'ആടുജീവിതത്തേക്കാൾ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോൾ വിഷമമല്ല തോന്നുക'; ബ്ലെസി

മലയാള സിനിമയിലെ മികച്ച സംവിധായകൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ബ്ലെസി. സൂപ്പർതാരങ്ങളെ വെച്ച് കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുപാട് ഹിറ്റുകൾ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കാഴ്ചയിൽ തുടങ്ങി ആടുജീവിതത്തിലേക്കെത്തിയ കരിയറിൽ  വലിയ അവർഡുകളും അദ്ദേഹത്തിന്‍റെ സംവിധാനത്തിനും തിരകഥക്കുമായി ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും ചർച്ചയായ ആടുജീവിതമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

സംവിധായകന്‍റെ സ്വപ്ന പദ്ധതിയായിരുന്ന സിനിമയായിരുന്നു ആടുജീവിതം. എന്നാൽ ആ ചിത്രത്തിന് ശേഷവും ആദ്യ ചിത്രമായ കാഴ്ചയാണ് മികച്ചതെന്ന് ആളുകൾ പറയാറുണ്ടെന്ന് ബ്ലെസി പറയുന്നു. എന്നാൽ അത് എന്നെ വിഷമിപ്പിക്കുകയല്ല മറിച്ച് സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയുകയാണ് ബ്ലെസി.

'എന്റെ ​ഗുരു പത്മരാജൻ സാറാണ് എന്ന് പറയുന്നതാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം. ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന എന്ന് പറയുന്ന് സാറിനോടാണ്. സാറിന് മാനക്കേട് ഉണ്ടാക്കരുതേ ഈ സിനിമ എന്നാണ്, അല്ലാതെ സിനിമ വിജയിക്കണം എന്നതല്ല എന്റെ പ്രാർത്ഥന. സിനിമയ്ക്ക് ഒരു തലമുണ്ടല്ലോ അതെല്ലാം തന്നെ സാറിന്റെ സിനിമകളിലുണ്ട്. പിന്നെ എന്തുകൊണ്ട് ഞാൻ പതിനെട്ട് വർഷക്കാലം ഒരു സിനിമ ചെയ്യാതെ നടന്നു എന്ന് ചോദിച്ചാൽ അതിന്റെ മുഖ്യകാരണം ആദ്യ സിനിമ എന്ന് പറയുന്നത് പെരുവഴിയമ്പലം പോലെയും പ്രയാണം പോലെയും സ്വപ്നാടനം പോലെയും ആയിരിക്കണം എന്നത് കൊണ്ടാണ്.

നമ്മുടെ സംവിധായകരായി നമ്മൾ കണ്ടിരിക്കുന്നവരാണ് ഭരതൻ, പത്മരാജൻ, കെ.ജി. ജോർജ്ജ് തുടങ്ങിയവർ. ഇവരുടെയൊക്കെ ഏറ്റവും വലിയ സിനിമകളായിട്ട് ആളുകൾ കൊണ്ടു നടക്കുന്ന സിനിമകളാണ് ഇവരുടെയെല്ലാം ആദ്യത്തെ സിനിമകൾ. അത്തരം ഒരു വർക്കായിരിക്കണം ഞാൻ ഏത് സിനിമ ചെയ്താലും എന്ന് തോന്നിയിരുന്നു. ഇപ്പോഴും കാഴ്ചയാണ് എനിക്ക് കുറച്ചു കൂടി ഇഷ്ടം എന്ന് പറയുന്ന ആൾക്കാരുണ്ട്. ആടുജീവിതം കാണുമ്പോഴും അയ്യോ ഇത്രയും ഞാൻ കഷ്ടപ്പെട്ടിട്ടും ആടുജീവിതം ഇഷ്ടപ്പെട്ടില്ലേ എന്ന് തോന്നുന്ന അവസ്ഥയല്ല എനിക്ക് അത്. എനിക്ക് ഇഷ്ടമാണ് അത് കേൾക്കുന്നത്. അത്രയും പക്വതയോട് കൂടി നമുക്ക് സിനിമ ചെയ്യാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഈ ഇരുപത് വർഷക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ തോന്നുന്നത്. ഒരുപാട് ആ​ഗ്രഹങ്ങൾ ജീവിതത്തിൽ സാധിച്ച ഒരാളാണ് ഞാൻ. സിനിമയെക്കുറിച്ച് മാത്രമേ ഞാൻ ആ​ഗ്രഹിച്ചിട്ടുള്ളൂ. ഈ ഇരുപത് വർഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ മികച്ച സിനിമകളിൽ ഒന്നാമതായി കാഴ്ച നിൽക്കുന്നു എന്നുണ്ടെങ്കിൽ ഭയങ്കര സന്തോഷമല്ലേ?,' ക്യൂ സ്റ്റുഡിയൊയോട് സംസാരിക്കവെ ബ്ലെസി പറഞ്ഞു.

ഈ വർഷത്തെ കേരള സംസ്ഥാന ചലചിത്ര അവാർഡിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ ആടുജീവിതത്തിന് സാധിച്ചിട്ടുണ്ട്.

Tags:    
News Summary - blessy says he feels happy when people say they love kazcha over aadujeevtiham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.