സ്നേഹമുള്ള അമ്മയായി, വാത്സല്യമുള്ള മുത്തശ്ശിയായി, അരിശക്കാരിയായ അമ്മായിയമ്മയായി, വാശിയുള്ള അച്ചമ്മയായി, മകനുവേണ്ടി കരഞ്ഞുണങ്ങിയ ഉമ്മയായി അങ്ങിനെ അനേകം വേഷങ്ങൾ... സ്നേഹപര്യായമായി മലയാള സിനിമയിൽ അമ്മകഥാപാത്രങ്ങൾ നിറഞ്ഞാടുന്ന കാലത്ത് ആണിനോട് പോരാടുന്ന വേണ്ടിവന്നാൽ നാല് ചീത്ത വിളിക്കാൻ ധൈര്യമുള്ള, ചുറുചുറുക്കുള്ള കഥാപാത്രങ്ങൾ, ഫിലോമിന എന്ന എക്കാലത്തേയും ഉശിരത്തി...
ആരാടാ നാറി നീ എന്ന ഫിലോമിനയുടെ ചോദ്യം ആൺ അഹന്തകളോടുള്ള മുഖമടച്ച തമാശയായിരുന്നു, വർഷങ്ങൾക്കിപ്പുറവും പല സാമൂഹ്യസാഹചര്യങ്ങളിലും ആ ഡയലോഗ് മീമുകളായടക്കം ഉയർത്തപ്പെട്ടു. ഇന്നും അങ്ങിനെ അനേകം ഡയലോഗുകൾ നിലനിൽക്കുന്നതും ഫിലോമിനയുടെ ഓർമ്മയിൽ തന്നെ. എന്തും വെട്ടിതുറന്ന് പറയുന്ന കഥാപാത്രങ്ങൾ, ഭക്ഷണം എങ്ങിനെയുണ്ട് എന്ന് ചോദിക്കുന്ന സഹതാരത്തോട് അതേ ഭക്ഷണം കഴിച്ചുകൊണ്ട് ഒരുവകയ്ക്കും കൊള്ളില്ല എന്നു പറയുന്ന ഫിലോമിന, പറ്റിക്കുന്ന മക്കളോട് നിന്റെ അമ്മയുടെ ചെവീലും വെക്കടാ പഞ്ഞി എന്ന് പറയുന്ന ഫിലോമിന, തള്ളേ എന്ന് പരിഹസിക്കുന്നവരോട് ആരാടാ നിന്റെ തള്ള എന്ന് ഇത്രയും തുറന്ന് ചോദിക്കാൻ ഫിലോമിനക്ക് മാത്രമേ സാധിച്ചിട്ടുണ്ടാവു. ഒന്നും നോക്കാതെ ഉള്ളിലുളളത് അതേപോലെ പറയാനുള്ള ആ പാടവം ഒരു പക്ഷെ ഫിലോമിനയുടെ ജീവിതം തന്നെ പഠിപ്പിച്ചതായിരിക്കാം.
തൃശൂരിലെ മുള്ളൂർക്കരയിൽ പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926-ൽ ജനനം. 12 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു, അമ്മ വളർത്തിയ അഞ്ച് മക്കളിൽ രണ്ടാമത്തവളായിരുന്നു ഫിലോമിന. പള്ളിയിലും നാടകങ്ങളിലും പാടി. പി.ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. കമ്മ്യൂണിസ്റ്റ് നാടകങ്ങളിൽ അഭിനയിച്ചതിന് പള്ളീലച്ചൻ അഭിനയിക്കരുതെന്ന് വിലക്കിയതും അഭിനയിച്ച് ആ അച്ഛനിൽ നിന്ന് തന്നെ അഭിനന്ദനം നേടിയതും ഫിലോമിനയെന്ന കലാകാരിയുടെ അഭിനയ അഭിനിവേശം തന്നെയാണ്. 23ാം വയസിലായിരുന്നു അത് എന്നതു കൂടി അതിനൊപ്പം ചേർത്ത് വെക്കണം. 1964 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കുട്ടിക്കുപ്പായമാണ് ഫിലോമിനയുടെ ആദ്യം പുറത്തിറങ്ങിയ സിനിമ. കുഞ്ഞിപ്പാത്തുമ്മയെന്നായിരുന്നു ഫിലോമിനയുടെ ആദ്യ കഥാപാത്രത്തിന്‍റെ പേര്. പ്രേംനസീറിന്റെ ഉമ്മയായി ആയിരുന്നു ആവേഷം.
