ന്യൂഡൽഹി: ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി കജോൾ. ‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു.
‘ദി ട്രയൽ’ എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ. ഷോയുടെ സംവിധായകൻ സുപർണ് വർമയും നടൻ ജിഷു സെൻഗുപ്തയും ഒപ്പമുണ്ടായിരുന്നു.
അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അഭിനയമാണ് തന്റെ ഇടവേളയെന്നും ഷൂട്ടിങ്ങും തമാശയുമായി ആസ്വദിക്കുകയാണെന്നും നടി പ്രതികരിച്ചു. ‘രണ്ട് വർഷമായി ഞാൻ സിനിമ ചെയ്യുന്നില്ലെങ്കിൽ അതിനർഥം ഞാൻ പ്രവർത്തിക്കുന്നില്ല എന്നല്ല. അല്ലെങ്കിൽ എന്റെ രണ്ട് വർഷം നഷ്ടമായി എന്നുമല്ല. ഇടവേള എന്നൊന്നില്ല. തിരിച്ചുവരലുകളിലും ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ജോലിയിൽ തിരിച്ചെത്തുമ്പോൾ അതാണ് എന്റെ യഥാർഥ ഇടവേള. ഞാൻ ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യുന്നു’ -കജോൾ പറഞ്ഞു.
റോബർട്ട് കിങ്ങിന്റെയും മിഷേൽ കിങ്ങിന്റെയും ’ദി ഗുഡ് വൈഫ്’ എന്ന പരമ്പരയുടെ അനുകരണമാണ് ’ദി ട്രയൽ’. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലാണ് പരമ്പര സംപ്രേഷണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.