കൊൽക്കത്ത: പതിറ്റാണ്ടുകൾ ഭരണം കൈയാളിയ പാരമ്പര്യമുണ്ടായിട്ടും ഇത്തവണ പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും പിടിക്കാനാവാതെ ഇടതുകക്ഷികളും കോൺഗ്രസും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരുകക്ഷികളും ഇതുപോലൊരു മഹാ ദുരന്തത്തിന് ഇരകളാകുന്നത്. അവർക്കൊപ്പം മത്സരിച്ച അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫ് എന്ന രാഷ്ട്രീയ സെക്കുലർ മജ്ലിസ് പാർട്ടി പോലും ഒരു സീറ്റ് പിടിച്ചിടത്താണ് മാനംകെട്ട തോൽവി.
294 അംഗ സഭയിലേക്ക് തൃണമുൽ, ബി.ജെ.പി കക്ഷികൾക്കെതിരെ കോൺഗ്രസ്- ഇടത്- ഐ.എസ്.എഫ് മൂവർ മുന്നണിയാണ് മത്സര രംഗത്തുണ്ടായിരുന്നത്. യഥാർഥ പോരാട്ടം ബി.ജെ.പിയും തൃണമൂലും തമ്മിലായിരുന്നുവെങ്കിലും ഒറ്റക്ക് രണ്ടക്കം കടക്കാനാവുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചിലയിടങ്ങളിലെങ്കിലും ജയിക്കാനാകുമെന്ന് ഇടതുപക്ഷവും പ്രതീക്ഷിച്ചു. പക്ഷേ, അവരുടെ തീപ്പൊരി പ്രഭാഷക ഐഷ ഘോഷിന് ലഭിച്ചത് 14 ശതമാനം വോട്ടുകൾ മാത്രം. സി.പി.എം നേതാക്കളായ തന്മയ് ഭട്ടാചാര്യ, കാന്തി ഗാംഗുലി, സുചൻ ചക്രവർത്തി, ശ്രീജൻ ഭട്ടാചാര്യ, പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സാലിം എന്നിവരെല്ലാം ദയനീയമായി പരാജയപ്പെട്ടു.
മറുവശത്ത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളായി നിലനിർത്തിപ്പോന്ന മാൾഡയും മുർഷിദാബാദും ഇത്തവണ കോൺഗ്രസിനെവിട്ട് കൂട്ടമായി തൃണമൂലിന് വോട്ടുചെയ്തു. മുസ്ലിം ജനസംഖ്യ 66.28 ശതമാനമുള്ള മുർഷിദാബാദിൽ സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റും ലോക്സഭാംഗവുമായ അധീർ ചൗധരിയെ മുന്നിൽനിർത്തി അങ്കം നയിച്ചിട്ടും ദീദിയെ വിടാൻ നാട്ടുകാർ ഒരുക്കമായില്ല. 50 ശതമാനത്തിന് മുകളിലുള്ള മാൾഡയിൽ മുൻ കേന്ദ്രമന്ത്രി അബ്ദുൽ ഗനി ഖാൻ ഉൾപെടെ ദയനീയമായി തോറ്റുമടങ്ങി. 90 ശതമാനത്തിലേറെ മുസ്ലിംകളുള്ള സുജാപൂരിലും കോൺഗ്രസ് അപ്രസക്തമായി, പകരം തൃണമൂൽ മതിയെന്നുവെച്ചു. ഹൂഗ്ളിയിലെ ചംപ്ദാനിയിൽ നാലു തവണ ജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൽ മന്നാൻ ഇത്തവണ തോൽവിയറിഞ്ഞു. രണ്ടു ജില്ലകളിലും മുസ്ലിം വോട്ട് ചിതറുന്നത് തൃണമൂലിനെ തോൽപിക്കുമെന്നും ബി.ജെ.പി അധികാരമേറാൻ ഇടയാക്കുമെന്നും ഭയന്ന് കൂട്ടമായി ജനം മമതക്കൊപ്പം നിന്നു.
ഇടതുപക്ഷം 32ഉം (വോട്ട് ശതമാനം 26) കോൺഗ്രസ് 44ഉം (വോട്ട് ശതമാനം 12.3) സീറ്റുകൾ നേടിയ 2016ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു വർഷം പൂർത്തിയാകുേമ്പാഴേക്ക് ഇല്ലാതായിപോകുന്നതെങ്ങനെയെന്നതാണ് ഇരു കക്ഷികളെയും അലട്ടുന്നത്. അന്ന് ഒന്നിച്ചുനേടിയ 76 സീറ്റുകളാണ് കൈവിട്ടുപോയത്.
മമത 2011ൽ ബംഗാൾ പിടിക്കും മുമ്പ് തുടർച്ചയായ 34 വർഷം സംസ്ഥാനം ഭരിച്ച പാർട്ടിയാണ് ഇടതുപക്ഷം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം എട്ടുശതമാനമായി കുറഞ്ഞെങ്കിൽ അതിനെക്കാൾ മോശം ഫലമാണ് ഇത്തവണ പാർട്ടിയെ പിടികൂടിയത്- 5.7 ശതമാനം.
തൃണമൂലിനെ ഭയന്ന് ഇടതു വോട്ടുകൾ കൂട്ടമായി ബി.ജെ.പിയിൽ ചേക്കേറുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഫലങ്ങൾ.
അന്ന് മൂന്നു സീറ്റ് മാത്രം വിജയിച്ച് ചിത്രത്തിനു പുറത്തായിരുന്ന ബി.ജെ.പി അത് 77 ആയി ഉയർത്തിയെന്നു മാത്രമല്ല, അധികാരം പിടിക്കുമെന്നുവരെ സംശയം സൃഷ്ടിച്ചു. ഈ കുതിപ്പിൽ പഴയ ഇടതുവോട്ടുകൾ നിർണായകമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച മുദ്രാവാക്യങ്ങളിൽ ചിലത് 'ആഗെ റാം, പോറെ ബാം' (രാമൻ ആദ്യം, ഇടത് പിന്നീട്), 'ചുപ് ചാപ് കൊമോൽ ചാപ്' (മൗനിയാകൂ, വോട്ട് ബി.ജെ.പിക്ക് ചെയ്യു) എന്നിങ്ങനെയായിരുന്നു. തൃണമൂലിനെതിരായ വികാരം ബി.ജെ.പിക്കൊപ്പം നിലയുറപ്പിക്കാനാണ് അവരെ പ്രേരിപ്പിച്ചത്.
2019ൽ തങ്ങൾക്ക് നഷ്ടമായ വോട്ടുകൾ തിരികെ പിടിക്കുന്നതിൽ ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടു. പ്രചാരണ രംഗത്തുപോലും പഴയ ഭരണകക്ഷി വൻതോൽവിയായി. കോൺഗ്രസാകട്ടെ, കേന്ദ്ര നേതൃത്വത്തെ എത്തിക്കാൻ പോലും കഴിയാതെ തളർന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ സംഭവിച്ചുപോലും നടക്കാതെ ഇത്തവണ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതാണ് ദീദിയുടെ ജൈത്രയാത്രക്ക് മാറ്റുകൂട്ടിയത്. അതുവഴി സംഭവിച്ചതാകട്ടെ, സഭയിൽ ഒരു വാക്കു പറയാൻ പോലും ഇനി ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതെ പോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.