ഇന്ദുജ പ്രകാശൻ ഐകോണിക് ഫാഷൻ വീക്കിലെ പ്ലസ് സൈസ് ഫാഷൻ ഷോ വിജയിയായപ്പോൾ

ഇന്ദുജ fashion plus

തടിയുടെ പേരിൽ കളിയാക്കിയവരെ കൊണ്ട് ആ തടിയുടെ പേരിൽ തന്നെ കൈയടിപ്പിച്ചു. ഇന്നവൾ കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷൻ ഷോയിലെ വിജയിയാണ്. ഇന്ദുജയുടെ കഥയാണിത്...

‘‘ഡീ തടിച്ചീ... എടീ ആനക്കുട്ടീ.. വീപ്പക്കുറ്റീ.. ചക്കപ്പോത്തേ... ഒരു അണ്ടാവല്ലേ നടന്നുവരുന്നത്...’’ സ്നേഹം കൊണ്ടെന്നു പുറമേക്കു പറയുമെങ്കിലും പരിഹാസത്തിന്റെയും അധിക്ഷേപത്തിന്റെയും ചുവ കലർന്ന ഈ ‘ഓമനവിളികൾ’ ഓർമവെച്ച കാലം മുതൽ കുറെ കേട്ടിട്ടുണ്ട് ഇന്ദുജ പ്രകാശൻ എന്ന െപൺകുട്ടി. അപ്പോഴൊക്കെയും ഹൃദയം നീറിപ്പിടഞ്ഞു കരഞ്ഞിട്ടുമുണ്ടവൾ. സ്ഥിരമായി കേൾക്കുന്ന ബോഡി ഷെയിമിങ് വാക്കുകൾ കേട്ട് ബാല്യത്തിലും കൗമാരത്തിലുമെല്ലാം തളർന്നിരുന്ന ഇന്ദുജ പിന്നീടെപ്പോഴോ ആ പരിഹാസങ്ങൾക്കു ചെവികൊടുക്കാതെയായി, അല്ലെങ്കിൽ ആ പരിഹാസത്തിൽനിന്ന് ഊർജമുൾക്കൊണ്ട് പുതിയൊരു ജീവിതരീതിയിലേക്ക് സ്വയം പറിച്ചുനട്ടു.

അന്നുമിന്നും ദിനേന ഒരിക്കലെങ്കിലും കേൾക്കുന്ന അധിക്ഷേപങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളഞ്ഞു. അങ്ങനെയവൾ തടിയുള്ളവളായിത്തന്നെ ഈ ലോകത്ത് തലയുയർത്തിനിന്നു, തന്റെ സ്വപ്നങ്ങളിലേക്ക് നടന്നടുത്തു. തടിയുടെ പേരിൽ കളിയാക്കിയവരെ കൊണ്ട് ആ തടിയുടെ പേരിൽ തന്നെ കൈയടിപ്പിച്ചു. ഇന്നവൾ കേരളത്തിലെ ആദ്യ പ്ലസ് സൈസ് ഫാഷൻ ഷോയിലെ വിജയിയാണ്. മോഡലും അഭിനേത്രിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമാണ്. അമിതവണ്ണത്തിന്റെ പേരിൽ അപകർഷബോധമനുഭവിക്കുന്ന, വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ പോലും പേടിക്കുന്ന നിരവധി വ്യക്തികൾക്ക് പ്രചോദനത്തിന്റെയും പോസിറ്റിവ് ഊർജത്തിന്റെയും ഉറവിടമാണ് ഈ പെൺകുട്ടി.

ഇന്ദുജയുടെ കഥയറിയണ്ടേ?

സ്കൂൾ കാലത്തൊന്നും അധികം കൂട്ടുകാരുണ്ടായിരുന്നില്ല, ഉള്ളവർതന്നെ അധികം സംസാരിക്കുകയുമില്ല. കൗമാരപ്രായത്തിലാണ് ശരീരത്തിന് വണ്ണം കൂടാൻ തുടങ്ങിയതെന്ന് അവൾ ഓർക്കുന്നു. തൈറോയ്ഡ്, ക്രമരഹിതമായ ആർത്തവം, ഹോർമോണൽ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യകാരണങ്ങളായിരുന്നു പിന്നിൽ. എന്നാൽ തന്റേതല്ലാത്ത കാരണത്താൽ മറ്റുള്ളവരിൽനിന്ന് കുത്തുവാക്കുകളും ബോഡി ഷെയിമിങ്ങും അവളേറെ നേരിട്ടു. വേദനയുടെയും കണ്ണുനീരിന്റെയും നാളുകളായിരുന്നു അത്.

