റിയാദ്: ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചന് സൗദി അറേബ്യ ‘ജോയ് അവാർഡ്’ സമ്മാനിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്.
ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ് അവാർഡാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും മറ്റ് കലാകാരന്മാരും കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും വർണശബളവും പ്രൗഢവുമായ അന്തരീക്ഷത്തിൽ അതിന് സാക്ഷ്യം വഹിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ അവാർഡ് നിശ പുരസ്കാര നേട്ടത്തിലേക്ക് വയലറ്റ് പരവതാനി വിരിച്ചത് ബച്ചനൊപ്പം മറ്റ് നാല് പ്രതിഭകൾക്ക് കൂടിയാണ്. ഹൃദ്യവും ഊഷ്മളവുമായ ആദരവിനാൽ സൗദി അറേബ്യ അവരെ അണച്ചുപിടിച്ചു.
സമഗ്ര സംഭാവനക്കുള്ള രണ്ടാമത്തെ പുരസ്കാരം ഏറ്റുവാങ്ങിയത് ഹോളിവുഡ് സംവിധായകൻ മൈക്കിൾ ബേക്കാണ്. ജനപ്രിയ കലാകാരനുള്ള അവാർഡ് സൗദി ഗായകൻ അബ്ദുൽ മജീദ് അബ്ദുല്ല, മികച്ച പുരുഷ കായിക പ്രതിഭക്കുള്ള പുരസ്കാരം മൊറോക്കൻ ഫുട്ബാൾ താരം അഷ്റഫ് ഹാകിമി, ഈ വർഷത്തെ ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്കാരം യു.എസ് കൊളമ്പിയൻ നടി സോഫിയ വെർഗാര എന്നിവർക്കും സമ്മാനിച്ചു.
പ്രശസ്ത ലബനീസ് ഗായിക നൻസി അജ്റാം അവാർഡ് നിശയെ മധുര സംഗീത വീചികളാൽ തഴുകി അവാച്യമായ അനുഭൂതിയിലേക്ക് ഉയർത്തി. ലോകപ്രശസ്ത മാധ്യമപ്രവർത്തക ജോർജിന റോഡ്രിഗ്സ്, തുനീഷ്യൻ നടി ഹെൻഡ് സാബ്രി, ഈജിപ്ഷ്യൻ നടി യുസ്ര, അമേരിക്കൻ നടൻ മെൽ ഗിബ്സൺ എന്നിവരും അവാർഡ് നിശയുടെ തിളക്കമേറ്റാൻ എത്തിയിരുന്നു. സൗദി വിഷൻ 2030ന്‍റെ ലക്ഷ്യങ്ങളിലൊന്നായ ‘ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തൽ’ പരിപാടിയുടെ ഭാഗമാണ് ഈ അവാർഡ് നിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.