ന്യൂയോർക്ക്: അമേരിക്കൻ റാപ്പർ കാന്യ വെസ്റ്റ് ഔദ്യോഗികമായി പേരുമാറ്റി. ഇനി മുതൽ 'യെ' എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. 44 കാരന്‍റെ പേരുമാറ്റത്തിനുള്ള അപേക്ഷക്ക് ജഡ്ജ് അംഗീകാരം നൽകിയതായി ലോസ്ആഞ്ചലസ് സുപ്പീരിയർ കോടതി കമ്യൂണിക്കേഷൻ ഓഫീസർ അറിയിച്ചു.
ആഗസ്റ്റിലാണ് വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പേരുമാറ്റത്തിനായി താരം അപേക്ഷ നൽകിയത്. കാന്യ ഒമരി വെസ്റ്റ് എന്നായിരുന്നു ഗ്രാമി പുരസ്കാര ജേതാവായ യെയുടെ പൂർണ നാമം. യെ എന്ന പേരിൽ 2018ൽ അദ്ദേഹം ഒരു ആൽബം പുറത്തിറക്കിയിരുന്നു.
'ബൈബിളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് 'യെ' എന്ന് ഞാൻ വിശ്വസിക്കുന്നു. ബൈബിളിൽ അത് നിങ്ങൾ എന്നാണ് അർഥമാക്കുന്നത്. അതിനാൽ ഇത് ഞാൻ നിങ്ങളാണ്, ഞാൻ ഞങ്ങളാണ്, ഇത് ഞങ്ങളാണ്' -യെ റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കൻ റാപ്പർ, പാട്ടുകാരൻ, സംഗീത സംവിധായകൻ, വ്യവസായി, ഫാഷൻ ടൈക്കൂൺ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു യെ. എന്നാൽ കലയേക്കാളേറെ യെയുടെ വ്യക്തിജീവിതത്തിൽ നടന്ന സംഭവവികാസങ്ങളാണ് അടുത്ത കാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഹോളിവുഡിലെ താരസുന്ദരി കിം കർദാഷിയാനുമായുള്ള വിവാഹമോചന വാർത്തയായിരുന്നു അത്. 2014ലായിരുന്നു ടെലിവിഷൻ സൂപ്പർ സ്റ്റാറും മോഡലുമായ കിം കര്‍ദാഷിയനുമായുള്ള യെയുടെ വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.