ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഓപ്പൺഹൈമർ വൻ പ്രതീക്ഷയാണ് ആരാധകരിൽ ഉണ്ടാക്കിയിട്ടുള്ളത്. സിനിമയിൽ ആറ്റംബോംബിന്‍റെ പിതാവായ ഓപ്പൺഹൈമറെ അവതരിപ്പിക്കുന്നത് നടൻ കിലിയൻ മർഫിയാണ്. തന്‍റെ കഥാപാത്രത്തിനായി നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ഓപ്പൺഹൈമറെ അവതരിപ്പിക്കാൻ മനസിനെ ഒരുക്കിയത് ഭഗവത് ഗീത വായിച്ചാണെന്ന് കിലിയൻ മർഫി പറയുന്നു. ഭൗതികശാസ്ത്രജ്ഞനായ ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ അനുകരിച്ച് താൻ സംസ്കൃതം പഠിച്ചതായും താരം പറഞ്ഞു. ‘ഞാൻ ലോകങ്ങളെ നശിപ്പിക്കുന്ന മരണമായിരിക്കുന്നു’ എന്നതാണ് ഓപ്പൺഹൈമറിന്‍റെ പ്രശസ്തമായ വാക്യം. ഭഗവത് ഗീതയിൽ വിഷ്ണു പറയുന്ന വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സാക്ഷാൽ ഓപ്പൺഹൈമർ ഇതുപറഞ്ഞതെന്നും കിലിയൻ മർഫി പറഞ്ഞു.
‘ഞാൻ സിനിമയ്ക്കായുള്ള തയാറെടുപ്പിനിടെ ഭഗവത് ഗീത വായിച്ചു. അത് വളരെ മനോഹരവും പ്രചോദനം നൽകുന്നതുമാണ്. ഓപ്പൺഹൈമറിന് വേണ്ട സാന്ത്വനവും ആശ്വാസവും ആ പുസ്തകം അദ്ദേഹത്തിന് നൽകി’-കിലിയൻ മർഫി പറഞ്ഞു.
ലോക സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാൻ ഇത്തവണ ഒരു ആറ്റം ബോംബ് കഥയുമായാണ് ക്രിസ്റ്റഫർ നോളന്‍ എത്തുന്നത്. ജൂലൈ 21നാണ് ഓപ്പൺഹൈമറിന്റെ ഇന്ത്യയിലെ റിലീസ്. ഫ്രാഞ്ചൈസികളുള്ള ജനപ്രിയ സിനിമകൾക്ക് മാത്രം പുലർകാല ഷോകൾ ലഭിച്ചിരുന്ന രാജ്യത്ത് ഉയർന്ന പ്രീ ബുക്കിങ് നിരക്ക് കണക്കിലെടുത്ത് മൂന്ന് മണി മുതൽ പ്രധാന നഗരങ്ങളിൽ ചിത്രത്തിന് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.
സിനിമയ്ക്ക് വേണ്ടി ന്യൂക്ലിയർ സ്ഫോടനം യഥാർഥമായി ചിത്രീകരിച്ചെന്നും വിഎഫ്എക്സ് സാധ്യതകൾ ഉപയോഗിച്ചില്ലെന്നും നോളൻ അടുത്തിടെ പറഞ്ഞു. കിലിയൻ മർഫിക്ക് പുറമെ എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.
ഓപ്പൺഹൈമറിന്റെ ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമാണ് ചിത്രം വിവരിക്കുന്നത്.വിഎഫ്എക്സ് രംഗങ്ങള്‍ പൂർണമായും ഒഴിവാക്കിയാണ് ഓപ്പൺഹൈമർ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കുന്ന സിനിമയാണ് ഓപ്പൺഹൈമറെന്ന് നോളൻ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചിത്രീകരിച്ച യഥാർഥ ന്യൂക്ലിയർ സ്ഫോടന രംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഐമാക്സ് കാമറയിലാണ് സിനിമ ഷൂട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.