ക​ലാ​മ​ണ്ഡ​ലം സൈ​ല സ​ലീ​ഷ്

അനന്തരം അവർ ചുവടുകളായി

‘പൂമകളാണേ ഹുസുനുൽ ജമാല്‍ പുന്നാരത്താളം മികന്തെ ബീവി...’ ഈ വരികൾ കേൾക്കാത്തവരും പാടാത്തവരും ചുരുക്കമായിരിക്കും. അനശ്വര പ്രണയ കാവ്യമായി പാടിപ്പതിഞ്ഞ മോയിൻകുട്ടി വൈദ്യരുടെ ഈ വരികൾ പിറവി കൊണ്ടിട്ട് 150 വർഷം തികഞ്ഞു. പേർഷ്യൻ കഥയായ ‘ബദറുൽ മുനീർ-ഹുസുനുൽ ജമാൽ’ മോയിൻകുട്ടി വൈദ്യർക്ക് പകർന്നു കൊടുത്തത് സുഹൃത്ത് നിസാമുദ്ദീനാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കൃതി അന്നത്തെ സമൂഹത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജിന്നുകളും ഇഫ്രീത്തുകളുമുള്ള ഭാവനാലോകത്ത് കൂടിയാണ് കാവ്യത്തിന്റെ സഞ്ചാരം. പ്രണയം പാപമായി കണ്ടിരുന്ന 1872കളിൽ പിറവിയെടുത്ത ഈ കൃതി ഫെമിനിസ്റ്റ് ആശയംകൂടി പറയുന്നുണ്ട്. സംസ്കൃതം, അറബി, പേർഷ്യൻ, തമിഴ്, കന്നട, മലയാളം എന്നിങ്ങനെ പത്തോളം ഭാഷകൾ ഈ കാവ്യത്തിലുണ്ട്.

ഈ പ്രണയകാവ്യത്തിലെ തിരഞ്ഞെടുത്ത എട്ട് ഇശലുകൾ കോർത്തിണക്കി ക്ലാസിക്കൽ നൃത്തരൂപത്തിൽ ആവിഷ്കരിക്കുകയാണ് കലാമണ്ഡലം സൈല സലീഷും സംഘവും. തിരക്കഥാകൃത്ത് ടി.എ. റസാഖിന് ആദരാഞ്ജലിയർപ്പിച്ച്, അദ്ദേഹത്തിന്റെയും മോയിൻകുട്ടി വൈദ്യരുടെയും ജന്മസ്ഥലമായ കൊണ്ടോട്ടി തുറക്കലിൽ ‘അരങ്ങ്’ സംഘടിപ്പിക്കുന്ന രാപ്പകൽ വാദ്യനൃത്ത സംഗീത സംഗമത്തിന്റെ പ്രധാന പരിപാടിയായി ഞായറാഴ്ച തുറക്കൽ ജി.എം.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ഈ നൃത്ത സംഗീത ശിൽപം അരങ്ങേറും. സൈല പറയുന്നു.

മഹാകാവ്യം നൃത്തശിൽപമാകുന്നു

ബദറുൽ മുനീർ-ഹുസുനുൽ ജമാൽ കർണാടക സംഗീതത്തിലേക്ക് മാറ്റി ഭരതനാട്യമായി അവതരിപ്പിക്കുക -സൈലയുടെ മാതൃസഹോദരനും മാധ്യമപ്രവർത്തകനുമായ പി.പി. ഷാനവാസാണ് ഇങ്ങനെ ഒരാശയം ആദ്യം പറയുന്നത്. ചരിത്ര പ്രാധാന്യമുള്ള കൃതി കൂടുതല്‍ സാമൂഹിക ഇടം അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ഒരുപാട് ഭാഷകൾ ഉൾക്കൊണ്ട കൃതിയായതിനാൽ അർഥം മനസ്സിലാക്കി ആശയം ചോരാതെ അഭിനയത്തിൽ കൊണ്ടുവരുകയും വേണം, അതായിരുന്നു ചലഞ്ച്. ദൃശ്യാവിഷ്കരണത്തിൽ അനുഭവിച്ച വെല്ലുവിളികളിൽ പ്രധാനം ഇതായിരുന്നു. തിരഞ്ഞെടുത്ത ഇശലുകളുമായി തൃശൂരിലുള്ള സംഗീതസംവിധായകൻ ബിജീഷ് കൃഷ്ണയെ ചെന്നുകണ്ടു. അദ്ദേഹം ആവേശത്തോടെ ഏറ്റെടുത്തു. മാപ്പിളപ്പാട്ടിനെ കർണാടക സംഗീതത്തിലേക്ക് മാറ്റുക അത്ര എളുപ്പമല്ല എന്നറിയാമായിരുന്നു. ഒട്ടനവധി രാഗങ്ങൾ കോർത്തിണക്കി ചിട്ടപ്പെടുത്താൻ ഒരുപാട് കഷ്ടപ്പെട്ടു. മൃദംഗം, തബല, സിത്താർ, ഫ്ലൂട്ട് എന്നിങ്ങനെ വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു. രണ്ടുമാസംകൊണ്ടാണ് ഈ ദൃശ്യാവിഷ്കാരം ചിട്ടപ്പെടുത്തിയത്.

