പ്രിയദർശന്‍റെ 'മരക്കാറി'ൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തന്നെ മണിക്കുട്ടൻ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. താടിയൊക്കെ വളർത്തി, ജിമ്മിലൊക്കെ പോയി കഥാപാത്രമാകാനുള്ള എല്ലാ തയാറെടുപ്പുകളുമായിട്ടാണ് മണിക്കുട്ടൻ സെറ്റിലെത്തിയത്. പക്ഷേ, അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ആദ്യ ഷോട്ട് തന്നെ കുതിരയോടിച്ച് വരുന്നതാണെന്ന്. ആ ദിവസം എങ്ങിനെയൊക്കെയോ ഒപ്പിച്ചു. പിന്നെ പത്ത് ദിവസം കഴിഞ്ഞാണ് ഷൂട്ട്. ആ പത്ത് ദിവസത്തിനുള്ളിൽ കുതിര സവാരി പഠിച്ചാണ് മണിക്കുട്ടൻ 'മരക്കാറി'ന്‍റെ സെറ്റിൽ തിരിച്ചെത്തിയത്.
ചെയ്യുന്ന ജോലിയോടുള്ള ഈ ആത്മാർഥതയും അർപ്പണബോധവുമാണ് മണിക്കുട്ടൻ എന്ന യുവനടന് എന്നും നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ളത്. 'കായംകുളം കൊച്ചുണ്ണി' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധ നേടി, പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടം പിടിച്ച മണിക്കുട്ടൻ തന്‍റെ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
2018 ഡിസംബർ അഞ്ചിനാണ് 'മരക്കാർ' സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. എനിക്കാണെങ്കിൽ ആദ്യദിവസം തന്നെ വർക്ക് ഉണ്ടായിരുന്നു. മായിൻകുട്ടി എന്ന കഥാപാത്രമാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് പ്രിയദർശൻ സാറിന്‍റെ അസോസിയേറ്റും അതിനുശേഷം പ്രിയൻ സാർ നേരിട്ടും എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഏകദേശം രണ്ട് മാസം അതിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു ഞാൻ. കുറച്ചു താടിയൊക്കെ വളർത്തി, അതോടൊപ്പം ജിമ്മിലുമൊക്കെ പോയിത്തുടങ്ങി. കടൽകൊള്ളയുമായൊക്കെ ബന്ധപ്പെട്ട ലുക്ക് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു അതെല്ലാം.
പക്ഷേ, ലൊക്കേഷനിൽ ആദ്യദിവസം ചെന്നപ്പോൾ എനിക്ക് ഒട്ടും മുൻപരിചയമില്ലാത്ത ഒരു ഷോട്ടാണ് കിട്ടിയത്. അതൊരു കുതിരസവാരിയായിരുന്നു. ഇങ്ങനൊരു കുതിരസവാരി എടുക്കാൻ പോകുന്ന കാര്യം മുമ്പ് ആരും എന്നോട് പറഞ്ഞിട്ടുമില്ല. എങ്ങിനെയെങ്കിലും ഒപ്പിക്കാം എന്നു വെച്ചപ്പോൾ ദാ അടുത്ത വെല്ലുവിളി. ഞാൻ ഒറ്റക്കല്ല ആ സീൻ ചെയ്യേണ്ടത്. എന്‍റെ പിന്നിലായി ആ ഷോട്ടിൽ ചിന്നാലി എന്ന കഥാപാത്രവും ഇരിക്കുന്നുണ്ട്. അതും ആ കഥാപാത്രത്തെ കുതിരയുടെ മുകളിൽ കണ്ണുകെട്ടി തിരിച്ച് ഇരുത്തിക്കൊണ്ടാണ് പോവേണ്ടത്.
