കാണ്ഡഹാർ വിമാനറാഞ്ചൽ വിഷയമായി പുറത്തിറങ്ങിയ വെബ് സീരീസ് വിവാദം പടരുന്നു. സംഭവത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ ഉള്ളടക്ക മേധാവിയെ കേന്ദ്ര സർക്കാർ വിളിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. ഇന്ന് ഹാജരാകാനാണ് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം.
'ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിലെ കഥാപാത്രങ്ങൾക്ക് നൽകിയ പേരിനെ ചൊല്ലി സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ വിമർശനമുയർത്തിയിരുന്നു. സീരീസിൽ വിമാനം റാഞ്ചിയ അഞ്ചു ഭീകരർക്ക് രഹസ്യനാമങ്ങളാണ് നൽകിയിരുന്നത്. ഇവരുടെ മുസ്ലിം പേരുകൾ ബോധപൂർവം ഒളിപ്പിച്ചെന്നാണ് ബി.ജെ.പി ആരോപണം. പാർട്ടി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി. ‘ഹിന്ദുക്കളാണ് വിമാന റാഞ്ചലിനു പിന്നിലെന്നു ജനങ്ങൾ തെറ്റിദ്ധരിക്കുമെന്നും മുസ്ലിംകളായ പാകിസ്താൻ ഭീകരന്മാരെ വെള്ളപൂശൽ ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്നു’മാണ് മാളവ്യ ആരോപിച്ചത്.
1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ഐ.സി 814: ദി കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് ആഗസ്റ്റ് 29നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ബോളിവുഡ് താരം വിജയ് വർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പാകിസ്താൻ ഭീകരരായ ഇബ്രാഹിം അത്ഹർ, ഷാഹിദ് അക്തർ, സണ്ണി അഹ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവർ ചേർന്നാണ് വിമാനം റാഞ്ചിയത്. വെബ് സീരീസിൽ ബോല, ശങ്കർ, ഡോക്ടർ, ബർഗർ, ചീഫ് എന്നിങ്ങനെ ഇവരുടെ രഹസ്യനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
വിമാനം റാഞ്ചിയ ഭീകരവാദികൾ പരസ്പരം വിളിച്ചിരുന്ന രഹസ്യനാമങ്ങളാണ് വെബ് സീരീസിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ വിശദീകരിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം വെബ്സൈറ്റിലെ സ്ക്രീൻഷോട്ടും സുബൈർ പങ്കുെവച്ചു. വിമാനം റാഞ്ചിയവരുടെ പേരുമായി ബന്ധപ്പെട്ട് കൃത്യമായ ഗവേഷണം നടത്തിയിട്ടുണ്ടെന്ന് വെബ് സീരീസിലെ കാസ്റ്റിങ് ഡറെക്ടർ മുകേഷ് ഛബ്രയും പറഞ്ഞു.
വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ ദേവിശരണും ശ്രിഞ്ജോയ് ചൗധരിയും ചേർന്നു രചിച്ച 'ഫ്ലൈറ്റ് ഇൻടു ഫിയർ' എന്ന പുസ്തകം ആധാരമാക്കിയാണ് അനുഭവ് സിൻഹ വെബ് സീരീസ് ഒരുക്കിയത്. വിജയ് വർമക്കു പുറമെ നസീറുദ്ദീൻ ഷാഹ്, പങ്കജ് കപൂർ, അരവിന്ദ് സ്വാമി, ദിയ മിർസ, പൂജ ഗോർ, പത്രലേഖ, അമൃത പുരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എന്നാൽ, കശ്മീർ ഫയൽസ് പോലുള്ള സിനിമകളെ സുവിശേഷ സത്യമായി സ്വീകരിച്ചവർ വെബ് സീരീസിൽ സംഭവങ്ങളെ അവതരിപ്പിച്ചതിനെ ചൊല്ലി അരിശം കൊള്ളുന്നത് തമാശയാണെന്ന് ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.