ഗുരുവായൂര്‍/തൃശൂർ: താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പാലക്കാട് നെന്മാറ സ്വദേശി നവനീത് ഗിരീഷാണ് വരന്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. രാവിലെ ആറോടെയാണ് വിവാഹസംഘം ക്ഷേത്രസന്നിധിയില്‍ താലികെട്ടിനെത്തിയത്.
തമിഴ് ബ്രാഹ്മണ ആചാരപ്രകാരം ജയറാം മകളെ മടിയിലിരുത്തിയ ശേഷം വരന് താലികെട്ടി. ജയറാം -പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ്, നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി, ഭാര്യ രാധിക, നടി അപര്‍ണ ബാലമുരളി എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആരാധകരുടെ തിരക്കു കാരണം പൊലീസ് കനത്ത സുരക്ഷക്രമീകരണമൊരുക്കിയിരുന്നു.
തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിലൊരുക്കിയ വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഗോകുലം ഗോപാലൻ, കല്യാൺ ജ്വല്ലേഴ്സ് എം.ഡി ടി.എസ്. കല്യാണരാമൻ, നടന്മാരായ മോഹൻലാൽ, ദിലീപ്, ഭാര്യ കാവ്യ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, നടൻ ധർമജൻ ബോൾഗാട്ടി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.