ഞാനാ സമയത്ത് കുറച്ചു ടെൻഷൻ ആയി. എനിക്ക് കുതിരസവാരി അറിയില്ലല്ലോ. അങ്ങനെ ആ ഒരു ദിവസം മൊത്തത്തിലായി അവിടെ ഇരുന്ന് കുതിര സവാരിയെ കുറിച്ച് അൽപമൊക്കെ പഠിച്ചെടുത്തു. അങ്ങിനെ വൈകുന്നേരമാണ് ആ ഷോട്ട് എടുക്കുന്നത്. കുതിരകൾ കപ്പലണ്ടി മിഠായി, മധുരമുള്ള സാധനങ്ങൾ എന്നിവയൊക്കെ കൊടുക്കുന്ന ആളോട് പെട്ടെന്ന് ഇണങ്ങും. അതൊക്കെ അവിടെ നിന്നാണ് അറിയുന്നത്. അന്നത്തെ ഷൂട്ട് കഴിഞ്ഞു പത്തു ദിവസത്തിനുശേഷമാണ് എെന്റ അടുത്ത ഷെഡ്യൂൾ. ആ പത്തു ദിവസം കൊണ്ട് ഞാൻ തിരുവനന്തപുരത്ത് വന്ന് കുതിരസവാരി നല്ല രീതിയിൽ തന്നെ പഠിച്ചു.
ജയ് ജെ ജക്രിത് എന്നയാളാണ് ചിന്നാലിയായി അഭിനയിച്ചത്. അദ്ദേഹം 'ഹാപ്പി ന്യൂ ഇയർ' എന്ന സിനിമയിൽ ഷാരൂഖ് ഖാന്‍റെ കൂടെയൊക്കെ അഭിനയിച്ച ആളാണ്. ഈ ചിന്നാലി എന്ന കഥാപാത്രത്തെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ സംവിധായകന്‍റെ കാഴ്ചപ്പാടിലൂടെയാണ് ഈ കഥാപാത്രം മുേമ്പാട്ട് പോയിട്ടുള്ളത്. എനിക്കും ജയ്ക്കും കോമ്പിനേഷൻ സീനുകൾ കുറവാണ്. പക്ഷേ, ഞങ്ങൾക്ക് രണ്ടാൾക്കും ഒരേ കാരവാൻ ആയിരുന്നു കിട്ടിയത്. ഞങ്ങൾ പല വിഷയങ്ങളും സംസാരിക്കുമായിരുന്നു.
ആൾ മാർഷ്യൽ ആർട്ട്സിൽ പരിശീലനം ഒക്കെ നടത്തുന്നുണ്ട്. ഞങ്ങൾ താമസിച്ചിരുന്നതും ഒരേ ഹോട്ടലിലായിരുന്നു. അപ്പോഴൊക്കെ ഞങ്ങൾ തമ്മിൽ അവിടത്തെ ജിമ്മിൽവച്ച് കാണാറുണ്ടായിരുന്നു. അവിടെ വെച്ചു ജയ്യോട് മാർഷ്യൽ ആർട്ട്സിനെ കുറിച്ചൊക്കെ ഒരുപാട് ഞാൻ ചോദിച്ചിരുന്നു. ചിന്നാലി എന്ന കഥാപാത്രത്തോട് അദ്ദേഹം 100 ശതമാനം നീതി പുലർത്തിയിരുന്നു. ആ കഥാപാത്രത്തിന്‍റെ പല സംഘട്ടന രംഗങ്ങളും അദ്ദേഹം തന്നെയാണ് അറേഞ്ച് ചെയ്തിരുന്നത്. അതിനുള്ള സ്വാതന്ത്ര്യം പ്രിയൻ സാർ ആൾക്ക് കൊടുത്തിരുന്നു.
