ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സ്ത്രീ 2. 2018 ൽ പുറത്തിങ്ങിയ ഹൊറർ-കോമഡി ചിത്രമായ സ്ത്രീയുടെ രണ്ടാംഭാഗമാണിത്. ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം 644 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. മൂന്നാം വാരവും സ്ത്രീ 2 തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.
സ്ത്രീ 2 ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടുമ്പോൾ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ചർച്ചയാവുകയാണ്. ഇക്കണോമിക് ടൈംസാണ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുന്നത്. ശ്രദ്ധ കപർ, രാജ്കുമാർ റാവു എന്നിവർക്കൊപ്പം പങ്കജ് ത്രിപാഠി,അപാർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ കപൂറിന്റെ പ്രതിഫലം അഞ്ച് കോടിയാണെന്നാണ് റിപ്പോർട്ട്. ശ്രദ്ധയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വിക്കി എന്ന കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്. ആറ് കോടി രൂപയാണ് നടന്റെ പ്രതിഫലം.രുദ്രയായി എത്തിയ പങ്കജ് ത്രിപാഠിയുടെ പ്രതിഫലം മൂന്ന് കോടിയാണ്.
ആദ്യഭാഗത്തിലേത് പോലെ ബിട്ടു, ജന എന്നീ കഥാപാത്രങ്ങളെയാണ് അപാർശക്തി ഖുറാനയും അഭിഷേക് ബാനർജിയും അവതരിപ്പിച്ചിരിക്കുന്നത്. അപാർശക്തിക്ക് 70 ലക്ഷം രൂപയും അഭിഷേക് ബാനർജി 55 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിത്രത്തിൽ കാമിയോ റോളിൽ വരുൺ ധവാനും എത്തിയിട്ടുണ്ട്. നടന്റെ പ്രതിഫലം രണ്ട് കോടിയാണെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്. ചിത്രത്തിനായി ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റിയത് രാജ്‌കുമാർ റാവുവാണ്.
അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.