ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, അത് നമ്മുടെ മനസ്സിൽ അറിയാതെ ഒരു വര കോറിയിടും. പിന്നീട് പലപ്പോഴും ആ കഥാപാത്രങ്ങൾ മനസ്സിൽ ഇടക്കിടെ പ്രത്യക്ഷപ്പെടും. അതിന് നായകനോ നായികയോ വില്ലനോ ഒന്നും ആകണമെന്നില്ല. ഒരു സീൻ പ്രസൻസ് മാത്രം മതിയാകും. ഇത്തരത്തിൽ പല സിനിമകളിലൂടെയും ഇപ്പോൾ വെബ് സീരീസിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുകയാണ് നൂറുദ്ദീൻ അലി അഹമ്മദ്. എണ്ണം പറഞ്ഞ കാസ്റ്റിങ് ഡയറക്ടർകൂടിയാണ് ഇദ്ദേഹം. റിച്ചി മേത്ത സംവിധാനം ചെയ്ത വെബ് സീരീസ് ‘പോച്ചറി’ലെ വേട്ടക്കാരനായി വന്ന് നൂറുദ്ദീൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങളിലൂടെ.
നാടകമാണ് സിനിമയിലേക്ക് എത്തിച്ചത്. ചെറുപ്പം മുതൽ ഒരുപാട് നാടകങ്ങൾ കണ്ടുവളർന്നതുകൊണ്ടാവാം നാടകത്തിനോട് ഇപ്പോഴും ഒരു ഭ്രമമാണ്. സ്കൂൾ കാലത്ത് നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. അത് പിന്നീട് ഒരു കൗതുകമായി വളർന്നുവന്നു. പിന്നീട് ഗൗരവമായിതന്നെ തിയറ്ററിനെ സമീപിച്ചു തുടങ്ങി. ശാരീരികവും വൈകാരികവുമായ പ്രയത്നം ആവശ്യപ്പെടുന്ന റിയലിസ്റ്റിക് വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹത്താലാണ് തിയറ്ററിൽനിന്ന് ഒരു ഇടവേള എടുത്തത്. അഭിനയമാണ് പാഷൻ. നാടകം പല മേഖലകളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു പരിശീലന കളരിയാണ്. ഒരുപാട് സാധ്യതകളുള്ള ആർട്ട് ഫോമാണ് നാടകം. സ്ക്രീനിലെ നടൻ എന്നു പറയുന്നത് സംവിധായകൻ രൂപപ്പെടുത്തുന്ന ഒന്നാണ്. ‘സുഡാനി ഫ്രം നൈജീരിയ’ എന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സിനിമയാണ്. സിനിമ അഭിനയത്തിന് പരീശീലനം വേണമെന്ന് ബോധ്യപ്പെടുത്തിയ ഒരു സിനിമ കൂടിയാണിത്. അഭിനയ നാളുകളിലെ ബുദ്ധിമുട്ട് തരണം ചെയ്യാൻ സഹായിച്ചത് സംവിധായകനായ സക്കരിയയാണ്. ‘ഷെഫ്’ (ഹിന്ദി), ‘ഹലാൽ ലൗ സ്റ്റോറി’, ‘ആയിഷ’, ‘ജാക്സൺ ബസാർ യൂത്ത്’ എന്നീ സിനിമകളിലും അഭിനയിച്ചു.
‘മോമോ’യുടെ കാസ്റ്റിങ് ഡയറക്ടർ
അമീൻ അസ്‍ലം സംവിധാനം ചെയ്ത ‘മോമോ ഇൻ ദുബായ്’ സിനിമയിലെ കുഞ്ഞു നടീനടന്മാരെ അന്വേഷിച്ചുള്ള യാത്ര രസകരമായിരുന്നു. തിരക്കഥയും സംഭാഷണവും ഒരുക്കിയ ആശിഫ് കക്കോടിയും സക്കരിയയും സംവിധായകനും ചേർന്ന് കഥാപാത്രങ്ങളുടെ സ്വഭാവങ്ങൾ പറഞ്ഞുതന്നു. പിന്നീട് സുഹൃത്തും നടനുമായ ഷംസുദ്ദീൻ ഷംസുവിനെയും കൂട്ടി കുട്ടികളെ തേടിയുള്ള യാത്രകൾ. പുതിയ ആളുകളെ വെച്ച് സിനിമയുടെ സ്വഭാവമനുസരിച്ച് പരിശീലിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.
‘പോച്ചർ’ ഒരു ഭാഗ്യംപോലെയാണ് കരുതുന്നത്. സുഹൃത്ത് പറഞ്ഞ് മെയിൽ അയച്ചതാണ്. കുറെക്കാലം കഴിഞ്ഞാണ് വിളി വരുന്നത്. ‘പോച്ചർ’ എന്നൊരു വെബ് സീരിസ് വരുന്നുണ്ട്. റിച്ചി മേത്തയാണ് സംവിധാനം ചെയ്യുന്നത്. അതിലൊരു വേഷത്തിന് വേണ്ടിയാണ് നിങ്ങളെ നോക്കുന്നത്. ഓഡിഷന് വരണമെന്ന് പറഞ്ഞു. ഭാഷയൊന്നും വലിയ വശമില്ലായിരുന്നു. തുറമുഖത്തിന്റെ രചയിതാവായ ഗോപൻ ചിദംബരമാണ് ഓരോ സീനും എനിക്ക് മനസ്സിലാക്കി തന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.