ഒരു ഇടവേളക്ക് ശേഷം പ്രിയദർശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുകയാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും സിനിമയുമായി എത്തുന്നത്. ഹൊമർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയാണ് പുതിയ ചിത്രം. അക്ഷയ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. തുടർ പരാജയം ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിനെ രക്ഷിക്കാൻ പ്രിയദർശന് ആകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
എന്നാൽ, താൻ പരമാവധി ശ്രമിക്കുമെന്നാണ് പ്രിയദർശൻ പറയുന്നത്. 'ഇതിന് മുമ്പുള്ള അക്ഷയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു . എല്ലാവരും പറയുമായിരുന്നു, ഞാൻ കാരണമാണ് അദ്ദേഹം കോമഡി ചെയ്യാൻ തുടങ്ങിയതെന്ന്. പക്ഷെ ഞാൻ അത് വിശ്വസിക്കുന്നില്ല. ഞാൻ ചെയ്തത് അദ്ദേഹത്തിന്റെ നർമബോധത്തെ സ്ക്രീനിൽ ഉപയോഗിക്കുക മാത്രമാണ്.
പതിനാല് വർഷത്തിന് ശേഷമാണ് ഞാനും അക്ഷയ് കുമാറും ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഇതൊരു വെല്ലുവിളിയായിട്ടാണ് കാണുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതു പോലെയൊരു ചിത്രമൊരുക്കാൻ പരമാവധി ശ്രമിക്കും. വളരെ അച്ചടക്കമുള്ള നടനാണ് അക്ഷയ് കുമാർ. കൃത്യ സയത്ത് സെറ്റിലെത്തും. അമിതാഭ് ജിയെ പോലെ വളരെ അർപ്പണബോധമുള്ള അഭിനേതാവാണ് അക്ഷയ്' -പ്രിയദർശൻ പറഞ്ഞു.
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദനാ ദൻ, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ എന്നീ ചിത്രങ്ങളിലാണ് ഇതിനുമുൻപ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് ഒന്നിച്ചത്. ഖട്ടാ മീഠാ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2010ൽ പുറത്തിറങ്ങിയ ചിത്രം വെള്ളാനകളുടെ നാട് എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.