ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയത്, മൂത്തമകളുമായി സംസാരിച്ചിരുന്നു; 'നീലവെളിച്ചം' വിവാദത്തില്‍ വിശദീകരണവുമായി ആഷിഖ് അബു

 സംഗീത സംവിധായകന്‍ ബാബുരാജിന്റെ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പാവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്‍കി കരാറാക്കിയാണ് നീലവെളിച്ചം സിനിമയില്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നീലവെളിച്ചത്തില്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ മറുപടി.

നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ എം എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് 'നീലവെളിച്ചം' സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളതെന്നും ആഷിഖ് അബു പറഞ്ഞു.

ഒപിഎം സിനിമാസിന്റെ ഔദ്യോഗിക പ്രതികരണം

1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ എം എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു.

ഈ അവകാശക്കൈമാറ്റ തുടര്‍ച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടര്‍ന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ പി എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്.(സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളില്‍ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.)

നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ എം എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് 'നീലവെളിച്ചം' സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത്.

ഈ സാഹചര്യത്തില്‍, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ നിരന്തര സമ്പര്‍ക്കങ്ങളിലാണ്. ഈ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ എംഎസ് ജബ്ബാർ മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാർഗവീനിലയത്തിലെ പാട്ടുകൾ ആഷിഖ് അബു സിനിമക്ക് വേണ്ടി റീമിക്‌സ് ചെയ്തതെന്നായിരുന്നു ആരോപണം

ഏപ്രില്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Tags:    
News Summary - Ashiq Abu's About Neelavelicham Movie Song Copyright issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.