പള്ളിക്കര: പുകയില്‍ ശ്വാസം മുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരത്തെയും ജനങ്ങള്‍ക്ക് വൈദ്യസഹായമേകി സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും കൈകോർത്താണ് പരിശോധനക്ക് തുടക്കം കുറിച്ചത്.
പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലൂടെ മരുന്നും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെ സജ്ജീകരണങ്ങളുമായാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റിന്റെ പര്യടനം. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിൽ നഴ്സും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്നതാണ് മെഡിക്കൽ സംഘം.മരുന്നുകളും, ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഒപ്പം പുകയില്‍നിന്ന് സംരക്ഷണം നല്കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്കുകളും സൗജന്യമായി നല്‍കിയാണ് ഇവർ ഓരോ വീടും കയറുന്നത്.
മെഡിക്കല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സജ്ജമാണെന്ന് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി അറിയിച്ചു.
ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്നാഷനലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മെഡിക്കല്‍ യൂനിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.