തടികുറക്കാനായി പട്ടിണികിടക്കുകയും മറ്റും ചെയ്തെങ്കിലും അതൊക്കെ വെറും പൊട്ടത്തരമായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഹോർമോണിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് തടി കൂട്ടുന്നതും കുറക്കുന്നതും. 135 കിലോ വരെ എത്തിയിരുന്ന തനിക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ കുറയുമ്പോൾ അതിനനുസരിച്ച് വണ്ണവും കുറയാറുണ്ടെന്ന് ‍ഇന്ദുജ പറയുന്നു. ‘’86 കിലോയിൽ വരെ എത്തിനിന്നിട്ടുണ്ട്. കണ്ടതൊക്കെ വലിച്ചുവാരി തിന്നതുകൊണ്ടാണ് തടി ഇങ്ങനെയിരിക്കുന്നതെന്ന് ചിന്തിക്കുന്ന ഒരുപാടുപേർ ചുറ്റിലുമുണ്ട്. അതല്ല സത്യം, എന്തു തിന്നാലും തിന്നാതിരുന്നാലും ഹോർമോൺ പ്രശ്നങ്ങളുള്ളിടത്തോളം കാലം ഇങ്ങനെത്തന്നെയായിരിക്കും’’. തന്റെ വണ്ണത്തിനു പിന്നിലെ മിഥ്യാധാരണകളെ തിരുത്തുകയാണവൾ. ആദ്യമൊക്കെ സ്വന്തം ഫോട്ടോ ഇടാൻ മടിച്ചിരുന്ന ഇന്ദുജ കൂട്ടുകാർക്കൊപ്പം പിറകിൽനിന്ന് തന്റെ തലമാത്രം കാണുംവിധത്തിലുള്ള ഫോട്ടോകൾ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.

ആ വാക്കുകൾ ഏറെ തളർത്തി..

ശരീരപ്രകൃതംമൂലം ജീവിതത്തിൽ വിഷമിച്ച സന്ദർഭങ്ങൾ ഒരുപാടുണ്ട് ഇന്ദുജക്ക് പറയാൻ. അതിലൊന്നാണ് താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഡാൻസ് കൗമാരപ്രായത്തിലേ ഉപേക്ഷിക്കേണ്ടിവന്നത്. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും മൂന്നാം വയസ്സുമുതൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു അവൾ. ഒരോണക്കാലത്ത് നാട്ടിലെ പരിപാടിക്ക് നൃത്തം ചെയ്യുന്നതിനിടെ കാണികളിൽ ചിലർ തടിയെക്കുറിച്ച് പരിഹസിച്ചു ചിരിച്ചതുകണ്ട ഇന്ദുജയുടെ അമ്മ, അതോടെ മകളുടെ നൃത്തത്തിന് താൽക്കാലികമായെങ്കിലും ഫുൾസ്റ്റോപ്പിട്ടു. മകൾക്കുനേരെയുള്ള പരിഹാസത്തിൽ മാനസികമായി തളർന്നത് അമ്മയാണ്. ഇനി നീ ഡാൻസ് കളിക്കണ്ട, കളിക്കുന്നുണ്ടെങ്കിൽ തടി കുറച്ചിട്ട് കളിച്ചോ എന്നായിരുന്നു അമ്മയുടെ നിർദേശം. എന്തായിരുന്നു അമ്മയുടെ തീരുമാനത്തിനു പിന്നിലെന്ന് അന്നത്തെ ആ കൗമാരക്കാരിക്ക് അറിയില്ലായിരുന്നു. ഇന്ന് ഇഷ്ടപ്പെട്ട പാട്ടിന് ഇഷ്ടമുള്ള സ്റ്റെപ്പിട്ട് ഡാൻസ് കളിക്കാനും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനും ഇന്ദുജക്ക് മടിയേതുമില്ല.

