ന്യൂഡൽഹി: തലക്കെട്ടുകളിൽ ഇടമില്ലാത്ത ഒരു ദിവസത്തെ ഭയപ്പെടുന്നതിനാലാണ് കങ്കണ റണാവത്ത് മര്യാദ ലംഘിച്ച് സംസാരിക്കുന്നതെന്ന അഭിപ്രായവുമായി പ്രമുഖ നടിയും സാമൂഹിക പ്രവർത്തകയുമായ ശബാന ആസ്മി.
സിനിമ വ്യവസായത്തെ 'തീവ്രവാദികളിൽ നിന്നും' കഴിവുള്ള കലാകാരൻമാരെ ചൂഷണം ചെയ്യുന്ന ലഹരി മാഫിയകളിൽ നിന്നും രക്ഷിക്കണമെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ശബാന പ്രതികരിച്ചത്. തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കാനായി വിവാദ പരാമർശങ്ങൾ നടത്തുന്നതിന് പകരം കങ്കണ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ ഉപദേശിച്ചു.
'സ്വന്തം മിത്തുകളെയാണ് കങ്കണ വിശ്വസിക്കുന്നത്. സിനിമ വ്യവസായത്തെ ഫെമിനിസം, ദേശീയത എന്നിവ എന്താണെന്ന് പഠിപ്പിച്ചുവെന്ന് അവൾ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാനില്ലാത്തുകൊണ്ട് അവൾ അത് ഉച്ഛരിച്ചുവെന്നതിൽ സന്തോഷം. തലക്കെട്ടുകളിൽ ഇടമില്ലാത്ത ഒരു ദിവസത്തെ അവൾ ഭയപ്പെടുന്നു. അതിനാലാണ് ഇത്തരം മര്യാദയില്ലാത്ത പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടം പിടിക്കുന്നത്. പാവം കുട്ടി, തനിക്ക് നന്നായി അറിയാവുന്ന അഭിനയത്തിൽ ശ്രദ്ധിച്ചാൽ പോരെ' -ശബാന പറഞ്ഞു.
സിനിമ വ്യവസായത്തിന് അതിേൻറതായ പ്രശ്നങ്ങളും കുറവുകളും ഉണ്ട് എന്നാൽ ഒരേ ത്രാസ് കൊണ്ട് എല്ലാം അളക്കാൻ ശ്രമിക്കരുതെന്ന് അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് സിനിമ മേഖലക്കെതിരെയുള്ള ആേരാപണങ്ങളെന്ന് ശബാന വ്യക്തമാക്കി.
ബോളിവുഡിലെ സ്വജനപക്ഷപാതത്തിനും ലഹരി ഉപയോഗത്തിനുമെതിരെ ശബ്ദം ഉയർത്തിയാണ് കങ്കണ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്നത്. മുതിർന്ന നടി ജയ ബച്ചനെതിരെ കങ്കണ നടത്തിയ പരാമർശം വിവാദമായിരുന്നു. സുശാന്ത് സിങ് രാജ്പത്ത് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനെതിരെയും ശിവസേനക്കെതിരെയും കൊമ്പ് കോർക്കുകയും ചെയ്തു.
നേരത്തെ ശബാന ആസ്മിയെ കങ്കണ 'രാജ്യദ്രോഹി'യെന്ന് വിശേഷിപ്പിച്ചിരുന്നു. ഋത്വിക് റോഷനുമായി ബന്ധപ്പെട്ട വിവാദ സമയത്ത് ശബാനയുടെ ഭർത്താവ് ജാവേദ് അക്തർ കങ്കണയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിരട്ടുകയും ഋത്വിക്കിനോട് മാപ്പ് പറയാൻ വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി മാനേജർ കൂടിയായ സഹോദരി രംഗോലി ചന്ദേൽ ആേരാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.