നി​ല​മ്പൂ​ർ ആ​യി​ഷ​     ഫോട്ടോ: പി. അഭിജിത്ത്

ഹൃ​ദ​യം തു​റ​ന്ന് ആയിഷ

‘ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു മ​ത​ക്കാ​രും ന​മ്മ​ളെ ശി​ക്ഷി​ക്കു​ക​യും വേ​ണ്ട’ എ​ന്ന നി​ല​മ്പൂ​ർ തേ​ക്കി​നേ​ക്കാ​ൾ ക​രു​ത്തു​റ്റ വാ​ക്കു​ക​ളോ​ടെ നാ​ട​കരം​ഗ​ത്തേ​ക്കി​റ​ങ്ങി​യ നി​ല​മ്പൂ​ർ ആ​യി​ഷ​യെ​ന്ന അ​ഭി​ന​യ​പ്ര​തി​ഭ​യു​ടെ പി​റ​വി​കൂ​ടി​യാ​യി​രു​ന്നു ഇ.​കെ. അ​യ​മു​വി​ന്റെ ‘ജ്ജ് ​ന​ല്ലൊ​രു മ​ന്സ​നാ​കാ​ൻ നോ​ക്ക്’ നാടകം. കേ​ര​ള മു​സ്‍ലിം സ​ മു​ദാ​യ​ത്തി​ലെ ആ​ദ്യ നാ​ട​കന​ടി​യെ​ന്ന ച​രി​ത്രം​കു​റി​ക്ക​ലു​മാ​യി അത്

1950കളുടെ തുടക്കത്തിൽ വള്ളുവനാട്ടിലെ ഒരു സായംസന്ധ്യ. പായയും തലയിണയും കുട്ടിയും െപട്ടിയുമായി എല്ലാ കാലുകളും നടന്നടുക്കുന്നത് പെരിന്തൽമണ്ണയുടെ മണ്ണിലേക്കാണ്. അവിടെ നിലമ്പൂർ യുവജന കലാസമിതിയുടെ ‘ഇജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ നാടകം കളിക്കുന്നു, അത് കാണണം. ഇ.എം.എസ് നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയ നേതാക്കളൊക്കെ നാടകം കാണാനുണ്ട്. നാടകം നന്നായി ബോധിച്ച ഇ.എം.എസിന് ഒരു കാര്യത്തിൽ മാത്രമേ വിയോജിപ്പുണ്ടായിരുന്നുള്ളൂ. സ്ത്രീവേഷം ചെയ്തിരുന്ന ആണുങ്ങൾക്ക് പകരം പെണ്ണുങ്ങൾ ആ ഭാഗം അഭിനയിച്ചാൽ നാടകം കൂടുതൽ മികച്ചതാകും എന്നതായിരുന്നു അത്. അഭിനയിക്കാൻ പെണ്ണുങ്ങളെ കിട്ടാത്ത കാലത്ത് നിലമ്പൂർ ബാലൻ എന്ന നാടകപ്രതിഭ പക്ഷേ, ആ വെല്ലുവിളി ഏറ്റെടുത്തു. അത് ആദ്യം എത്തിനിന്നത് ജാനകിയിലായിരുന്നു. പിന്നീട് എത്തിച്ചേർന്നത് കാലം കാത്തുവെച്ച അഭിനയ-വിപ്ലവ പോരാട്ട നായികയിലും. ‘രക്ഷിക്കാൻ കഴിയാത്ത ഒരു മതക്കാരും നമ്മളെ ശിക്ഷിക്കുകയും വേണ്ട’ എന്ന നിലമ്പൂർ തേക്കിനേക്കാൾ കരുത്തുറ്റ വാക്കുകളോടെ നാടക രംഗത്തേക്കിറങ്ങിയ നിലമ്പൂർ ആയിഷയെന്ന അഭിനയപ്രതിഭയുടെ പിറവികൂടിയായിരുന്നു അത്. അതാകട്ടെ കേരള മുസ്‍ലിം സമുദായത്തിലെ ആദ്യ നാടക നടിയെന്ന ചരിത്രംകുറിക്കലുമായി. മുസ്‍ലിം സ്ത്രീ നാടകത്തിലേക്കല്ല നരകത്തിലേക്കാണ് എന്ന വെല്ലുവിളി മുദ്രാവാക്യങ്ങളും വെടിവെപ്പും കല്ലേറും മർദനങ്ങളും താണ്ടിയ അവർ 2500ലേറെ നാടകവേദികൾ, 50ലധികം സിനിമകൾ, ഒട്ടനവധി ഗാനമേളകൾ, സാംസ്കാരിക-രാഷ്ട്രീയ വേദികൾ എന്നിവ കീഴടക്കി തന്റെ അഭിനയപാടവം തുടരുമ്പോഴാണ് ‘ആയിഷ’ എന്ന ബയോപിക് ചിത്രത്തിലൂടെ ആദരിക്കപ്പെടുന്നത്.

