ന്യൂഡൽഹി: കോവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലായിരുന്നു. ഇതിനിടെ 'ഡാൻസ് ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ അതിഥിയായെത്തി മത്സരാർഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകൾ ഏറ്റെടുത്ത് നടൻ സോനു സൂദ് വീണ്ടും കൈയ്യടി നേടുകയാണ്.
മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തിൽ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാർഥിയാണ് ലോക്ഡൗണിനെത്തുടർന്ന് തന്‍റെ ഗ്രാമീണർ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കാര്യം വിശദീകരിച്ചത്.
ലോക്ഡൗൺ അവസാനിച്ച് കാര്യങ്ങൾ സാധാരണഗതിയിലാകുന്നത് വരെ മുഴുവൻ ഗ്രാമത്തിന്‍റെയും ഭക്ഷണത്തിന്‍റെ ചെലവുകൾ താൻ വഹിക്കാമെന്ന് ഉടനെ തന്നെ നടൻ അറിയിക്കുകയായിരുന്നു.
'ഉദയ്, നിങ്ങളുടെ ഗ്രാമത്തിലുള്ളവരോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക്ഡൗൺ അത് ഒരു മാസം അല്ലെങ്കിൽ രണ്ട് മാസം അല്ലെങ്കിൽ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമം മുഴുവൻ റേഷൻ ലഭിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ലോക്ഡൗൺ എത്രനാൾ തുടർന്നാലും പരിഭ്രമിക്കരുതെന്ന് അവരോട് പറയുക. ലോക്ഡൗൺ എത്ര നാൾ നീണ്ടാലും ആർക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ല' -സോനു സൂദ് പറഞ്ഞു.
കോവിഡ് ഒന്നാം തരംഗ സമയത്ത് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താൻ സഹായിച്ചാണ് സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തിൽ നായകനായത്. രണ്ടാം തരംഗത്തിന്‍റെ സമയത്തും കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും മറ്റും നൽകി സേവനരംഗത്ത് കർമനിരതനായി താരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.