ജയിലർ റിലീസിന്​ കാത്തിരിക്കെ രജനികാന്ത്​ തീർഥയാത്ര പുറപ്പെട്ടു; തീയറ്ററുകൾ പൂരപ്പറപ്പാകുമ്പോൾ താരം ധ്യാനമഗ്നനാകും

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' വ്യാഴാഴ്​ച്ച റിലീസിനൊരുങ്ങുകയാണ്​. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ്​ ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ്​ വിവരം.

ബുധനാഴ്​ച്ച അതിരാവിലെതന്നെ രജനി തന്‍റെ ഹിമാലയ യാത്രക്ക്​ പുറപ്പെട്ടിരിക്കുകയാണ്​. തന്‍റെ സിനമാ റിലീസുകൾക്കുമുമ്പ്​ ഹിമാലയ യാത്ര നടത്തുക താരത്തിന്​ പതിവുള്ളതാണ്​. കോവിഡ്​ കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്​. നാല്​ വർഷത്തിനുശേഷമാണ്​ ഹിമാലയത്തിലേക്ക്​ താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി മറുപടി നല്‍കിയത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. കേരളത്തിൽ 300ൽ അധികം തിയറ്ററുകളിലാണ് ജയിലർ റിലീസ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ മികച്ച ഓപ്പണിങ് ബുക്കിങ്ങുകളാണ് തിയറ്ററുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട തിയറ്ററുകളിൽ എല്ലാം തന്നെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

രജനിക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Tags:    
News Summary - Rajinikanth heads to Himalayas ahead of Jailer release, has a message for his fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.