കണ്ണീർവാർത്ത് ആയിഷമാർ

ഏഴു പതിറ്റാണ്ട് പിന്നിട്ട കലാസപര്യക്കുള്ള അർഹിക്കുന്ന അംഗീകാരംകൂടിയായ സിനിമ നിറഞ്ഞ സദസ്സുകളിൽ തിയറ്ററുകൾ കീഴടക്കുമ്പോൾ ആയിഷാത്തക്ക് ഏറെ സന്തോഷം. കലക്കുവേണ്ടി ഉഴിഞ്ഞുവെച്ച തങ്ങളുടെ ജീവിതം പുതുതലമുറകൂടി അറിയുന്ന അതിരറ്റ സന്തോഷത്തിലാണ് അവർ. നവാഗത സംവിധായകൻ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ‘ആയിഷ’യിൽ മഞ്ജു വാര്യർ കൈയടി നേടുമ്പോൾ കോഴിക്കോട്ടെ തിയറ്ററിൽ കണ്ണീർവാർത്തത് സിനിമയിലെ നായികയും ജീവിതത്തിലെ നായികയുമാണ്. ഒന്നിച്ചിരുന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോൾ മഞ്ജു വാര്യരും നിലമ്പൂർ ആയിഷയും ഒരുപോലെ കണ്ണീരണിഞ്ഞ ധന്യമുഹൂർത്തത്തിനാണ് തിയറ്റർ സാക്ഷ്യം വഹിച്ചത്. സന്തോഷവും സങ്കടവും നിറഞ്ഞ ആ കണ്ണീരിന് പിന്നിൽ പതിറ്റാണ്ടുകളോളം നിലമ്പൂർ ആയിഷ താണ്ടിയ നീറിപ്പുകഞ്ഞ ജീവിതത്തിന്റെ കയ്പ്പുനീരുകൂടിയുണ്ടായിരുന്നുവെന്നത് മായ്ക്കാനാവാത്ത ചരിത്രം. ചിത്രത്തിൽ കൂടുതലും ഗദ്ദാമയായുള്ള ജീവിതമാണ് പറയുന്നത്. എന്നാൽ അതിലേക്കുള്ള യാത്ര കൊടിയ ദാരിദ്ര്യത്തിന്റേതും യാതനകളുടേതുമായിരുന്നെന്ന് അവർ ഓർക്കുന്നു.

1935ൽ സമ്പന്ന കുടുംബത്തിലായിരുന്നു ജനനമെങ്കിലും പിതാവിന്റെ മരണത്തോടെ ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടതായിരുന്നു ബാല്യം. ആ ദാരിദ്ര്യം 13ാം വയസ്സിൽ വിവാഹജീവിതത്തിലേക്കും എത്തിച്ചു. വിവാഹം എന്താണ്, കുടുംബജീവിതം എന്താണ് എന്നൊന്നും അറിയാത്ത പ്രായത്തിലാണ് 47കാരനെ ജീവിതപങ്കാളിയാക്കേണ്ടി വന്നത്. അഞ്ചു ദിവസം മാത്രമാണ് ആ ബന്ധം നിലനിന്നതെങ്കിലും ആ ബന്ധത്തിൽ ഒരു കുഞ്ഞു പിറന്നു. അക്കാലത്ത് ഗ്രാമഫോണിൽനിന്നും ഹിന്ദി പാട്ട് കേട്ടുപഠിച്ച് പാടാറുണ്ട്. ഒരിക്കൽ പാടുന്നത് കേട്ടാണ് ജ്യേഷ്ഠൻ മാനു മുഹമ്മദും സുഹൃത്ത് ഇ.കെ. അയമുവും വരുന്നത്. അവർക്ക് പാട്ട് ഇഷ്ടപ്പെട്ടതോടെ ഒരു ചോദ്യം ‘ജ്ജ് നാടകത്തിൽ അഭിനയിക്കുന്നോ?’. ഇ.എം.എസിന്റെ വാക്കുകേട്ട് നാടക നടിയെ തിരഞ്ഞുനടക്കുമ്പോഴാണ് അവർ എന്റെ പാട്ടുകേൾക്കുന്നതും ചോദ്യം ഉന്നയിക്കുന്നതും. ഞാൻ തയാറാണെന്ന് പറഞ്ഞെങ്കിലും സമുദായക്കാരെ ഓർത്ത് ഉമ്മ വേണ്ടെന്നു പറഞ്ഞു. ദാരിദ്ര്യവും കഷ്ടപ്പാടും നന്നായി അനുഭവിച്ചുകൊണ്ടിരുന്ന കാലമാണ്. അതിനാൽ രക്ഷിക്കാൻ കഴിയാത്തവർ നമ്മളെ ശിക്ഷിക്കാനും വരണ്ട എന്ന ഉറച്ചവാക്കുകളോടെ ഞാൻ തീർത്തുപറഞ്ഞു; ഞാനഭിനയിക്കും. ജ്യേഷ്ഠൻ മാനുവും ഉറച്ച പിന്തുണ നൽകിയതോടെ 16ാം വയസ്സിൽ, ഒരു കുട്ടിയുടെ ഉമ്മകൂടിയായ ആയിഷ അങ്ങനെ ‘നിലമ്പൂർ ആയിഷ’യായി.

