ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. 50 വർഷത്തിലേറെയായി ബോളിവുഡിന്റെ ബിഗ് ബി അഭിനയ രംഗത്ത് തുടരുന്നു. 82-ാം വയസ്സിലും അദ്ദേഹം ആരാധകരുടെ പ്രിയങ്കരനാണ്. എന്നാൽ, നടന്‍റെ സിനിമ ജീവിതത്തിലുണ്ടായ വേറിട്ടൊരു അനുഭവം പങ്കുവെക്കുകയാണ് നിരൂപകൻ കോമൾ നഹ്ത.
തന്റെ 'ഹം' എന്ന ചിത്രത്തെക്കുറിച്ച് പ്രതികൂലമായ റിവ്യു എഴുതിയതിന് കോമൾ നഹ്തയെ അമിതാഭ് ബച്ചൻ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ നഹ്തയോട് താൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്നായിരുന്നു ബച്ചന്റെ ചോദ്യം. തന്റെ പിതാവ് രാംരാജ് നഹ്തയുടെ ദി ട്രേഡ് മാഗസിന് വേണ്ടി താൻ ചിത്രത്തിന്റെ അവലോകനം നടത്തുകയായിരുന്നുവെന്ന് കോമൾ നഹ്ത ഓർമിച്ചു.
ചിത്രം കാണാൻ എത്തുന്നവർക്ക് പണം നഷ്ടമാകുമെന്ന് തന്റെ അവലോകനത്തിൽ സൂചിപ്പിച്ചതായി കോമൾ നഹ്ത പറഞ്ഞു. പിതാവിന് സിനിമ അവലോകനം എഴുതി നൽകി അദ്ദേഹം ഒരു യാത്രക്ക് പോയി. തിരിച്ചെത്തിയ ഉടൻ തന്നെയാണ് അമിതാഭ് ബച്ചന്റെ വിളി വന്നത്.
'ഇതിനു തൊട്ടുപിന്നാലെ, അമിതാഭ് എന്നെയും എന്റെ അച്ഛനെയും വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം നന്നായി സംസാരിച്ചു, എന്നിട്ട് എന്റെ അച്ഛനോട് ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിച്ചു.' അച്ഛൻ 'ഒന്നുമില്ല' എന്ന് മറുപടി പറഞ്ഞു.'പിന്നെ എന്തിനാണ് നിങ്ങൾ ഇത് എഴുതിയത്?' എന്ന ചോദ്യത്തിന് 'അതാണ് സത്യം' എന്നായിരുന്നു അച്ഛന്‍റെ മറുപടി. പക്ഷേ, സിനിമക്ക് ശ്വസിക്കാൻ കുറച്ച് സമയം തരൂ' -എന്ന് അമിതാഭ് പറഞ്ഞു.
ഈ സംഭവത്തിനുശേഷം നിരവധി മാസികകൾ 'നഹ്ത-ബച്ചൻ യുദ്ധ'ത്തെക്കുറിച്ച് എഴുതിയിരുന്നുവെന്നും മുംബൈയിലുടനീളം 'നഹ്ത-ബച്ചൻ യുദ്ധം' എന്നെഴുതിയ ബാനറുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ശേഷം കുറച്ചുനാൾ അമിതാഭ് തന്നോട് സംസാരിക്കാറില്ലായിരുന്നെന്ന് കോമൾ നഹ്ത പറഞ്ഞു. അഗ്നിപഥിന് ബച്ചന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ദിവസം വരെ ശീതയുദ്ധം തുടർന്നു. അവാർഡിന് ശേഷം നടത്തിയ പാർട്ടിയിലേക്ക് അമിതാഭ് കോമളിനെ ക്ഷണിച്ചു. നടൻ തന്നെ ക്ഷണിക്കാൻ മാന്യത കാട്ടിയതിനാൽ, അതിൽ പങ്കെടുക്കാൻ താനും മാന്യത കാട്ടിയെന്ന് കോമൾ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.