'നിങ്ങളുടെ വലിയ ആരാധകരാണ് ഞങ്ങളെല്ലാം'; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷെൻ റെക്കോഡെല്ലാം തന്നെ മാറ്റി എഴുതുകയാണ് അല്ലു അർജുൻ നായകനായെത്തിയ സുകുമാർ ചിത്രം 'പുഷ്പ 2 ദി റൂൾ'. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും അതൊന്നും ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുന്നില്ല. ഒരുപാട് സിനിമ താരങ്ങൾ അല്ലു അർജുനെയും ചിത്രത്തെയും അഭിനന്ദിച്ച് രംഗത്തെത്തി‍യിരുന്നു. അക്കൂട്ടത്തിലൊരാളാണ് ഇന്ത്യൻ സിനിമയുടെ ബിഗ്-ബി എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ. അല്ലും എല്ലാവർക്കും പ്രചോദനമാണെന്ന് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.

പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ എന്നായിരുന്നു അല്ലുവിന്‍റെ മറുപടി. എങ്ങനെയാണ് ബച്ചന്‍ തനിക്ക് പ്രചോദനമായത് എന്ന് അല്ലു വിശദീകരിക്കുന്ന ഭാഗം പങ്കുവെച്ച് കൊണ്ടാണ് ബച്ചൻ എക്സിൽ മറുപടി നൽകുന്നത്.

'അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാർത്ഥനകളും ആശംസകളും', എന്നാണ് ബിഗ് ബി എക്സിൽ കുറിച്ചത്.


അമിതാഭ് ബച്ചന്‍റെ ഈ വാക്കുകൾക്ക് അല്ലു അർജുൻ മറുപടി നൽകുന്നുണ്ട്. 'അമിതാഭ് ജി നിങ്ങൾ എന്‍റെ സൂപ്പർഹീറോയാണ്. നിങ്ങളിൽ നിന്നും ഈ വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമുണ്ട്. താങ്കളുടെ നല്ല വാക്കുകൾക്കും ഉദാരമായ അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾക്കും നന്ദി,' അല്ലു അർജുൻ കുറിച്ചു.

പുഷ്പയുടെ ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ട്രെൻഡ് സെറ്ററായി മാറിയിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഭാഗം വമ്പൻ റിലീസായിരുന്നു. ആക്ഷൻ പാക്ക്ഡ് മസാല ചിത്രത്തിന് ബോളിവുഡിൽ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ബോളിവുഡിലം പല വമ്പൻ ചിത്രങ്ങളുടെയും കളക്ഷൻ അല്ലു അർജുൻ ചിത്രം വെട്ടിച്ചു.

Tags:    
News Summary - amitabh bachan praises allu arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.