കൊച്ചി: സിനിമ പ്രമോഷന് വേണ്ടി അഭിമുഖം നടത്തുന്നതിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായ നടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പൊലീസിന് മുന്നിൽ ഹാജരാവാൻ സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും നാളെ തന്നെഹാജരാകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
അതേസമയം, നിർമാതാക്കളുടെ സംഘടന അവതാരകയെ പരാതിയിൽ നടന്റെ വിശദീകരണം തേടിയേക്കും.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഓൺലൈൻ ചാനൽ അവതാരകയാണ് പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നിലവാരമില്ലാത്ത ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ചാണ് ശ്രീനാഥ് ഭാസി അവതാരകയെ അസഭ്യം പറഞ്ഞത്. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
അതേസമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സംഭവം വിവാദമായതോടെ, ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ഭാസി രംഗത്തെത്തിയിരുന്നു. സ്വകാര്യ ടി.വി ചാനൽ അഭിമുഖത്തിനിടെയായിരുന്നു ക്ഷമാപണം.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ദിവസം 25 അഭിമുഖങ്ങൾ വരെ നൽകേണ്ടി വന്നു. അതിന്റെ മാനസിക സമ്മർദം താങ്ങാനാവാതെ വന്നപ്പോൾ ഉണ്ടായ പ്രതികരണമാണ്. തെറി പറയാൻ പാടില്ലായിരുന്നുവെന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.