മമ്മൂക്കയും ലാലേട്ടനുമൊക്കെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. എന്നെപ്പോലെയൊരു അഭിനയ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവർ ഒരു സർവകലാശാല തന്നെയാണ്. ക്യാമറക്ക് മുമ്പിൽ മാത്രമല്ല പിന്നിലും എങ്ങനെ ഭംഗിയായി ഒരു ലൊക്കേഷൻ കവർ ചെയ്തു കൊണ്ടുപോകാമെന്ന്, സന്തോഷത്തോടെ മറ്റുള്ളവരെ ചേർത്തു നിർത്താമെന്നൊക്കെ ലാൽ സാർ നല്ല രീതിയിൽ കാണിച്ചുതന്നിട്ടുണ്ട് ഞങ്ങൾക്ക്. ലാൽ സാറിന്‍റെ ഇൻട്രോ എടുക്കുന്നത് 2019 ജനുവരിയിൽ ആണെന്ന് തോന്നുന്നു. ആ സമയത്ത് ആന്ധ്രപ്രദേശിൽ കാലാവസ്ഥയിൽ വ്യതിയാനം സംഭവിച്ചിട്ട് നല്ല തണുപ്പ് ഉണ്ട്. അതേ സമയത്താണ് ഒരേക്കറോളം സ്ഥലത്തു വെള്ളം ഒക്കെ നിറച്ചിട്ട് ഓരോ കഥാപാത്രങ്ങളുടെയും ഇൻട്രോ കൊടുക്കുന്ന ഭാഗങ്ങൾ ഷൂട്ട് ചെയുന്നത്.
വെള്ളത്തിൽ നനഞ്ഞാലും ഞങ്ങളുടെയൊക്കെ ഇൻട്രോ എന്ന് പറയുന്നത് കപ്പലിന് ഉള്ളിൽ മാത്രമാണ്. അതിൽനിന്നും വ്യത്യസ്തമായി ലാൽ സാറിന് മാത്രമാണ് വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന സീനുള്ളത്. രാത്രി ഏതാണ്ട് രണ്ടര മണിക്ക് ഒക്കെയാണ് ഷത് ഷൂട്ട് ചെയ്യുന്നത്. രസം എന്താണെന്ന് വെച്ചാൽ ആ സീൻ ചെയ്യാൻ വേണ്ടി ഞങ്ങളുടെ ദേഹത്ത് വെള്ളം തളിച്ചിട്ടു പോലും ഞങ്ങളൊക്കെ നല്ല രീതിയിൽ വിറക്കുന്നുണ്ടായിരുന്നു. അത്ര തണുപ്പായിരുന്നു. പക്ഷേ, ലാൽ സാർ വെള്ളത്തിനടിയിൽ നിന്ന് മൊത്തത്തിലായി പൊങ്ങി വരുന്ന സമയത്ത് പോലും അദ്ദേഹത്തിൽ തണുപ്പിേന്റതായ യാതൊരുവിധ ഫീലും ഇല്ലായിരുന്നു. അത് ഭയങ്കരമായ അത്ഭുതം ഉണ്ടാക്കി.
അതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു-'നമ്മൾ മനസ്സിൽ നിന്ന് ആ തണുപ്പ് എന്ന കാര്യമെടുത്തു മാറ്റിവെച്ചാൽ മതി മോനെ' എന്ന്. അതൊക്കെ വലിയ പാഠം തന്നെയാണ്. അതുപോലെ മഞ്ജു ചേച്ചിയുടെ കൂടെ ഒക്കെ അഭിനയിച്ച നിമിഷങ്ങൾ വിലപ്പെട്ടതാണ്. ഒരു അഭിനയ വിദ്യാർഥി എന്ന നിലക്ക് സീനിയർ താരങ്ങൾ പറഞ്ഞുതരുന്ന കാര്യങ്ങളൊക്കെ ഞാൻ ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കാറുണ്ട്.
