'പുഷ്പ-2' റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ഏറ്റവും പുതിയ ചിത്രം 'പുഷ്പ-2'ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തെ നേരിൽ കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നടൻ അറിയിച്ചു. തിയറ്ററിലെ തിരക്കിൽപെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസ്സുകാരന്‍റെ മുഴുവൻ ചികിത്സാ ചെലവും അല്ലു അർജുൻ വഹിക്കും.

ഡിസംബർ നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി രേവതി (39)യാണ് മരിച്ചത്. രേവതിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 'സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഞാൻ അങ്ങേയറ്റം ദു:ഖിതനാണ്. അവരുടെ കുടുംബാംഗങ്ങളെ എന്‍റെ അനുശോചനം അറിയിക്കുന്നു. അവരെ ഈ വേദന നിറഞ്ഞ സമയത്ത് ഒറ്റക്കാക്കില്ലെന്നും നേരിട്ട് കാണുമെന്നും അറിയിക്കുകയാണ്. അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ, പ്രയാസം നിറഞ്ഞ ഈ സമയത്ത് എനിക്ക് സാധ്യമായ എല്ലാ സഹായവും അവർക്ക് ലഭ്യമാക്കുമെന്ന് അറിയിക്കുകയാണ്' -അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലെ സന്ധ്യതിയേറ്ററിൽ ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവം. പുഷ്പ-2 റിലീസിനോടനുബന്ധിച്ച് അല്ലുഅർജുനും സംഗീത സംവിധായകൻ ശ്രീപ്രസാദും തിയേറ്ററിൽ എത്തിയിരുന്നു. അല്ലു അർജുനെ കാണാൻ ജനങ്ങൾ ഇരച്ചുകയറിയതോടെയാണ് തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.

തിരക്കിൽപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. താരത്തിന് പുറമെ അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡി.സി.പി പറഞ്ഞു. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയേറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അവസാന നിമിഷം മാത്രമാണ് അറിയിച്ചത്. 

Tags:    
News Summary - Allu Arjun announces Rs 25L for kin of woman killed in Pushpa 2 stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.