സിനിമകൾ പരാജയപ്പെട്ടു എന്നതിന് അർഥം താൻ മരിച്ചുവെന്നല്ലെന്ന് നടൻ അക്ഷയ് കുമാർ. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതിനാൽ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും നടൻ പറഞ്ഞു. സിനിമയുള്ളതുവരെ ഇവിടെ കാണുമെന്നും താരം കൂട്ടിച്ചേർത്തു. 'ഖേല്‍ ഖേല്‍ മേം' എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായുള്ള പ്രസ്മീറ്റിൽ സിനിമാ പരാജയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. ഒന്നിനെക്കുറിച്ചും അധികം ആലോചിക്കാറില്ല. എന്റെ നാല്- അഞ്ച് സിനിമകൾ പരാജയപ്പെട്ടു. ആ സമയത്ത് സാരമില്ല, വിഷമിക്കേണ്ട എന്നിങ്ങനെയുള്ള കുറെ സഹതാപ സന്ദേശങ്ങൾ ലഭിച്ചു. അതെനിക്ക് അനുശോചനസന്ദേശങ്ങൾ പോലെയാണ് തോന്നിയത്. ഞാൻ മരിച്ചിട്ടില്ല!. ഒരു മാധ്യമപ്രവർത്തകൻ എഴുതി 'നിങ്ങൾ മടങ്ങി വരുമെന്ന്' ഞാൻ അദ്ദേഹത്തെ വിളിച്ചു, ' മടങ്ങി വരാൻ ഞാൻ എവിടെ പോയി? എന്താണ് ഇങ്ങനെയെഴുതിയതുകൊണ്ട് നിങ്ങൾ ഉദ്യേശിക്കുന്നത്'? എന്ന് ചോദിച്ചു.
ഞാൻ എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. ആളുകൾ എന്തു പറഞ്ഞാലും ഞാൻ എന്റെ ജോലിയിൽ തുടരും. പതിവുപോലെ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്തതിന് ശേഷം ജോലിക്ക് പോകുന്നു . ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നു. ജോലി ചെയ്താണ് ഞാൻ സമ്പാദിക്കുന്നത്.ആരിൽ നിന്നും ഒന്നും തട്ടിയെടുക്കുന്നില്ല. എന്റെ അധ്വാനത്തിന്റെ ഫലമാണ് എന്റെ സമ്പാദ്യം. ജീവൻ പോകുന്നത് വരെ ഞാൻ ജോലി ചെയ്യും'- അക്ഷയ് കുമാർ പറഞ്ഞു.
'ഖേല്‍ ഖേല്‍ മേം' ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. ആഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.