'ഡബ്ല്യു.സി.സിയിൽ അംഗമല്ല. അങ്ങോട്ട് പോകണമെന്ന് തോന്നിയിട്ടുമില്ല' -നടി അൻസിബ

റിയാദ്: 'അമ്മ'യിൽ ആണാധിപത്യ മനോഭാവമില്ലെന്ന് നടിയും 'അമ്മ' വർക്കിങ് കമ്മിറ്റി മെമ്പറുമായ അൻസിബ ഹസ്സൻ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മയിൽ ആൺ-പെൺ വ്യത്യാസമില്ല. ജനാധിപത്യ മാർഗത്തിലാണ് തെരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ആൺകോയ്മ ഇല്ലാത്തത് കൊണ്ടാണല്ലോ ശ്വേതാ മേനോൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ലോകത്താകെ അതല്ല സ്ഥിതി. ഒരു ആണാധിപത്യ മനോഭാവം പരക്കെയുണ്ട്. അതിനിയും ഇല്ലാതായിട്ടില്ല. ഹെൻട്രിക് ഇബ്സന്റെ 'എ ഡോൾസ്‌ ഹൗസ്' എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ നോറ ആണാധിപത്യത്തിന്റെ ഇരയാണ്. ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണ്. ഡബ്ല്യു.സി.സിയിൽ അംഗമല്ല. എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടില്ല. പോകണമെന്ന് എനിക്ക് തോന്നിയിട്ടുമില്ല -അൻസിബ പറഞ്ഞു.

സൗദി കലാസംഘം സംഘടിപ്പിക്കുന്ന 'എസ്.കെ.എസ് റിയാദ് ബീറ്റ്‌സ് 2022' കലോത്സവത്തിൽ പ​ങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അൻസിബ. ആദ്യമായാണ് സൗദി അറേബ്യയിൽ വരുന്നതെന്ന് അവർ പറഞ്ഞു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കും വരെ ഉള്ളിൽ ഭയമുണ്ടായിരുന്നു. കേട്ടറിവനുസരിച്ച് ധരിച്ച വസ്ത്രമോ നിക്കാബ് ഇല്ലാത്തതോ ചോദ്യം ചെയ്യപ്പെടുമെന്ന് കരുതി. ആ ധാരണകളെല്ലാം അസ്ഥാനത്തായിരുന്നെന്നാണ് വിമാനത്താവളത്തിലെ അനുഭവം. ഉദ്യോഗസ്ഥരുടെ സ്വീകരണം ഹൃദ്യമായിരുന്നു. ഹോട്ടലിലേക്കുള്ള യാത്രാമധ്യേ നഗരം കണ്ടു. റോഡുകളും കെട്ടിടങ്ങളും യൂനിവേഴ്സിറ്റികളും മനോഹരമായി രൂപകൽപന ചെയ്തിരിക്കുന്നു. അത് ആശ്ചര്യപ്പെടുത്തിയെന്നും അൻസിബ പറഞ്ഞു.

സൗദി അറേബ്യയിലുള്ള വിവിധ പ്രവിശ്യകളിലുള്ള 200-ൽ പരം കലാകാരന്മാരെ അണിനിരത്തി അരങ്ങേറുന്ന കലോത്സവത്തിൽ മുഖ്യാതിഥിയാണ് അൻസിബ. വെള്ളിയാഴ്ച വൈകീട്ട് നാലിന് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിനടുത്തുള്ള നവറാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. അതിൽ അൻസിബ നാടൻ പാട്ട് പാടും. നൃത്തവും അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് റഹീം തബൂക്ക്, പ്രോഗ്രാം കോഓർഡിനേറ്റർ തങ്കച്ചൻ വർഗീസ്, ട്രഷറർ ഷമീർ കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് ഷബാന അൻഷാദ്, മീഡിയ കോഓർഡിനേറ്റർ അൻഷാദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Ansiba Hassan participated in the art festival of the Saudi Kala Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.