താൻ പ്ലസ് സൈസ് മോഡലിങ്ങിലേക്ക് തിരിയുന്നതിനെക്കുറിച്ച് ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇന്ദുജയുടെ ജീവിതത്തിലെ ഏറ്റവും വലിയ ബോഡിഷെയിമിങ് അനുഭവം. ഈ ടയറുപോലിരിക്കുന്ന നീ മോഡലിങ്ങിലേക്കോ എന്ന ചോദ്യമായിരുന്നു സുഹൃത്തിന്റെ മറുപടി. ഏതോ വിദേശ പ്ലസ് സൈസ് മോഡലിന്റെ ചിത്രം ഗൂഗിളിൽ കാണിച്ച് ഇതുപോലിരിക്കണം പ്ലസ് സൈസ് മോഡലുകളെന്നും നിന്റേത് ശീമത്തടിയാണെന്നുമൊക്കെ പറഞ്ഞ് ഇന്ദുജയെ അപമാനത്തിന്റെ അങ്ങേയറ്റത്തെത്തിക്കുകയായിരുന്നു. ഈ തടിയും വെച്ച് നിനക്ക് റാംപിൽ കയറാൻ പറ്റുമോ എന്ന ചോദ്യം വരെ അവൾക്കു കേൾക്കേണ്ടി വന്നു. പ്ലസ് സൈസ് മോഡലാവണമെന്ന നിശ്ചയദാർഢ്യത്തിനൊപ്പം അന്നു ചോദിച്ച ആ ചോദ്യങ്ങൾക്കും ആ അപമാനത്തിനുമുള്ള മറുപടി കൂടിയാണ് താൻ ദിവസങ്ങൾക്കു മുമ്പ് ശിരസ്സിലണിഞ്ഞ കിരീടമെന്ന് ഇന്ദുജ ഒരു ചെറുചിരിയോടെ പറയുന്നു. കളമശ്ശേരി പോളിെടക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് ചേർന്നപ്പോൾ കിട്ടിയ സുഹൃത്തുക്കളാണ് ഇന്ദുജയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

വണ്ണത്തെ കുറിച്ചുള്ള പരിഹാസമൊക്കെ അവഗണിക്കാനും സ്വന്തം നിലക്ക് ജീവിക്കാനും പ്രേരണയും പ്രചോദനവും പകർന്നു തന്നത് കോളജിലെയും പുറത്തെയും സുഹൃത്തുക്കളാണ്. തടി കുറക്കാനും സ്വയം ഒതുങ്ങിക്കൂടാനും നോക്കാതെ ഈ തടി കൊണ്ടുതന്നെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാനുള്ള ആത്മവിശ്വാസം പകർന്നുതന്നതും ആത്മമിത്രങ്ങൾ തന്നെ.. ഇന്ദുജക്ക് ജീവിതത്തിൽ ഏറ്റവുമധികം പിന്തുണയും കരുതലും നൽകിയത് അമ്മ ഗീതയും ചേച്ചി സിന്ധുവുമാണ്. മറ്റുള്ളവർ കളിയാക്കുമ്പോഴൊക്കെ അമ്മയും ചേച്ചിയുമാണ് പ്രതിരോധിച്ചിരുന്നത്. ആദ്യമൊക്കെ അവർക്കും നല്ല വിഷമമുണ്ടായിരുന്നു, പിന്നെ മറ്റുള്ളവർ പറഞ്ഞാൽ ഗൗനിക്കാതെയായി. എന്നാൽ, കളിയാക്കലുകളെയെല്ലാം കളിയായി വിടാനും ഇന്ദുജക്ക് ഉദ്ദേശ്യമില്ല. ബോഡിഷെയിമിങ്ങിന് അപരിചിതരെന്നോ അടുപ്പക്കാരെന്നോ വ്യത്യാസമില്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നും പറയാനുള്ളത് മുഖത്തുനോക്കിത്തന്നെ പറയാറുണ്ടെന്നും അവൾ പറയുന്നു.