അരങ്ങിൽ ഇവർ

ദൃശ്യാവിഷ്കാരത്തിൽ ഹുസുനുൽ ജമാലായി സൈല സലീഷും ബദ്റുൽ മുനീറായി അർജുൻ സുബ്രഹ്മണ്യനും മുഷ്താഖായി ശ്രീക്കുട്ടൻ എം.എസും, കൂടാതെ നടനം നൃത്തവിദ്യാലയത്തിലെ വിദ്യാർഥികളായ റീമ എം, ഹൃദ്യ കെ, അവന്തിക എൻ, ദേവിക വി, കീർത്തി കെ എന്നിവരുമാണ് രംഗത്തെത്തുന്നത്. കലാമണ്ഡലം ടി.ബി. പ്രൽസജ, സൈല സലീഷ്, എം.എസ്. ശ്രീക്കുട്ടൻ എന്നിവരാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. വകുളാഭരണം രാഗത്തിൽ ആരംഭിച്ച് മേഘരാഗത്തിൽ അവസാനിക്കുന്ന സംഗീതം ചാരുകേശി, യമുനാ കല്യാണി, സിന്ധുഭൈരവി, ഹിന്ദോളം എന്നിങ്ങനെ കർണാടക സംഗീതത്തിലെ രാഗങ്ങൾ ചേർത്തിണക്കിയാണ് ചിട്ടപ്പെടുത്തിയത്. നൃത്തശിൽപത്തിന്റെ സങ്കൽപനം മാധ്യമപ്രവർത്തകനായ പി.പി. ഷാനവാസാണ് തയാറാക്കിയത്. സ്ക്രിപ്റ്റ് സലീഷ് സൈല.

ബദറുൽ മുനീറും ഹുസുനുൽ ജമാലും

ഹിന്ദ് രാജ്യത്തെ രാജകുമാരിയും മന്ത്രിപുത്രനും തമ്മിലുള്ള പ്രണയമാണ് ‘ബദറുൽ മുനീർ- ഹുസുനുൽ ജമാൽ’. ബാഗ്സൂറൂർ പൂന്തോട്ടത്തിൽ പ്രണയത്തിന്റെ വിരഹവും യുദ്ധത്തിന്റെ മുറിവുമായി മയങ്ങുന്ന ഹുസുനുൽ ജമാൽ കാണുന്ന സ്വപ്നത്തിലാണ് കഥ തുടങ്ങുന്നത്. പ്രിയതമനോടൊപ്പമുള്ള പ്രണയകേളികൾ കണ്ടുറങ്ങുന്ന ഹുസുനുൽ ജമാൽ ജിന്നുകളുടെ രാജാവായ മുഷ്താഖിനെ കണ്ട് ഞെട്ടിയുണരുന്നു. ആടയാഭരണങ്ങൾ തിരയുന്ന ഹുസുനുൽ ജമാൽ വിലപിടിപ്പുള്ള തന്റെ മാല നഷ്ടമായെന്ന് തിരിച്ചറിഞ്ഞ് മുഷ്താഖിനെ സംശയിച്ച് കയർത്തു സംസാരിക്കുന്നു. മുഷ്താഖിന് ഹുസുനുൽ ജമാലിനോട് പ്രണയം തോന്നുകയും തുടർന്ന് അവളെ ജിന്നുകളുടെ ലോകത്തേക്ക് കൊണ്ടുപോയി തന്റെ പ്രണയം തുറന്നുപറയുകയും ചെയ്തു. ബദറുൽ മുനീറിനെ ഹൃദയത്തിൽ കുടിയിരുത്തിയ ഹുസുനുൽ ജമാലിന് മുഷ്താഖിന് മനസ്സോ ശരീരമോ നൽകാൻ സാധിക്കുമായിരുന്നില്ല. അതിനാൽ തനിക്ക് അപൂർവ രോഗമാണെന്ന് അവൾ കള്ളം പറയുന്നു. ശാന്തനായ മുഷ്താഖ് മരണംവരെ കാത്തിരിക്കാമെന്ന് വാക്കുനൽകി. ബദറുൽ മുനീറിന്റെ ചിന്തയിൽ ജീവിതം സമർപ്പിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. ഇവിടെയാണ് നൃത്തശിൽപം അവസാനിക്കുന്നത്. സ്ത്രീയുടെ വിവിധ ഭാവങ്ങളിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്.

കൊണ്ടോട്ടി തുറക്കൽ വാഴയിൽ സയ്യിദലിയുടെയും പള്ളിപ്പറമ്പൻ സക്കിനത്തിന്റെയും മകളാണ് സൈല. ഭർത്താവ് സലീഷ് സൈല. മകൻ ആവാസ്, അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഏഴാം തരം മുതൽ പ്ലസ് ടു വരെ മോഹിനിയാട്ടം മുഖ്യ വിഷയമാക്കി കേരളകലാമണ്ഡലത്തിൽ പഠനം പൂർത്തിയാക്കിയ സൈല പിന്നീട് ഛത്തിസ്ഗഢ് ഇന്ദിര കല യൂനിവേഴ്സിറ്റിയിൽനിന്നും ഭരതനാട്യത്തിൽ ബിരുദവും, ട്രിച്ചി കലൈ കാവരി കോളജിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2020 -’21ൽ വജ്ര ജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട്.

Tags:    
News Summary - after words they became dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.