ചെന്നൈ: 'കടവുളേ..അജിത്തേ' എന്ന വിളി തന്നെ വല്ലാതെ അലോസരപ്പെടുത്തുവെന്നും ഇനി ആ വിളി വേണ്ടയെന്നും തമിഴ് സൂപ്പർ താരം അജിത് കുമാർ ആരാധകരോട് അഭ്യർഥിച്ചു. പി.ആർ.ഒ സുരേഷ് ചന്ദ്ര മുഖേന പത്രപ്രസ്താവനയായാണ് അജിത് നിലപാട് വ്യക്തമാക്കിയത്.
അടുത്തിടെയാണ് 'കടവുളേ..അജിത്തേ' വിളി ഏറെ ശ്രദ്ധനേടുന്നത്. സാമൂഹ്യ മാധ്യങ്ങളിൽ നിന്നും ആദ്യം ഉയർന്ന് കേട്ട വിളി അജിത് ആരാധകർ പൊതു ഇടങ്ങളിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരുന്നു. ആരാധക സ്നേഹം അതിരുകടന്നോടെ രൂക്ഷമായ പ്രതികരണവുമായി നടൻ രംഗത്തെത്തുകയായിരുന്നു.
"കുറച്ച് വൈകി, എങ്കിലും ഏറെ അലോസരപ്പെടുത്തുന്ന ഒരു കാര്യം പറയുന്നു. പ്രത്യേകിച്ചും, കെ....', 'അജിത്തേ' എന്ന മുദ്രാവാക്യം. വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും എന്റെ പേരിനൊപ്പം പരാമർശിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പൊതു സ്ഥലങ്ങളിൽ ഇങ്ങനെ വിളിക്കുന്നത് ഉടൻ നിർത്തണം" എന്നാണ് അജിത് പ്രസ്താവനയിൽ പറയുന്നത്.
നേരത്തെ 2021 ൽ, തന്നെ 'തല' എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടമുയാർച്ചി' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അജിത്ത്. ഒരു സസ്‌പെൻസ് ത്രില്ലർ എന്ന് പറയുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും. തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.