കൂരിരുട്ട് കരുത്താക്കി റിഹേഴ്സൽ

ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ ആണ് ആദ്യ നാടകം. പകൽ വീട്ടിലിരുന്ന് ഡയലോഗ് പഠിക്കുകയും രാത്രി 12ന് പുറംലോകമറിയാതെ രഹസ്യമായിട്ട് റിഹേഴ്സൽ നടത്തുകയും ചെയ്തു. വീട്ടിൽനിന്നും കുറച്ചുദൂരം മാറി തുന്നൽക്കാരനായിരുന്ന യു. ബാലേട്ടന്റെ വീട്ടിൽ വെച്ചായിരുന്നു റിഹേഴ്സൽ. ആരും കാണാതിരിക്കാൻ നേരം വെളുക്കുംമുമ്പ് വീട്ടിലെത്തേണ്ടതുണ്ട്. പാടവരമ്പിലൂടെയും കാട്ടിലൂടെയും ആരും കാണാതെയാണ് യാത്ര. പേടിയകറ്റാൻ ജ്യേഷ്ഠൻ ചില രസങ്ങളൊക്കെ ഒപ്പിക്കും. പാടത്ത് ഒരു കണ്ടത്തിൽനിന്നും മറ്റൊരു കണ്ടത്തിലേക്ക് വെള്ളം പോകാൻ വരമ്പ് മുറിച്ചിടാറുണ്ട്. ഇരുട്ടത്ത് മുന്നിൽ നടക്കുന്ന മാനുക്കയെ നോക്കിയാണ് ഞങ്ങൾ നടക്കുക. വെള്ളം ഇല്ലാത്ത ഭാഗത്ത് കാൽ നീട്ടിവെച്ചാണ് ജ്യേഷ്ഠൻ നടക്കുക. വെള്ളമുള്ള സ്ഥലത്ത് ഒരു ചാട്ടം ചാടും. ഞങ്ങളെ പറ്റിക്കാനായി വെള്ളം ഇല്ലാത്ത സ്ഥലത്തും മാനുക്ക ചാടും. ഇത് കണ്ട് ഞങ്ങളും ചാടി ഇളിഭ്യരാകും. വെള്ളമുള്ള സ്ഥലത്ത് എത്തുമ്പോൾ ചാടാതെ കാൽ നീട്ടിവെച്ച് മറുവരമ്പിൽ എത്തും. ഞങ്ങളാകട്ടെ ഇതറിയാതെ ബ്ലും...ബ്ലും എന്നിങ്ങനെ ഓരോരുത്തരായി വെള്ളത്തിൽ വീഴും. പിന്നെ കൂട്ടച്ചിരിയാണ്.

