ബച്ചൻ കുടുംബത്തിൽ നിന്ന് ഒരാൾകൂടി സിനിമയിലേക്ക്

ബോളിവുഡിന്റെ ഷെഹിൻഷാ അമിതാഭ് ബച്ചന്റെ കുടുംബത്തിൽ നിന്നുള്ള പുതുതലമുറ അംഗംകൂടി സിനിമയിലേക്ക്. ശ്വേത ബച്ചന്റെ മകളും അമിതാഭ് ബച്ചന്റെ ചെറുമകളുമായ നവ്യ നവേലി നന്ദയാണ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. നവ്യ ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രത്തിലാണ്. ലോക​ പ്രശസ്ത സൗന്ദര്യവർധക ഉത്പ്പന്ന നിർമാതാക്കളായ ലോറയലിനായി നവ്യ അഭിനയിച്ച പരസ്യം പുറത്തിറങ്ങിയിട്ടുണ്ട്.

നിലവിൽ തന്റെ ആദ്യ സിനിമയിൽ നവ്യ ഒപ്പുവച്ചിട്ടില്ല. എന്നാൽ പരസ്യത്തിലെ അഭിനയം ബോളിവുഡിലേക്കുള്ള ചുവടുവെയ്പ്പിന് മുന്നോടിയാണെന്നാണ് അണിയറ സംസാരം. പരസ്യ വിഡിയോയിൽ, 25 വയസ്സുള്ള ഒരു കോർപ്പറേറ്റ് വനിതയായാണ് നവ്യ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ നവ്യ വിഡിയോ പങ്കുവച്ചിട്ടുണ്ട്. നവ്യയുടെ അടുത്ത സുഹൃത്തുക്കളായ ഷനായ കപൂർ, അനന്യ പാണ്ഡെ, സുഹാന ഖാൻ എന്നിവർ വീഡിയോ കണ്ടതിന് ശേഷം കമന്റ് ചെയ്തിട്ടുണ്ട്. നവ്യയുടെ ഇളയ സഹോദരൻ അഗസ്ത്യ നന്ദയും സോയ അക്തർ സംവിധാനം ചെയ്യുന്ന ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാനൊരുങ്ങുകയാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെയും ഖുഷി കപൂറിന്റെയും ബോളിവുഡ് പ്രവേശനം കൂടി ഈ ചിത്രത്തിലൂടെ നടക്കും.

നേരത്തേ തന്റെ അച്ഛൻ നിഖിൽ നന്ദയുടെ പാത പിന്തുടർന്ന് ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നവ്യ പറഞ്ഞിരുന്നു. 'ഞാൻ നൃത്തം ആസ്വദിക്കുന്നുണ്ട്. പക്ഷേ അത് ഒരിക്കലും ഒരു കരിയർ പ്രോസ്പെക്റ്റീവ് എന്ന നിലയിൽ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. ഞാൻ എപ്പോഴും ബിസിനസ്സിലേക്ക് ചായ്‌വുള്ളവളാണ്. ജോലി ചെയ്യുന്ന സ്ത്രീകളുടെ ചുറ്റുപാടിലാണ് ഞാൻ വളർന്നത്. ഞാൻ നന്ദ കുടുംബത്തിലെ നാലാമത്തെ തലമുറയാണ്. ആ പാരമ്പര്യം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛനെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് വലിയ അഭിമാനമാണ്. അഭിനയം ഒരു കരിയർ ചോയ്‌സായി ഞാൻ ഒരിക്കലും കണക്കാക്കിയിട്ടില്ല'-ഒരിക്കൽ നവ്യ നന്ദ പറഞ്ഞിരുന്നു. എന്നാൽ അമ്മ ശ്വേത ബച്ചന്റെ ആഗ്രഹ​പ്രകാരമാണ് നവ്യ സിനിമയിലേക്ക് വരുന്നതെന്നാണ് സൂചന.

Tags:    
News Summary - Amitabh Bachchan’s granddaughter Navya Naveli makes her display screen debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.