തെന്തിന്ത്യൻ സൂപ്പർ താരം ധനുഷും താരറാണി നയൻതാരയും തമ്മിലുള്ള പോര് ലോകം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദ ഫെയ്റി ടെയ്ൽ വൈകാനുണ്ടായ കാരണം വിശദീകരിക്കവെയാണ് താരം ധനുഷിനെതിരെ ആഞ്ഞടിച്ചത്. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയത്തിന് നിമിത്തമായ നാനും റൗഡി താൻ എന്ന ചിത്രത്തിലെ പാട്ട് ഡോക്യുമെന്ററിയുടെ ട്രെയ്‍ലറിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ചാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്.
തന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ പാട്ടിലെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നതിന് നയൻതാര ചിത്രത്തിന്റെ നിർമാതാവായിരുന്ന ധനുഷിന്റെ അനുമതി തേടിയിരുന്നു. രണ്ടുവർഷമാണ് അതിനായി ധനുഷിന്റെ പിന്നാലെ നടന്നതെന്നും നയൻതാര പങ്കുവെച്ച തുറന്ന കത്തിൽ സൂചിപ്പിക്കുകയുണ്ടായി. എന്നാൽ അനുമതി നിഷേധിച്ച ധനുഷ് മൂന്ന് സെക്കൻഡ് പാട്ടിലെ ചില ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾക്കൊള്ളിച്ചതിന് നയൻതാരക്ക് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. അതിനു മറുപടിയായി നയൻതാര ഇൻസ്റ്റഗ്രാമിൽ വലിയ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലെ വൈരം പുറംലോകമറിഞ്ഞത്. പല പ്രമുഖ നടിമാരും നയൻതാരക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവരിൽ പലരും ധനുഷിനൊപ്പം അഭിനയിച്ചവർ കൂടിയാണ്. വിവാദം കത്തിപ്പടരവെ ധനുഷ് അതിനോട് പ്രതികരിച്ചിരുന്നില്ല. ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടൻ.
വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ടെന്നീസ് റാക്കറ്റേന്തിയ റാഫേൽ നദാലിന്റെ ചിത്രം പങ്കുവെച്ചാണ് ധനുഷ് ഇൻസ്റ്റഗ്രാമിലെത്തിയത്. 'നന്ദി റഫാ നിങ്ങളില്ലാത്ത ടെന്നീസ് പഴയപോലാവില്ല...' എന്നാണ് ധനുഷ് ഫോട്ടോക്ക് താഴെ കുറിച്ചത്. നയൻതാരയുടെ വിമർശനങ്ങൾ ധനുഷിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് പോസ്റ്റിന് ഫാൻസുകളിലൊരാൾ പ്രതികരിച്ചത്.
നവംബർ 19നാണ് നദാൽ ടെന്നീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വിവാദങ്ങൾക്ക് ധനുഷോ തന്റെ കുടുംബമോ തലകൊടുക്കുന്നില്ലെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ധനുഷിന്റെ പിതാവ് കസ്തൂരി രാജ പ്രതികരിച്ചിരുന്നു. ധനുഷ് വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണ്. അതിനാൽ വിവാദങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല.-കസ്തൂരി രാജ കൂട്ടിച്ചേർത്തു. നയൻതാരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.