കമ്യൂണിസ്റ്റ് പാർട്ടി ഒരുക്കിയ വേദിയിൽ കോഴിക്കോട് ഫറോക്കിലായിരുന്നു ആദ്യമായി അരങ്ങിലെത്തുന്നത്. വൻ പുരുഷാരത്തിന് മുന്നിൽ നാടകം കളിച്ചുകഴിഞ്ഞതോടെ അത് വലിയ വാർത്തയായി. മുസ്‍ലിം സ്ത്രീ അഭിനയരംഗത്തേക്ക് വന്നത് സമുദായത്തിന്റെ എതിർപ്പ് ശക്തമാക്കി. എന്നാൽ, എതിർപ്പിനെയും കരുത്താക്കി വേദികളിൽനിന്ന് വേദികളിലേക്ക് എത്താനുള്ള ആവേശമായിരുന്നു മനസ്സുനിറയെ.

‘‘നാടകം കളിക്കാൻ അക്കാലത്ത് ഗ്രാമങ്ങൾ തേടി നടക്കുക പോലും ചെയ്യേണ്ടി വന്നിരുന്നു. ആ നടത്തം ചിലപ്പോൾ 10ഉം 12ഉം കിലോമീറ്ററുകൾ താണ്ടും. വെറും കൈയോടെ അല്ല നടത്തം. ഹാർമോണിയം പെട്ടി, കർട്ടൻ സെറ്റ്, പെട്രോമാക്സ് എന്നിങ്ങനെ നാടകത്തിനുവേണ്ട സാമഗ്രികളും തലയിലേറ്റണം. ഒരു സ്ഥലത്ത് എത്തിയാൽ ഇതെല്ലാം അവിടെ ഇറക്കിവെക്കും. അവിടെ സ്കൂളോ, പീടികകളോ, ആശുപത്രിയോ ഒന്നുമുണ്ടാകില്ല. പക്ഷേ, ഒരുപാട് നാട്ടുകാരുണ്ടാകും. ഞങ്ങൾ അവരോട് പറയും. ഞങ്ങളെ സാധനങ്ങൾ ഇവിടെ ഇറക്കിവെച്ചിട്ടുണ്ട്. ഞങ്ങക്ക് ഇവിടെ ഒരുനാടകം കളിക്കണംന്ന്. പിന്നെ ചോദ്യം അടുത്ത് വേറെ ഏതെങ്കിലും ഗ്രാമംണ്ടോ ന്നാണ്. അപ്പോ അവര് പറയും, ആറ് കിലോ മീറ്റർ അപ്പ്റത്ത് ഒരു നാടുണ്ട്ന്ന്. പിന്നെ അങ്ങോട്ട് വെച്ചുപിടിക്കും. ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചാണ് നടക്കുക. കുട്ടികളും ജോലിയില്ലാത്തവരും ഞങ്ങളെ കൂടെ കൂടും. അവിടെയെത്തി അവരോട് അടുത്ത ഗ്രാമത്തിൽ ഇന്ന് നാടകം കളിക്കുന്ന കാര്യം അറിയിക്കും. അസുഖം വന്നാൽ ചികിത്സിക്കാൻ ഒരു ഡോക്ടർപോലും നാട്ടിൽ ഇല്ലാത്തത് നമുക്ക് വിദ്യാഭ്യാസം കിട്ടാത്തതുകൊണ്ടാണെന്നും നമുക്കും സ്കൂൾ വേണമെന്നും അവരെ ബോധ്യപ്പെടുത്തും. അങ്ങാടിയും ആശുപത്രിയുമൊക്കെ വേണ്ടതിനെ കുറിച്ച് പറയാനാണ് നാടകം കളിക്കുന്നതെന്നും വരണമെന്നും പറയും. അവിടുന്ന് വീണ്ടും അടുത്ത ഗ്രാമത്തിലേക്ക്... മുസ്‍ലിം സമുദായം തിങ്ങിപ്പാർക്കുന്ന സ്ഥലം. സ്ത്രീകളൊന്നും വെളിയിലേക്ക് വരാത്ത കാലമാണ്. അവരെ നേരിൽ കണ്ട് നാടകത്തിന് ക്ഷണിക്കേണ്ട ചുമതല എനിക്കാണ്. ഞാൻ അവർക്ക് പാട്ടുപാടിക്കൊടുക്കും.

