കൊച്ചി മെട്രോയില്‍ എ.ആര്‍. റഹ്മാന്‍; ആവേശത്തിൽ ആരാധകർ- വിഡിയോ

മലയാളികള്‍ ഏറെ ആരാധിക്കുന്ന സംഗീതസംവിധായകനാണ് എ ആര്‍ റഹ്മാന്‍. ഇപ്പോഴിതാ കൊച്ചി മെട്രോയില്‍ കയറി ആരാധകര്‍ക്കൊപ്പം യാത്ര  ചെയ്തിരിക്കുകയാണ്. ആടുജീവിതം എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകന്‍ ബ്ലെസ്സിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കൊച്ചി മെട്രോയില്‍ കയറിയത്. കൂടെ സെല്‍ഫി എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും റഹ്മാന്‍ മടിച്ചില്ല. മാര്‍ച്ച്‌ 10-ന് അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റഹ്മാന്‍ നേരത്തെ വെബ്സൈറ്റ് ലോഞ്ച് വേളയില്‍ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 28-ന് ആടുജീവിതം തിയറ്ററുകളിലെത്തും.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.


Full View


Tags:    
News Summary - A. R Rahman In Kochi Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.