ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും മൂന്ന് ദിവസം നീണ്ട പ്രീവെഡ്ഡിങ് ആഘോഷം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആതിഥേയനായ ചടങ്ങിൽ വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖർക്ക് പുറമേ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, റിഹാന തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരും പങ്കെടുത്തു.
നടന്‍ രജനികാന്തും ഭാര്യ ലത രജനികാന്തും മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചടങ്ങില്‍ അതിഥികളായെത്തിയിരുന്നു. മുകേഷ് അംബാനി അയച്ച പ്രൈവറ്റ് ജെറ്റിലാണ് മൂവരും ജാംനഗറിലെത്തിയത്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കവേ രജനീകാന്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം വളരെ മോശമായിപ്പോയി എന്ന വിമർശനമുയർന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ.
രജനികാന്തിനും ലതക്കും ഐശ്വര്യക്കുമൊപ്പം ഇവരുടെ സഹായിയായ സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ ബാഗ് പിടിച്ചിരുന്നത് സഹായിയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി ഇവർ എത്തിയപ്പോൾ ചുറ്റുമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. രജനീകാന്തും കുടുംബവും നിൽക്കുന്നത് കണ്ട് സഹായിയും ഇവർക്കൊപ്പം തന്നെ നിന്നു. എന്നാൽ, ഇവരോട് മാറിനിൽക്കാൻ രജനീകാന്ത് ആവശ്യപ്പെടുകയായിരുന്നു.
പിന്നിലേക്ക് മാറി നിൽക്കാൻ രജനീകാന്ത് കൈകൊണ്ട് കാണിച്ചതും ഇവർ ബാഗുമായി പിന്നിലേക്ക് നീങ്ങി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പലരും വിമർശനമുയർത്തിയത്.
ആരോടും ഇങ്ങനെ പെരുമാറരുതെന്നും രജനിയുടെ പെരുമാറ്റം വളരെ മോശമായിപ്പോയി എന്നുമാണ് ഒരാളുടെ കമന്‍റ്.
അതേസമയം, രജനീകാന്ത് ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്നും ഫാമിലി ഫോട്ടോയെടുക്കുമ്പോഴാണ് സഹായിയോട് അദ്ദേഹം മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും രജനിയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.