‘‘പാടത്ത് നെല്ല് വിളഞ്ഞുകാണുമ്പോൾ ഫാത്തിമ മാറത്ത് കൈവച്ച് പാട്ടമളക്കണല്ലോ, തമ്പുരാന്റെ പണ്ടാറപത്തായംവീർപ്പിക്കാൻ... തമ്പുരാന്റെ പണ്ടാറപത്തായം വീർപ്പിക്കാൻ.’’ ഇതു പാടിക്കൊടുക്കുമ്പോൾ അവർക്ക് ബോധ്യമാകും, ശരിയാണ് നമ്മള് കൃഷിക്കാർക്ക് ഒന്നും കിട്ടണില്ലല്ലോ എന്ന്. അങ്ങനെ ആദ്യസ്ഥലത്ത് രാത്രിയോടെ തിരിച്ചെത്തും. നാടകം തുടങ്ങുമ്പോഴേക്കും മൂന്നു നാല് ഗ്രാമങ്ങളിൽനിന്നുള്ള വൻ ജനക്കൂട്ടം അവിടെയെത്തിയിട്ടുണ്ടാകും. പുരുഷന്മാർ മാത്രമല്ല, വീട്ടിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചിരുന്ന സ്ത്രീകളും കുട്ടികളുമൊക്കെ അക്കാലത്ത് എത്തിയിരുന്നു. നാടകം കഴിഞ്ഞ് പോകുമ്പോഴേക്കും ആ നാടിന് വേണ്ട ആവശ്യങ്ങളിലേക്ക് വെളിച്ചം വീശാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. അക്കാര്യം ചർച്ച ചെയ്താണ് അവര് വീടുപിടിക്കുക. തെളിച്ചുപിടിക്കുന്ന ചൂട്ട് ഒരു ഗ്രാമം കഴിയുമ്പോൾ അടുത്ത ഗ്രാമവാസികൾക്ക് കൈമാറുന്ന അത്രമേൽ അവർ തമ്മിൽ നാടിനായി ഒരുമ തീർത്തിരിക്കും. ഏറെ സന്തോഷം എന്താന്ന് വെച്ചാൽ അടുത്തകൊല്ലം ആ നാട്ടിൽ നാടകം കളിക്കാൻ പോകുമ്പോൾ സ്കൂളും ആശുപത്രിയും കിണറുമെല്ലാം ഉയർന്ന കാഴ്ച കാണാമെന്നതാണ്’’.

നാടകംതന്നെ ലഹരി

ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് നാടകം കളിച്ചും പാർട്ടി സ്റ്റഡി ക്ലാസ് നടത്തിയും ഞങ്ങൾ ഇന്നത്തെ കേരളത്തിനായി പ്രയത്നിച്ചവരാണ്. പക്ഷേ, വരുമാനം പ്രശ്നമായപ്പോൾ മകളെ വളർത്താൻ നാടകം അവസാനിപ്പിച്ച് പ്രവാസലോകത്തേക്ക് ഗദ്ദാമയായി തിരിക്കുകയായിരുന്നു. 1980കളിൽ സൗദിയിലെ വലിയ കുടുംബത്തിലാണ് ഗദ്ദാമയായി (വീട്ടുവേലക്കാരി) ജോലി ചെയ്തത്. ഒന്നോ, രണ്ടോ വർഷം കൂടുമ്പോൾ നാട്ടിലെത്തും. മടങ്ങിവരണേ എന്ന് പറഞ്ഞ് ഏറെ സങ്കടത്തോടെയാണ് സൗദി കുടുംബം യാത്രയാക്കുക. നാട്ടിലെത്തിയാലും ചിലപ്പോഴൊക്കെ നാടകം കളിക്കാൻ പോയിരുന്നു. അത്രക്ക് ആവേശമായിരുന്നു, നാടകങ്ങളോട്, നാടിനോട്. 12 വർഷം സൗദി കുടുംബത്തിൽ ഗദ്ദാമയായി അവർക്കൊപ്പം അവരിലൊരാളായി ജീവിച്ചശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

സൗദിയിൽനിന്നും മടങ്ങിയെത്തിയശേഷം തീർത്തും വീട്ടമ്മയായി കഴിയുകയായിരുന്നു ഞാൻ. അതിനിടക്കാണ് നിലമ്പൂർ ബാലന്റെ മകൻ സന്തോഷും കൂട്ടുകാരും ചേർന്ന് നിലമ്പൂരിൽ നാടക കലാകാരന്മാർക്കായി ഒരു സമ്മേളനം വിളിച്ചുചേർത്തത്. ആ സമ്മേളനത്തിൽ സന്തോഷ് ആയിഷാത്ത വീണ്ടും നാടകത്തിലേക്ക് വരണമെന്ന് പറഞ്ഞു. 

Tags:    
News Summary - Ayesha opened her heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.