'ഡോ. ബെഞ്ചമിൻ ലൂയിസ്...ഓർത്തുവെച്ചോ മക്കളേ ആ പേര്' -അഞ്ചാംപാതിരയിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ അൻവർ ഹുസൈൻ ആ പേര് പറയുമ്പോൾ ആദ്യം ഒന്നും തോന്നില്ല. എന്നാൽ, സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ബെഞ്ചമിൻ എന്ന പേരിനൊപ്പം ഒരു പേരുകൂടി ഓർത്തുവെക്കും, ഷറഫുദ്ദീൻ. 'നേര'ത്തിൽ തുടങ്ങി പ്രേമവും ഓം ശാന്തി ഓശാനയും പാവാടയും അഞ്ചാംപാതിരയും ഹലാൽ ലൗ സ്റ്റോറിയും ആർക്കറിയാമുമെല്ലാം കടന്ന് 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ചിത്രത്തിൽ എത്തിനിൽക്കുകയാണ് താരം. 'ന്റിക്കാക്കൊരു പ്രേമോണ്ടാർന്ന്' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി വെയിറ്റിങ് ലിസ്റ്റിൽ. തിരക്കിടയിൽ ചെറിയ പെരുന്നാൾ വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ പറ്റിയില്ല. ഈ പെരുന്നാളിന് ഉറപ്പായും വീട്ടിലെത്തണം -പെരുന്നാൾ ആഘോഷത്തെപ്പറ്റി ചോദിച്ചതും ഷറഫുദ്ദീന്റെ വാക്കുകളിങ്ങനെ.
ചെറിയപെരുന്നാൾ ഷൂട്ടിങ് തിരക്കുകൾക്കിടയിലായിരുന്നു. ഒരു ഡാം സൈറ്റിന് സമീപമായിരുന്നു സിനിമയുടെ സെറ്റ്. നല്ല മഴക്കാലവും. മഴ കൂടി വെള്ളം പൊങ്ങിയാൽ സെറ്റും കാര്യങ്ങളുമെല്ലാം ചിലപ്പോൾ മുങ്ങിപോയേക്കാം. അതോടെ ഷൂട്ടിങ്ങ് മുടങ്ങും. എത്രയും വേഗം ഷൂട്ടിങ് തീർക്കണമെന്നായിരുന്നു നിർബന്ധം. പെരുന്നാളിന്റെ അന്നെങ്കിലും വീട്ടിലെത്താമെന്ന് അന്ന് വിചാരിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. വേഗം തീർക്കാനുള്ളതിനാൽ ഷൂട്ടിങ്ങിന്റെ തിരക്കിലായിപോയി. അതോടെ ഷൂട്ടിങ് സെറ്റിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈ പെരുന്നാളിന് ഉറപ്പായും വീട്ടുകാർക്കൊപ്പം കൂടണം. കൊച്ചു പെരുന്നാൾ വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ പറ്റിയില്ല. സിനിമ ലൊക്കേഷനിലാണെങ്കിലും പെരുന്നാളിന് വീട്ടിലെത്തണം. വീട്ടുകാർക്കൊപ്പമായിരിക്കും ആഘോഷം. കൂട്ടുകാർ എപ്പോഴും ചുറ്റുമുണ്ടാകും. അതിനാൽ വീട്ടുകാരെയാണ് മിസ് ചെയ്യുക. അവർക്കടുത്ത് എത്താനാണ് കൂടുതൽ ആഗ്രഹം. എല്ലാവരെയും പോലെ വീട്ടുകാർക്കൊപ്പം സാധാരണപോലെ പെരുന്നാൾ ആഘോഷിക്കും.
പ്രിയൻ ഓട്ടത്തിലാണ്
ഒരു കുടുംബചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. നമ്മളിൽ പലരുടെയും ഇടയിലുള്ള ഒരാളാണ് പ്രിയൻ. സ്വന്തം ആഗ്രഹങ്ങളുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. നല്ല കൊച്ചു സിനിമയാണിത്. മഴക്കാലമാണെങ്കിൽ കൂടി തിയറ്ററുകളിൽ ചിത്രം നന്നായി ഓടുന്നുണ്ട്. നിരവധിപേർ വിളിച്ചും അല്ലാതെയും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഏതു സിനിമയും അതിന്റേതായ സമയത്തുമാത്രമേ എല്ലാവരിലേക്കും എത്തൂ. സിനിമ മേഖലയിൽ ഇപ്പോൾ മോശം സമയമാണ്. അപ്പോഴും പ്രിയൻ ഓട്ടത്തിലാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നു കേൾക്കുമ്പോൾ സന്തോഷം.
