കൊൽക്കത്ത: തെരഞ്ഞെടുപ്പിനു ശേഷം മമത ബാനർജിയുമായി ഒരുവിധ ധാരണകളുമുണ്ടാവില്ലെന്ന് ബംഗാൾ കോൺഗ്രസ് മേധാവി അധിർ രഞ്ജൻ ചൗധരി. മമതക്കു പിന്തുണ നൽകാനോ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ അവരുടെ പിന്തുണ തേടാനോ കോൺഗ്രസ്-ഇടതുസഖ്യം ശ്രമിക്കില്ല.
തെരഞ്ഞെടുപ്പിനെ മമത കടുത്തരീതിയിൽ വർഗീയവത്കരിച്ചുവെന്നാരോപിച്ച ചൗധരി ആർക്കും ഭൂരിപക്ഷം ഇല്ലാതെവന്നാൽ തൃണമൂലും ബി.ജെ.പിയും ചേർന്ന് സർക്കാറുണ്ടാക്കാവുന്നതാണെന്നും പരിഹസിച്ചു.
െകാൽക്കത്ത: കേന്ദ്ര സായുധ പൊലീസിനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര സേനാംഗങ്ങൾക്കെതിരെ നടത്തിയ പരാമർശം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസിന് നൽകിയ മറുപടിയിൽ കേന്ദ്ര പൊലീസ് സേനയോട് തനിക്ക് അങ്ങേയറ്റത്തെ ബഹുമാനമാണെന്നിരിക്കിലും പ്രത്യേക പാർട്ടിക്ക് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നതായി ഗുരുതര ആരോപണം നിലനിൽക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ ആറിന് പുലർച്ചെ രാംനഗറിൽ ഒരു പെൺകുട്ടിയെ സേനാംഗങ്ങളിലൊരാൾ മാനഭംഗപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതി കൊടുത്തിട്ടും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷൻ അധികാരികൾ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. സേനാംഗങ്ങൾക്ക് ഏതെങ്കിലും തരത്തിലെ നിർദേശങ്ങളും നൽകിയില്ല.
ആരുതന്നെ തടസ്സമുണ്ടാക്കിയാലും ജനാധിപത്യരീതിയിൽ ഘെരാവോ ചെയ്യുവാനാണ് താൻ വോട്ടർമാരെ ഉദ്ബോധിപ്പിച്ചത്. പെരുമാറ്റ ചട്ടമോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളോ ലംഘിച്ചിട്ടില്ല. അതിനാൽ, തനിക്കെതിരായ നോട്ടീസ് റദ്ദാക്കണമെന്നും മമത തെരെഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.