തിരുവനന്തപുരം: ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തുന്ന അഭയാർഥികളായ പെൺകുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന 'ടോറി ആൻഡ് ലോകിത' ഡിസംബർ ഒമ്പതിന് തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്. ഡിസംബർ ഒമ്പതിന് ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം നിശാഗന്ധി തിയറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.
മേളയുടെ പാസ് വിതരണത്തിനായി മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരിവിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് നടൻ ഗോകുൽ സുരേഷിന് മന്ത്രി എം.ബി. രാജേഷ് കൈമാറി. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് അധ്യക്ഷതവഹിച്ചു.
സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹന്‍കുമാര്‍, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ, അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് പാസ് വിതരണം ആരംഭിക്കും. പ്രതിനിധികൾ തിരിച്ചറിയൽ കാർഡുമായെത്തി ഏറ്റുവാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.