മുൻധാരണകളോടെ സിനിമയെ ഒരിക്കലും സമീപിക്കാറില്ല. സിനിമയുടെ സംവിധായകനും നിർമാതാവും നമ്മെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഈ നടൻ ചെയ്താൽ അതു നന്നാകും, ഇതു നന്നാകുമെന്നെല്ലാം അവരാണ് തീരുമാനിക്കുക. വൈറസ്, വരത്തൻ, അഞ്ചാംപാതിര, ആർക്കറിയാം, ഹലാൽ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിലെല്ലാം അങ്ങനെയായിരുന്നു. കാർബണിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. ഭയങ്കര ഇഷ്ടപ്പെട്ട കഥാപാത്രമാണത്. പ്രണവ് മോഹൻലാലിന്റെ ആദ്യ സിനിമയായ ആദിയിലും ഒരു വേഷം ചെയ്തു, അതു ഭയങ്കര രസമുള്ള ഒരു കഥാപാത്രമാണ്. തൊബാമ തിയറ്ററിൽ വലിയ വിജയമായില്ലെങ്കിൽപോലും അതിലെ കഥാപാത്രം എനിക്ക് ഇഷ്ടമാണ്. കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ എനിക്ക് സ്വയം മനസിലാകുന്നുണ്ടോ എന്നതാണ് പ്രധാനകാര്യം. എനിക്ക് മനസിലാകുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ. മനസിലാകില്ലാത്ത ഒരു കാര്യം ഒരിക്കലും ചെയ്യാൻ സാധിക്കില്ലല്ലോ. പിന്നെ കഥയുടെ രസവുമെല്ലാമാണ് ഓരോ സിനിമയിലേക്കും എത്തിപ്പെടുന്നതിന്റെ കാരണങ്ങൾ.
കഥാപാത്രത്തിന് സ്‍പേസ് വേണം
ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ കഥാപാത്രത്തിന്റെ സ്പേസ് എത്രത്തോളമുണ്ടെന്നാണ് ആദ്യം പരിഗണിക്കുക. അതിൽതന്നെ നായക കഥാപാത്രത്തിന്റെ സാധ്യത വളരെ വലുതായിരിക്കും. അതിന് ഒരുപാട് വ്യാപ്തിയുമുണ്ടാകും. എന്നാൽ, ഒരു ക്യാരക്ടർ റോളിൽ അത്രയും സാധ്യതകൾ കുറവായിരിക്കും. എല്ലാവരെയും നായക കഥാപാത്രങ്ങൾ മോഹിപ്പിക്കുന്നതും അതിനാലാകാം. നായകനായി ജീവിക്കൽ, വരുമാനം തുടങ്ങിയ കാര്യങ്ങൾക്കുപരി നായക കഥാപാത്രത്തിന് അഭിനയത്തിൽതന്നെ ഒരുപാട് തലങ്ങൾ കൈകാര്യം ചെയ്യേണ്ടിവരും. മറ്റു കഥാപാത്രങ്ങൾ ചിലപ്പോൾ ഒരൊറ്റ അവസ്ഥയിലൂടെ മാത്രമേ കടന്നുപോകൂ. ഇമോഷണൽ മാറ്റങ്ങൾ നായകനിലായിരിക്കും കൂടുതൽ. അത് നമുക്ക് ഇഷ്ടമാകും. നായക കഥാപാത്രം ആഗ്രഹിക്കാനുള്ള കാരണവും അതുതന്നെയായിരിക്കും. നായകനല്ലാത്ത നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യും. അഞ്ചാംപാതിരയിൽ നായകനൊപ്പം തന്നെ പ്രധാന കഥാപാത്രമായിരുന്നു. എന്നാൽ അതിലെ കഥാപാത്രം ശരിക്കും വില്ലൻ തന്നെയാണ്. അത്രയുംപേരെ കൊന്ന കഥാപാത്രമാണല്ലോ. അയാളുടെ ഇമോഷൻ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമായി. എങ്കിൽപ്പോലും അയാൾ ഒരിക്കലും നായകനാകുന്നില്ല. സ്വാഭാവികമായി നമ്മുടെ സമൂഹത്തിൽ നായകന് കരുതുന്ന സ്വഭാവസവിശേഷതകൾ അയാൾക്കില്ല. അയാളുടെ ജീവിതത്തിൽ മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം ചെയ്യിക്കുന്നത്. ആ പ്രശ്നങ്ങളെല്ലാം നമുക്ക് മനസിലാകുന്നുണ്ടെങ്കിലും നായകനായി അംഗീകരിക്കാൻ കഴിയില്ലല്ലോ. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ളവർ കഥ മനസിലാക്കി കൂടെ നിന്നതിനാലാണ് അഞ്ചാംപാതിര ബ്ലോക്ബസ്റ്റർ ആകാൻ കാരണവും. സിനിമയുടെ ഒരു ഗുണവും അതുതന്നെയാണ്.
ന്റിക്കാക്കാക്കൊരു പ്രേമോണ്ടാർന്ന് ആണ് വരാനിരിക്കുന്ന പുതിയ ചിത്രം. ഭാവനയാണ് ചിത്രത്തിലെ നായിക. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.