ഭൂതകാല സംഭവങ്ങൾക്ക് മേക്കപ്പിട്ട് കൊണ്ടുനടക്കുന്ന ഒരു ഭാവിയല്ല ഞാൻ ആഗ്രഹിക്കുന്നത്. എന്‍റെ സിനിമയോടുള്ള സമീപനം അന്നും ഇന്നും ഒരുപോലെയാണ്. പക്ഷേ നമുക്ക് അവസരങ്ങൾ കിട്ടുന്നില്ല എന്നുള്ള ഒരു കുറവു മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. പിന്നെ എനിക്ക് അംഗീകാരങ്ങൾ സിനിമയിൽ വളരെ കുറവാണ് കിട്ടിയിട്ടുള്ളത്. കിട്ടിയിട്ടില്ല എന്നു തന്നെ പറയുന്നതാണ് കുറേക്കൂടി ഉചിതം. എന്നാൽ അതിന്‍റെ പേരിൽ നിരാശപ്പെട്ടിട്ടുമില്ല, ഇനിയിപ്പോൾ കിട്ടിയാൽ തന്നെ അതിൽ മതിമറന്നു പോവുകയുമില്ല.
എന്നെ പോലെയൊരാൾ സ്വന്തം കഴിവിലും കൂടുതലായി വിശ്വസിക്കുന്നത് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ തന്നെയാണ്. പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം മാത്രം മതി കരിയറിൽ കൂടുതൽ റിസ്ക് എടുക്കാനുള്ള ഒരു ആവേശം ലഭിക്കുന്നതിന്. ഒരു ടി.വി റിയാലിറ്റി ഷോയിൽ ഒമ്പതര കോടി വോട്ടിലാണ് പ്രേക്ഷകർ എന്നെ വിജയിപ്പിച്ചത്. 'നവരസ' എന്ന തമിഴ് സിനിമയുടെ ട്രെയിലർ വന്ന സമയത്ത് കമൻറ് ബോക്സിൽ മുഴുവൻ MK (മണിക്കുട്ടൻ) ആയിരുന്നു. അത് വലിയൊരു സപ്പോർട്ട് ആയിരുന്നു. അതിനുശേഷം 'മരക്കാർ' ഇറങ്ങിയപ്പോഴും കുറച്ചു സീനുകളിൽ മാത്രമേ ഉള്ളെങ്കിൽ കൂടിയും പ്രേക്ഷകർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. അതൊക്കെ മുേമ്പാട്ടുള്ള യാത്രയിൽ ശക്തി തന്നെയാണ്.
'നവരസ' സിനിമയിൽ പ്രിയദർശൻ സാർ തന്നെയാണ് അഭിനയിക്കാനായി നേരിട്ട് വിളിക്കുന്നത്. മണിരത്നം സാർ നിർമ്മിക്കുന്നു, നെറ്റ്ഫ്ലിക്‌സിൽ വരുന്നു, ആന്തോളജിയാണ്, പ്രഗൽഭരായ വ്യക്തികൾ വർക്ക് ചെയ്യുന്നു... തുടങ്ങി ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയായിരുന്നു അത്. എനിക്ക് ലഭിച്ചത് വളരെ വ്യക്തതയുള്ള കഥാപാത്രം തന്നെയായിരുന്നു. അൽപം മസിലുപിടുത്തമുള്ള എന്നാൽ പാവമായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്. തമിഴ്നാട്ടിൽ നിന്ന് ഒരുപാട് മെസ്സേജും അഭിപ്രായങ്ങളും ഒക്കെ അതിലൂടെ ലഭിച്ചു. മണിരത്നം സാർ വരെ പ്രിയൻ സാറിനോട് എന്നെപ്പറ്റി ഒടുവിൽ അന്വേഷിച്ചു, ആരാണ് മണിക്കുട്ടൻ എന്ന്. ഇത് പ്രിയൻ സാർ പറഞ്ഞ് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. അതൊരു വലിയ അംഗീകാരമായിരുന്നു.
