പോയവർഷം ഏറെ വിമർശനം ഏറ്റുവാങ്ങിയ ചിത്രമാണ് സന്ദീപ് റെഡ്ഡി വങ്കയുടെ അനിമൽ. 2023 ഡിസംബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പ്രമേയം ഏറെ വിമർശനം സൃഷ്ടിരുന്നെങ്കിലും ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു. വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. 100 കോടി ബജറ്റിലൊരുങ്ങിയ അനിമൽ ഏകദേശം 915.53 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.
അനിമൽ ഇന്ത്യൻ സിനിമലോകത്ത് വൻ ചർച്ചയാകുമ്പോൾ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ജനുവരി 26 ന് നെറ്റ്ഫ്ലിക്സിലാണ് പ്രദർശനത്തിനെത്തുന്നത്. തിയറ്ററുകളിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങൾ ഒ.ടി.ടിയിലുണ്ടാകുമെന്നാണ് വിവരം. മൂന്ന് മണിക്കൂറും 29 മിനിറ്റായിരിക്കും സിനിമയുടെ ദൈർഘ്യം. തിയറ്ററുകളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ ഒ.ടി.ടി പതിപ്പിൽ ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
സംവിധായകൻ സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിമലിലെ നായികയായ രശ്മികയുടെ കഥാപാത്രത്തിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഏറ്റവും മോശം സ്ത്രീ കഥാപാത്രമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് ഈ ചിത്രം നിർമിച്ചത്. രൺബീർ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.