ശ്രീജിത്ത്​ രവി അഭിനയിച്ച സിനിമ റിലീസിന്​ തിയറ്ററുകാർ തയാറാവുന്നില്ലെന്ന്​ സംവിധായകൻ

തൃശൂർ: പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിന്​ തിയറ്ററുകാർ തയാറാവുന്നില്ലെന്ന് 'ലാ ടൊമാറ്റിന' സിനിമയുടെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്. സിനിമയിലെ രണ്ട്​ നായകന്മാരില്‍ ഒരാൾ ശ്രീജിത്ത് രവിയാണ്​. കേസ്​ ഒ.ടി.ടി റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ ഭാവി പ്രതിസന്ധിയിലാണെന്നും സജീവന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീജിത്ത് കേസില്‍പ്പെടുന്നതിന്​ മാസങ്ങള്‍ക്ക് മുമ്പ്​ ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്​. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനം നടന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം അത്​ മൂന്ന് മാസത്തോളം മുടങ്ങി. തടസ്സം പരിഹരിച്ച് റിലീസ്​ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് കേസ് വന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്ന്​ സംവിധായകന്‍ ചോദിച്ചു.

സിനിമയിലെ കഥാപാത്രവും കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തുകയാണ്​. സിനിമയെന്ന മാധ്യമത്തിന്‍റെ ശക്തിയാണത്. എന്നാല്‍ അതിന്​ ഇരയാകുന്നത് നിര്‍മാതാവാണെന്നും സജീവൻ പറഞ്ഞു. ശ്രീജിത്ത് രവിക്ക്​ മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.

ഷൂട്ടിങ് സമയത്ത് തങ്ങള്‍ക്ക് അത്​ അറിയില്ലായിരുന്നു. ഒറ്റക്ക് വാഹനമോടിച്ച്​ ഇറങ്ങാറില്ല. ഒരു അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ടാക്‌സി ഏര്‍പ്പാടാക്കണമെന്നാണ് ശ്രീജിത്ത് രവി ആവശ്യപ്പെട്ടിരുന്നത്​. അത്​ ചെയ്തിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

Tags:    
News Summary - theaters not ready for the release of the movie starring Sreejith Ravi says director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.