തോമസ് ജെയിംസ് എന്നാണ് യഥാർഥ പേര്. മണിക്കുട്ടൻ എന്‍റെ വിളിപ്പേര് ആണ്. എന്നെ വീട്ടിൽ വിളിക്കുന്ന പേരാണത്. ആ പേര് എനിക്ക് ഇടുന്നത് എന്‍റെ കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബമാണ്. അവർ ഞങ്ങളെ അത്യാവശ്യം സഹായിച്ച ഒരു കുടുംബമാണ്. ആ കുടുംബത്തിലെ ഒരാളുടെ പേരാണ് മണി. ആ ഒരോർമ്മക്ക് കുട്ടിക്കാലത്തു തന്നെ മണിക്കുട്ടൻ എന്ന പേര് നൽകി. എനിക്ക് ഈ പേര് നല്ല ഇഷ്ടമാണ്. വളരെ അടുപ്പമുള്ളവർ ഒക്കെ മണിക്കുട്ടൻ എന്നാണ് എന്നെ വിളിച്ചിരുന്നത്. ആ പേര് തന്നെ സിനിമയിലും മതി എന്നത് എന്‍റെ തീരുമാനം ആയിരുന്നു.
ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഒരു ടെലിനാടകമാണ് ഞാൻ ആദ്യം ചെയ്ത വർക്ക്. മേരിഗിരി സ്കൂളിൽ എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛനാണ് ഈ ടെലിനാടകം സംവിധാനം ചെയ്തത്. വിൽസൻ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അത് മൂന്നിൽ പഠിക്കുമ്പോഴായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്തു എന്നല്ലാതെ അഭിനയം എന്താണെന്നൊന്നും അറിയില്ലായിരുന്നു. ഇത് കണ്ടിട്ടാണ് ജയകുമാറിന്‍റെ 'വർണ്ണചിറകുകൾ' എന്ന ചിൽഡ്രൻസ് ഫിലിമിൽ അഭിനയിക്കാൻ വിളിക്കുന്നത്. അന്ന് ഞാൻ ആറിൽ പഠിക്കുകയായിരുന്നു.
പിന്നീട് 'കായംകുളം കൊച്ചുണ്ണി'യിലൊക്കെ ഞാൻ തികച്ചും യാദൃശ്ചികമായാണ് എത്തുന്നത്. അഭിനയത്തെ അത്ര പാഷൻ ആയിട്ടൊന്നും ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടില്ല. ചെറുപ്പകാലത്ത് സിനിമ എന്നു പറയുന്നത് നമുക്ക് എത്താൻ പോലും പറ്റാത്ത ഒരു മേഖലയായിരുന്നു. 'കായംകുളം കൊച്ചുണ്ണി' അഭിനയിച്ച ശേഷമാണ് പ്രേക്ഷകരുടെ സപ്പോർട്ട് എന്താണ്, അതിന്‍റെ വിലയെന്താണ് എന്നെല്ലാം തിരിച്ചറിയുന്നത്. കൊച്ചുണ്ണിയുടെ വേഷമായിരുന്നില്ല ആദ്യം എനിക്ക്.
അതിൽ ചെറിയൊരു വേഷം ചെയ്യാൻ വേണ്ടി പോയതാണ്. അവിടെ ചെന്നപ്പോൾ അവരുദ്ദേശിക്കുന്ന കൊച്ചുണ്ണിയുടെ ലുക്ക് എനിക്ക് ഉണ്ടെന്ന് പറഞ്ഞു എന്നെ അഭിനയിപ്പിച്ചു. എട്ട് എപ്പിസോഡിന് വേണ്ടി ചെയ്തു എങ്കിലും അത് വെട്ടിച്ചുരുക്കി നാല് എപ്പിസോഡ് ആക്കി. പക്ഷേ, അതിന് നല്ല റീച്ച് കിട്ടിയപ്പോൾ അവർ എപ്പിസോഡ് കൂട്ടി കൊണ്ടുവന്നു. പിന്നീട് അതിന്‍റെ തിരക്കഥാകൃത്താണ് എന്നോട് പറയുന്നത് സിനിമയിൽ കൂടുതൽ ശ്രദ്ധിച്ചാൽ നല്ലതായിരിക്കും എന്ന്. അങ്ങനെയാണ് സീരിയസ് ആയി സിനിമയെ കാണുന്നത്.
