വോട്ട് എണ്ണും മുമ്പ് വിവിപാറ്റ് എണ്ണുമോ?, ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വോട്ട് എണ്ണുന്നതിനു മുേമ്പ ഓരോ വോട്ടിനുമൊപ്പം ശേഖരിച്ച വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി അടിയന്തരമായി കേൾക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സമ്മതിച്ചു. അഞ്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടുകൾ വ്യാഴാഴ്ച എണ്ണാനിരിെക്കയാണ് ഈ ആവശ്യം ബുധനാഴ്ച പരിഗണിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ രാകേഷ് കുമാർ സമർപ്പിച്ച ഹരജി മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മുമ്പാകെ ഇന്ന് വിശദീകരിച്ചത്.

അവസാന മിനിറ്റിൽ വന്നാൽ സുപ്രീംകോടതിക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് മീനാക്ഷി അറോറയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. വ്യാഴാഴ്ച വോട്ടെണ്ണലാണ്. ബുധനാഴ്ച കേസ് പരിഗണിച്ചാൽ തന്നെ തങ്ങൾക്ക് ഒരു നിർദേശം പുറപ്പെടുവിക്കാനാകുമോ എന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷന് ഇത്തരമൊരു നിർദേശം നൽകിയാൽ മതിയെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. എങ്കിൽ, കമീഷനെ ബുധനാഴ്ച കേട്ടശേഷം എന്തുചെയ്യാൻ പറ്റുമെന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

വോട്ടെണ്ണിക്കഴിഞ്ഞ ശേഷം വിവിപാറ്റുകൾ എണ്ണുന്നതിൽ അർഥമില്ലെന്ന് അറോറ ചൂണ്ടിക്കാട്ടി. വോട്ട് എണ്ണുന്നതിനു മുമ്പ് പോളിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ വിവിപാറ്റ് എണ്ണി അവ രണ്ടും പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കണം. നിലവിൽ ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തമ്മിലാണ് ഒത്തുനോക്കുന്നത്. ഫലമറിയാനുള്ള ആകാംക്ഷയിൽനിൽക്കുന്ന പോളിങ് ഏജന്‍റുമാർ വോട്ടെണ്ണിക്കഴിയുന്നതോടെ അഞ്ച് ബൂത്തുകളിലെ പരിശോധനക്ക് നിൽക്കില്ലെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. 

Tags:    
News Summary - Will vvpat count before the votes are counted?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.