കൊൽക്കത്ത: കോവിഡ് പടരുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഒറ്റത്തവണയായി ചുരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ എട്ടുഘട്ടമാക്കി പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമീഷനെതിരെ കേസ്. കഴിഞ്ഞ ദിവസം മരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹയാണ് തെൻറ ഭർത്താവിനെ കൊപാതകം നടത്തിയത് കമീഷനാണെന്ന് കുറ്റപ്പെടുത്തി പൊലീസിൽ പരാതി നൽകിയത്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ സുദീപ് ജെയ്നും സഹഉദ്യോഗസ്ഥരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്നും സ്വാർഥ താൽപര്യങ്ങൾക്ക് മാത്രമാണ് അവർ മുൻഗണന നൽകിയതെന്നും കുറ്റപ്പെടുത്തി.
'രാജ്യം മുഴുക്കെ കോവിഡ് പ്രതിസന്ധിയിൽ ഉഴറിയ ഘട്ടമായിട്ടും ബംഗാളിൽ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇത് ഒരു ഘട്ടത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. ആസാമിൽ മൂന്നു ഘട്ടങ്ങളിലും അവസാനിപ്പിച്ചു. അവശേഷിച്ച ഘട്ടങ്ങളെങ്കിലും ഒന്നാക്കാൻ ഏപ്രിൽ 16നും 20നും രണ്ടുതവണ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. പക്ഷേ, കണ്ണിൽ പൊടിയിടുന്ന നടപടികളുമായി അവ തിരസ്കരിച്ചു. കൽക്കത്ത ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും തലയിൽ തൂങ്ങിനിൽക്കുന്ന മഹാദുരന്തത്തെ കുറിച്ച എല്ലാ സൂചനകളും കമീഷൻ അവഗണിക്കുകയായിരുന്നു''- പരാതിയിൽ പറയുന്നു.
അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയ കമീഷൻ രീതിക്കെതിരെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ഒറ്റക്ക് കാരണക്കാരാണെന്നും അവർക്ക് എതിരെ വധശിക്ഷക്ക് കേസ് എടുക്കണമെന്നുമായിരുന്നു കോടതി നിർദേശം. എന്നാൽ, സുരക്ഷ നടപടികൾ സ്വീകരിക്കലും നടപ്പാക്കലും സംസ്ഥാന സർക്കാറുകളുടെ ചുമതലയാണെന്നും തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കൽ മാത്രമാണ് തങ്ങളുടെ ജോലിയെന്നുമായിരുന്നു കമീഷെൻറ പ്രതികരണം.
അതേ സമയം, തെരഞ്ഞെടുപ്പ് കാലത്ത് ബംഗാളിൽ ക്രമസമാധാന ചുമതല കൂടി വഹിച്ചത് കമീഷനാണെന്നും അതിനായി കേന്ദ്ര അർധ സൈനി ക വിഭാഗങ്ങൾ എത്തിയതാണെന്നും നന്ദിത സിൻഹ ചൂണ്ടിക്കാട്ടി.
ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബി.ജെ.പിയുടെ ശിങ്കിടിയായി തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.