വിനയൻ സാറിന്‍റെ കൂടെയുള്ള രണ്ടു സിനിമകൾ കഴിഞ്ഞശേഷം അദ്ദേഹം സംഘടനാപരമായ തിരക്കുകളിലേക്ക് പോയി. അദ്ദേഹം എല്ലായ്പ്പോഴും തിരക്കിലായത് കാരണം എനിക്ക് സാറിനെ കോണ്ടാക്റ്റ് ചെയ്യാൻ പറ്റാതെയായി. പിന്നെ കുറേക്കാലം കഴിഞ്ഞ് പ്രിയദർശൻ സാർ വന്നപ്പോഴാണ് എന്നെ സിനിമയിൽ കുറച്ചുകൂടി നിലനിർത്തിയത്. ഞാൻ സിനിമയിൽ നിന്ന് ഔട്ട് ആയോ, നമ്മൾ വരേണ്ടിയിരുന്ന ഒരു ഫീൽഡ് ആണോ ഇത് എന്നൊക്കെയുള്ള സ്വയം ചിന്തകളൊക്കെ വന്നു തുടങ്ങിയപ്പോഴാണ് പ്രിയൻ സാറുമായി ബന്ധം വന്നതും എല്ലാവർഷവും ഒരു സിനിമയെങ്കിലും തന്ന് നമ്മുടെ പ്രതീക്ഷകൾക്ക് നിലനിൽപ്പ് ഉണ്ടാക്കിയതും.
വിനയൻ സാർ 'പത്തൊമ്പതാം നൂറ്റാണ്ടി'ൽ അഭിനയിക്കാൻ വിളിച്ചിരുന്നു. 'ഹരീന്ദ്രൻ നിഷ്കളങ്കൻ' എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം വിളിക്കുന്ന സിനിമ അതാണ്. 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ കഥാപാത്രം ഒരു ബാധ്യതയുടെ പുറത്ത് മണിക്കുട്ടനെ ഏൽപ്പിച്ചു എന്ന ചീത്തപ്പേര് വിനയൻ സാറിന് ഉണ്ടാവാൻ പാടില്ലല്ലോ. അതിനാലാണ് ഞാനതിൽ നിന്ന് പിന്മാറിയത്.
നായകൻ, വില്ലൻ, സഹനായകൻ എന്നീ റോളുകളിലൊക്കെ അഭിനയിച്ചെങ്കിലും അത്രമാത്രം സംതൃപ്തി ലഭിച്ച ഒരു കഥാപാത്രം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. എനിക്ക് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ കിട്ടിയിട്ടുണ്ടെങ്കിലും അത്രത്തോളം ശക്തമായ ഒരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഒരു നല്ല ശക്തനായ വില്ലൻ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം ഉണ്ട്. അതുപോലെ നല്ലൊരു പൊലീസ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ട്. പിന്നെ ഒരു സംവിധായകൻ അല്ലെങ്കിൽ എഴുത്തുകാരനൊക്കെ വന്നിട്ട് ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി മണിക്കുട്ടൻ പെർഫോം ചെയ്തു എന്ന് പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്നത് വലിയ സന്തോഷമാണ്.
അവസാനമായി ചെയ്യേണ്ടിയിരുന്നത് നെറ്റ്ഫ്ലിക്സിലെ ഒരു സീരീസ് ആയിരുന്നു. ആ സീരീസിലെ കഥാപാത്രത്തിന് 55 വയസ്സ് ഉണ്ട്. ആ രൂപം കൊണ്ടുവരാൻ വേണ്ടി ഞാൻ കുറച്ചൊക്കെ ശ്രമിച്ചെങ്കിലും അതത്ര ശരിയായെന്ന് എനിക്ക് തന്നെ തോന്നിയില്ല. അതിനാൽ ഞാൻ പിന്മാറി. നമ്മുടെ കഴിവിനെ കുറേക്കൂടി മുേമ്പാട്ട് കൊണ്ടുവരുന്ന ഒരു കഥാപാത്രം വേണം ഇനി ചെയ്യാൻ എന്ന് താൽപര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.