മുംബൈ: ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ആമിർ ഖാന്റെ ‘ലാൽ സിങ് ഛദ്ദ’ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തിട്ടും അവസരം ലഭിക്കാത്തതിന്റെയും ശേഷം ആമിർ അയച്ച സന്ദേശത്തിന്റെയും അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ റിയ ചക്രവർത്തി. ‘ചാപ്റ്റർ 2’ എന്ന ഷോയിൽ ആമിർ ഖാനുമായുള്ള സംഭാഷണത്തിനിടെയാണ് ഇരുവരും തമ്മിൽ ആദ്യം കണ്ടുമുട്ടിയതും തുടർന്നുള്ള അനുഭവങ്ങളുമെല്ലാം വിശദീകരിക്കുന്നത്.
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ആമിർ ഖാൻ അന്നയച്ച മെസേജ് തന്നെ അമ്പരപ്പിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. നിരവധി സിനിമകൾക്കുള്ള ഓഡിഷനുകളിൽ പങ്കെടുത്തെങ്കിലും ആദ്യമായാണ് ഒരു നടനിൽനിന്നോ സംവിധായകനിൽനിന്നോ നിർമാതാവിൽനിന്നോ അങ്ങനെയൊരു സന്ദേശം ലഭിക്കുന്നതെന്നും റിയ ആമിർ ഖാനോട് പറഞ്ഞു. ‘ക്ഷമിക്കണം, നിങ്ങളുടെ ഓഡിഷൻ മികച്ചതായിരുന്നു. എന്നാൽ, ഞങ്ങൾക്ക് നിങ്ങൾക്കൊപ്പം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല’ -എന്നായിരുന്നു മെസേജ്. ഇത് കണ്ടപ്പോൾ അമ്പരന്നുപോയെന്നും മാതാപിതാക്കളെ കാണിച്ച് ഞാനൊരു മികച്ച നടിയാണെന്ന് ആമിർ ഖാൻ പറയുന്നത് കണ്ടോയെന്ന് പറഞ്ഞെന്നും റിയ കൂട്ടിച്ചേർത്തു.
അന്നത്തെ സംഭവം ഓർത്തെടുത്ത ആമിർ ഖാൻ, തുടക്കത്തിൽ താനും ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്ത് അവസരം ലഭിക്കാതിരുന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ‘ഒരു അഭിനേതാവ് എന്ന നിലയിൽ നിങ്ങൾ കഷ്ടപ്പെടുമ്പോൾ എനിക്കാ വികാരം മനസ്സിലാകും. കാരണം, ഞാൻ തുടക്കത്തിൽ ധാരാളം ഓഡിഷനുകളിൽ പങ്കെടുക്കുകയും ഒരിടത്തും അവസരം ലഭിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ആ വേഷം കിട്ടിയില്ലെങ്കിൽ അത് അറിയിക്കേണ്ടതുണ്ടെന്ന് തോന്നി. ഇല്ലെങ്കിൽ കിട്ടുമോ ഇല്ലയോ എന്ന് കാത്തിരിക്കും’ -എന്നിങ്ങനെയായിരുന്നു ആമിറിന്റെ മറുപടി.
2022ലാണ് ലാൽ സിങ് ഛദ്ദ റിലീസ് ചെയ്തത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സോഫിസിൽ വൻ പരാജയമായിരുന്നു. കരീന കപൂർ ആയിരുന്നു നായികയായി എത്തിയത്.
അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയയെ നടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതോടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കാമുകനായ സുശാന്തിന് വേണ്ടി മയക്കുമരുന്ന് തരപ്പെടുത്തിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. 28 ദിവസം ബൈക്കുള ജയിലിൽ കിടന്ന റിയ 2020 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. വിഡിയോ ജോക്കിയായാണ് റിയ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സജീവമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.