സിനിമയാണ് സ്വപ്നം

അമിതവണ്ണമെന്ന അപകർഷത‍യിൽനിന്ന് ആത്മവിശ്വാസത്തിന്റെ റാംപിലേക്കുള്ള പടിക്കെട്ടുകൾ അത്ര എളുപ്പത്തിൽ കയറാനാവുമായിരുന്നില്ല ഇന്ദുജക്ക്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കി കുറച്ചുകാലം ജോലി ചെയ്തെങ്കിലും ഇതല്ല തന്റെ വഴിയെന്ന് അന്നേ മനസ്സു പറയുന്നുണ്ടായിരുന്നു. സിനിമ, നൃത്തം, മോഡലിങ് തുടങ്ങിയ സ്വപ്നങ്ങൾ ഉള്ളിലുറങ്ങിക്കിടപ്പുമുണ്ടായിരുന്നു. മോഡലിങ് ഫോട്ടോഷൂട്ടിനായി പലരെയും സമീപിച്ചെങ്കിലും ആദ്യമൊക്കെ പലരും നിരുത്സാഹപ്പെടുത്തി, കുറച്ചൂടെ വണ്ണം കുറച്ച് സുന്ദരിയായി വരൂ എന്നായിരുന്നു എല്ലാവരുടെയും മറുപടി. പിന്നീട് കോവിഡ് കാലത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ഹെയർസ്റ്റൈലിസ്റ്റുമായ ജസീന കടവിൽ നടത്തിയ മേക്ഓവർ ഫോട്ടോഷൂട്ടിലൂടെയായിരുന്നു ഇന്ദുജയുടെ തുടക്കം.

ജോർജ് മരട് എന്ന ഫോട്ടോഗ്രാഫറായിരുന്നു അവളുടെ ചിത്രങ്ങൾ പകർത്തിയത്. ആ ഫോട്ടോഷൂട്ട് ഇന്ദുജയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. അതിലൂടെയായിരുന്നു മോഡലിങ് രംഗത്തേക്കുള്ള ചുവടുവെപ്പ്. അങ്ങനെയാണ് അടുത്ത സുഹൃത്തായ ജിൻസി ബോബു എസ് ആർ ഫാഷൻ ഇവൻറ്സ് സംഘടിപ്പിച്ച ഐകോണിക് ഫാഷൻ വീക്കിനെ കുറിച്ചും അതിലെ പ്ലസ് സൈസ് ഫാഷൻ ഷോയെ കുറിച്ചും ഇന്ദുജയോട് പറഞ്ഞതും അതിൽ നിർബന്ധമായും പങ്കെടുപ്പിച്ചതും. ഇന്ദുജക്ക് സൗജന്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത അസ്മീർ ഡിസൈൻസ് എന്ന സംരംഭം നടത്തുന്ന ആസിയ സമീർ ഉൾപ്പെടെ നിരവധി പേർ ഷോയിൽ പങ്കെടുക്കാൻ ഊർജം പകർന്നു. ദിവസങ്ങൾക്കു മുമ്പായിരുന്നു വണ്ണമുണ്ടെങ്കിലെന്താ ക്യാറ്റ് വാക്ക് ചെയ്തൂടേ എന്ന മനോഭാവത്തോടെ റാംപിൽ ചുവടുവെച്ചു വിജയം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ എറണാകുളം സ്വദേശിയായ രഞ്ജുവുമായി ഇന്ദുജയുടെ വിവാഹനിശ്ചയവും നടന്നു. ഇതിനിടെ തൊട്ടപ്പൻ, വികൃതി എന്നീ സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്യാനും വിവിധ ഹൃസ്വചിത്രങ്ങൾ, വെബ് സീരിസ് എന്നിവയിൽ അഭിനയിക്കാനും അവസരം ലഭിച്ചു. ആത്യന്തികമായി സിനിമ തന്നെയാണ് ഇന്ദുജയുടെ സ്വപ്നം. മികച്ച കഥാപാത്രങ്ങൾ ചെയ്യണം, ശാരീരികമായ പ്രത്യേകതകൾ കാരണം അപകർഷബോധം നേരിടുന്നവർക്ക് ആഗ്രഹിച്ചതു നേടിയെടുക്കാൻ പ്രചോദനമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ. ‘‘നമ്മൾ സ്വയം തളരുകയല്ലാതെ നമ്മളെ തളർത്താൻ ആരെയും അനുവദിക്കരുത്, എല്ലാവരും ഏതെങ്കിലുമൊരു വിധത്തിൽ യുനീക് ആണ്. നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പുറത്തെടുക്കുകയും സ്വയം സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുക, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുക...’’ ബോഡിഷെയിമിങ്ങിനിരയാകുന്നവരോട് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ദുജക്ക് പറയാനുള്ളത് ഇതൊക്കെയാണ്.

Tags:    
News Summary - Induja fashion plus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.