നാടകാഭിനയകാലത്തായിരുന്നു പ്രണയ വിവാഹം. നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആന്റണിയുമായി ആയിരുന്നു വിവാഹം. എന്നാൽ മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം മരിച്ചു. ഒരു മകനുണ്ടായിരുന്നു. പ്രയാസങ്ങൾഅനുഭവിച്ചാണ് ഫിലോമിന മകനെ വളർത്തിയത് എന്ന് ഒരിക്കൽ പറഞ്ഞിരുന്നു.
സിനിമാ ജീവിതത്തിൽ രണ്ട് തവണ സംസ്ഥാന അവാർഡുകൾ നേടി. 1970 ൽ തുറക്കാത്ത വാതിൽ, ഓളവും തീരവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 1987 തനിയാവർത്തനത്തിലെ അഭിനയത്തിനുമായിരുന്നു സഹനടിക്കുള്ള അവാർഡ് നേടിയത്. അവാർഡുകളേക്കാൾ ഉപരി ഫിലോമിനയെന്ന നടി ഉണ്ടാക്കിയ അഭിനയമികവായിരുന്നു ശ്രദ്ധേയം. എത്ര ലളിതമായ ഭാഷയിൽ ഇത് നമ്മുടെ ആരോ ആണ് എന്നും തോന്നും വിധത്തിലായിരുന്നു അഭിനയങ്ങളത്രയും. അവർചിരിപ്പിച്ചപ്പോൾ നമ്മൾ ചിരിച്ചു. അവരൊന്ന് കരഞ്ഞപ്പോൾ നമ്മൾ കരഞ്ഞു. ഇംഗ്ലീഷ് പറഞ്ഞു. കുലസ്ത്രീ പരിവേഷങ്ങൾക്ക് പുറത്ത് കടക്കുന്നതായിരുന്നു കഥാപാത്രങ്ങളിലേറെയും. ഗോഡ് ഫാദർ ചിത്രത്തിലെ ആനപ്പാറയിലെ അച്ചാമ്മ എന്ന കഥാപാത്രം ഇതിന്റെ ചെറിയ ഉദാഹരണം മാത്രം. വിയറ്റ്നാം കോളനിയിലെ സുഹറാഭായിയും സസ്നേഹത്തിലെ വെറോനിക്കയും മൂക്കില്ലാ രാജ്യത്തിലെ മാനസിക പ്രശ്നമുള്ള സ്ത്രീയായും വെങ്കലത്തിലെ മുത്തശ്ശിയായും അങ്ങിനെ എടുത്തു പറഞ്ഞാൽ തീരാത്ത അത്രയും കഥാപാത്രങ്ങൾ. ഏകദേശം 750 ലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. കൂടാത നാടകങ്ങൾ സീരിയലുകൾ എന്നിവ വേറെയും.
2006 ജനവരി രണ്ടിന് രാത്രി പത്തിന് ചെന്നൈയിൽ മരിക്കുമ്പോൾ ഫിലോമിന എന്ന നടി അന്നോളവും ഇനി അങ്ങോട്ടേക്കും ഓർത്തുവെക്കാൻ ഒരുപാട് കഥാപാത്രങ്ങളെ സ്വന്തമാക്കിയിരുന്നു. മരിച്ച് ഇത്ര വർഷത്തിനു ശേഷവും ഫിലോമിനയോളം ഉശിരുള്ള സ്ത്രീ കഥാപാത്രങ്ങളുണ്ടായിട്ടുണ്ടോയെന്ന് സംശയിച്ചു പോകുന്നതും അതിനാലാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.